literatureworld

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

ഷീബ ഇ കെ

ഹൃദയമിടിപ്പ് ചിലപ്പോള്‍ വല്ലാതെ കൂടിപ്പോവുന്നതായി എന്നോടു പറഞ്ഞത് പരിചയക്കാരനായ ഹോമിയോ ഡോക്ടര്‍ ആയിരുന്നു. സ്റ്റെതസ്കോപ്പില്ലാതെത്തന്നെ ഹൃദയമിടിപ്പ് പുറത്തു കേള്ക്കുന്നുണ്ടല്ലോ എന്ന് ഡോക്ടര്‍ തമാശ പറഞ്ഞു. പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല, ഹൃദയം വല്ലാതെ മിടിക്കുന്നത് വല്ലാത്ത സമ്മര്ദ്ദമുണ്ടാക്കും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആയിടെ ചാര്ജ്ജെടുത്ത, വിദേശഡിഗ്രികള്‍ നേടിയ ഡോക്ടറെ ഒന്നു കാണണമെന്ന് അദ്ദേഹം ഉപദേശിച്ചു. വിദേശഡിഗ്രി നേടിയ,സൗമ്യനായ ഡോക്ടറെ കണ്ടു, ഇ സി ജി ക്ക് എഴുതി, തികച്ചും നോര്മലായ അതിന്റെ റിസള്ട്ടുമായി ചെന്നപ്പോള്‍ ഇനി വരേണ്ടിവരില്ല എന്നുറപ്പുണ്ടായിരുന്നു. ഇ സി ജിയിലൊന്നും ഒ
രു പ്രശ്നവുമില്ല, നമുക്ക് ഒരു എക്കോ ടെസ്റ്റ് എടുക്കാം. അത് …(അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനം) ആശുപത്രിയില്ത്തന്നെ എടുക്കണം എന്നു കേട്ടപ്പോള്‍ അമ്പരന്നു പോയി. ആയാളുടെ മുഖത്തു നോക്കി ഒരു നിമിഷം നിന്നു. “വേല മനസ്സിലിരിക്കട്ടെ, നിങ്ങള്‍ അടുത്തതായി എനിക്ക് ആന്ജിയോഗ്രാം എഴുതിത്തരും പിന്നെ ബൈപാസ് ശസ്ത്രക്രിയ നിര്ദ്ദേശിച്ചേക്കാം”. ഉള്ളിലിരുന്ന് ആരോ ഉറക്കെ അട്ടഹസിച്ചു. “എന്താ പറഞ്ഞത്?” ഡോക്ടര്‍ മുഖമുയര്ത്തിയപ്പോള്‍, “ഹേയ്,ഒന്നുമില്ല” എന്ന് പിറുപിറുത്ത് “ഗുഡ്ബൈ ഡോക്ടര്‍” എന്നു മനസ്സില്‍ പറഞ്ഞിറങ്ങിപ്പോന്നു.

പിന്നീട് ഹൃദയമിടിപ്പിനെക്കുറിച്ച് ഞാന്‍ മറന്നുപോയി. യാദൃശ്ചികമായി പരിചയപ്പെട്ട ഒരു ആയുര്‍വേദ ഡോക്ടര്‍ തന്ന ചില ജനറല്‍ ഹെല്ത്ത് ടോണിക്കുകള്‍ മൂന്നു മാസം കഴിച്ചതോടെ ഹൃദയം സാധാരണ നിലയിലായി. ഇത്രയും പറഞ്ഞത് നമ്മള്‍ സ്വന്തം കാലില്‍ നടന്നു ചെന്ന് ഡോക്ടറെ കാണുകയും സ്വയം തീരുമാനമെടുക്കാന്‍ നമുക്കു കഴിയുമെന്ന ഉറപ്പും ഉള്ളപ്പോള്‍ ഇതെല്ലാം ഒരു തമാശയായി കാണാനാവും എന്ന് പറയാന്‍ കൂടിയാണ്. പക്ഷേ അല്ലാത്ത സന്ദര്ഭങ്ങളില്‍ നമുക്ക് ഡോക്ടറെ ദൈവമായി കാണേണ്ടി വരും.
ഏറെ പ്രിയപ്പെട്ടൊരു സുഹൃത്ത് ഒട്ടും ഗുരുതരമല്ലാത്ത രോഗാവസ്ഥയില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നു. തക്ക സമയത്ത് മതിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് ഉറ്റ ബന്ധുക്കള്‍ സങ്കടപ്പെടുന്നു. ജീവന്‍ എന്നത് കേവലം ഒരു ഡോക്ടറുടെയോ ആശുപത്രിയുടെയോ മരുന്നിന്റെയോ കൈപ്പിടിയിലൊതുങ്ങുന്നതല്ല എന്ന് അറിയാമെങ്കില്ക്കൂടി രക്ഷിക്കാന്‍ ശ്രമിച്ചു, തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തു എന്ന ഒരു സംതൃപ്തി ബന്ധുക്കള്ക്കും. ചികിത്സിക്കുന്നവര്ക്കുമുണ്ടാവും.എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തുന്നിടം തന്നെ മരണത്തിനു നിദാനമായിത്തിരുക എന്ന അവസ്ഥ രോഗിയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും ജീവിതത്തില്‍ ഒരിക്കലുമുണങ്ങാത്ത മുറിവായി നീറിക്കൊണ്ടേയിരിക്കും. വേദനയും നിരാശയും സങ്കടവും പകയുമെല്ലാം ചേര്ന്ന് വിഭ്രാന്തിയുടെ വക്കിലെത്തി നില്ക്കുന്ന അത്തരം അവസ്ഥകളില്‍ ഉള്ളില്‍ നിറയുന്ന ചില ചോദ്യങ്ങള്ക്ക് ആരുത്തരം പറയും..

സൂപ്പര്‍ സ്പെഷ്യാലിറ്റി എന്നു പറഞ്ഞ് കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളുടെ ഭീമാകാരത്വവും ആഢംബരവും കാണാന്‍ വേണ്ടിയാണോ വേദനിക്കുന്ന ഒരു രോഗിയേയും കൊണ്ട് പ്രിയപ്പെട്ടവര്‍ അര്ദ്ധാരാത്രി ഓടിയെത്തുന്നത് ?
ശനിയാഴ്ചകളില്‍ ഉച്ചതിരിയുന്നതോടെ മിക്ക ആശുപത്രികളും ഹോളിഡേ മൂഡിലാവുന്നു. ഡോക്ടര്മാ്രെല്ലാം അവധിയിലാവുന്നതോടെ ഇതരസംസ്ഥാനത്തു നിന്നു വരുന്ന ജൂനിയര്‍ ഡോക്ടര്മാര്‍ ചാര്ജ്ജ് ഏറ്റെടുക്കുന്നു. ശരിയായ ആശയവിനിമയം പോലും നടത്താനാവാതെ രോഗിയുടെ ബന്ധുക്കള്‍ വലയുന്ന അവസ്ഥയാണ്. ശനിയാഴ്ച വൈകുന്നേരമായാല്‍ ആര്ക്കും രോഗം വരരുത് എന്ന ശാഠ്യം ആശുപത്രിക്കാര്ക്കുണ്ടായിരിക്കാം എന്നാല്‍ രോഗത്തിന് അത് അറിയില്ലല്ലോ. വേണ്ടതും വേണ്ടാത്തതുമായ ഒരു നൂറ് ടെസ്റ്റുകള്‍-അത് ആശുപത്രി കൊഴുപ്പിക്കാനുള്ളതാണെന്നറിഞ്ഞിട്ടും ചെയ്യുന്നത് കയ്യില്‍ കാശ് കിടന്നു മറിയുന്നതു കൊണ്ടല്ല, മറിച്ച് പ്രിയപ്പെട്ട ഒരു ജീവന് വില മതിക്കാനാവാത്തതാണെന്നറിയുന്നതു കൊണ്ടാണ്.
ഇന്റന്സീsheebaവ് കെയര്‍ യൂണിറ്റ് എന്നു പേരിട്ട തണുത്ത മുറികളില്‍ മരണം വിരുന്നെത്തിയതുപോലും മറച്ചു വെച്ച് കഴിയാവുന്നത്ര വിധത്തില്‍ ആശുപത്രി ബില്ലു കൂട്ടാന്‍ കാത്തിരിക്കുമ്പോള്‍ ഒന്നോര്ക്കുക, പുറത്ത് ഉറ്റവര്‍ ആ ജീവനു വേണ്ടി പ്രാര്ത്ഥനയോടെ കണ്ണും തുറന്നിരിക്കുകയാണെന്ന്.
ഇത്രയൊന്നും ചികിത്സാസൗകര്യങ്ങളില്ലാത്ത കാലങ്ങളില്‍ ആശുപത്രിയില്‍ പോകുമ്പോള്‍, ഡോക്ടറെ കണ്ടു സംസാരിക്കുമ്പോള്‍ കിട്ടിയിരുന്ന മനസ്സമാധാനം അത്യന്താധുനിക സൗകര്യങ്ങളുള്ള വമ്പന്‍ കെട്ടിടങ്ങളിലെ ശീതീകരിച്ച പരിശോധനാ മുറികളില്‍ നില്ക്കുമ്പോള്‍ കിട്ടാത്തതെന്ത്?
നിങ്ങള്ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല, ഇനി മരുന്നു നിര്ത്താം ,കാണാന്‍ വരേണ്ടതില്ല എന്ന് പറയാതെ ജലദോഷപ്പനി വന്ന രോഗിയോടും പത്തു ദിവസത്തെ മരുന്നു കഴിച്ച് ഒന്നു വന്നു കാണുക,ഒന്ന് സ്കാന്‍ ചെയ്യുക എന്നൊക്കെപ്പറഞ്ഞ് രോഗം ഒരു മെഗാസീരിയല്‍ ആക്കുന്ന രീതി നിങ്ങളെവിടുന്നാണ് പഠിച്ചത്?

മനുഷ്യത്വമുള്ള ഡോക്ടര്മാര്‍ പോലും ചിലപ്പോഴൊക്കെ ഇത്തരം സൂപ്പര്‍ സ്പെഷ്യാലിറ്റികളില്‍ വരുന്നതോടെ മലിനമായ ഇതേ പാത പിന്തുടരുന്നതെന്തു കൊണ്ട്?

വിദ്യാഭ്യസരംഗത്തുണ്ടായ തകര്‍ച്ചയുടെ ഉപോല്പ്പന്നമായ സ്വാശ്രയമെഡിക്കല്‍ കോളജുകളില്‍ അര്ഹതയില്ലാതെ, താല്‍പര്യമില്ലാതെ ഭാവിയിലെ പൊന്മുട്ടയിടുന്ന താറാവിനെ മാത്രം സ്വപ്നം കണ്ട് വൈദ്യം പഠിക്കുന്നവര്‍ പഠിത്തം ഒരു കച്ചവടമായി എടുത്തതു പോലെ പ്രൊഫഷനും ലാഭനഷ്ടങ്ങളുടെ തുലാസില്‍ വെച്ചളക്കാന്‍ തുടങ്ങിയതിന് ആരാണ് ഉത്തരവാദികള്‍?

നിസ്സാരരോഗമുള്ളവന്‍ ഡോക്ടറെ കാണാന്‍ മടിക്കുന്ന അവസ്ഥയിലാണ് നമ്മുടെ നാട് നീങ്ങുന്നത്. ചെറിയ ലക്ഷണങ്ങള്‍, ചിലപ്പോള്‍ അത് ഗുരുതരമായ രോഗത്തിന്റെ മുന്നോടിയാണെന്നു പോലും പരിശോധിപ്പിക്കാന്‍ മിനക്കെടാതെ വലിയൊരു ജനവിഭാഗം ജീവിക്കുന്നു. ഹോസ്പിറ്റലില്‍ പോയാല്‍ വേണ്ടതിനും വേണ്ടാത്തതിനും സമയവും പണവും ചെലവാക്കേണ്ടി വരും. ഉള്ള മനസ്സമാധാനം പോകും എന്നു പറഞ്ഞ് നിസ്സംഗമായ ഒരു മാനസികാവസ്ഥയില്‍ ജീവിക്കുന്നു പലരും.

അവിഹിതങ്ങള്‍ മാത്രം സംഭവിക്കുന്ന, അഴിമതി കൊടികുത്തി വാഴുന്നിടത്ത് അത്ഭുതങ്ങള്ക്കായി കാത്തിരിക്കുന്നില്ല ആരും.

എങ്കിലും, ചില ചോദ്യങ്ങള്‍..

സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ നിലവാരം പരിശോധിക്കാന്‍ എന്തെങ്കിലും മാനകങ്ങള്‍ ലഭ്യമാക്കിക്കൂടേ? മാര്ക്കറ്റില്‍ ബാക്കിയായ മത്സ്യം തൂക്കി വില്ക്കുന്നതു പോലെ ബൈപാസ് സര്ജ്ജലറി വെറും 65000/ രൂപ, തിമിര ശസ്ത്രക്രിയ 15000 ഇത്യാദി ബോര്ഡുകള്‍ പ്രദര്ശിപ്പിക്കുന്ന ആശുപത്രികള്ക്കായി മാനേജ്മെന്റുകളുമായി ചര്ച്ച ചെയ്ത് ശസ്ത്രക്രിയ, ലാബ് ടെസ്റ്റ്, സ്കാനിംഗ് ,മരുന്നുകള്‍ തുടങ്ങിയവയ്ക് ഒരു ന്യായവില നിശ്ചയിക്കാന്‍ സര്ക്കാറിന് കഴിയുകയില്ലേ?

യാതൊരു മൂല്യവും അറിവുമില്ലാത്ത വൈദ്യന്മാരെ സൃഷ്ടിച്ചു വിടുന്ന വിദ്യാഭ്യസ മേഖലയില്‍ ഒരു നിയന്ത്രണവും ഏര്പ്പെടുത്താനാവില്ലേ?

ഇതിനെല്ലാം ബുദ്ധിമുട്ടാണെങ്കില്‍ സര്ക്കാര്‍ ആശുപത്രികള്ക്ക് സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയില്ലേ?

ജനങ്ങളുടെ വോട്ടു നേടിവരുന്നവര്‍ വിദേശയാത്ര നടത്തുന്ന, ഫോണ്‍ വളിക്കുന്ന, വിരുന്നു നടത്തുന്ന, മന്ത്രവാദവും യോഗയും അഴിമതിയും വ്യഭിചാരവും ഗുണ്ടായിസവും നടത്തുന്ന പണത്തിന്റെ വളരെ ചെറിയൊരു ശതമാനം നീക്കി വച്ചിരുന്നെങ്കില്‍ ഇതില്‍ ഏറ്റവും അവസാനം പറഞ്ഞ കാര്യമെങ്കിലും ശരിയാക്കാനാവുമായിരുന്നു
പക്ഷേ അങ്ങനെ പൗരന്റെ ആരോഗ്യം നന്നായാല്‍ നാടു നന്നായിപ്പോവില്ലേ..അത് പാടില്ലല്ലോ…

ഒരു വ്യക്തിയുടെ മരണം അയാളുമായി ബന്ധപ്പെട്ട അനേകം പേരുടെ മരണമാണ്. ഒരു പിടി പേരുടെ ജീവിതത്തില്‍ നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ചു കൊണ്ടാണ് ഓരോരുത്തരും വിട പറഞ്ഞു പോകുന്നത്. അയാളെ സ്നേഹിക്കുന്നവരുടെ ഒരു സമൂഹം തന്നെയാണ് മാനസികമായി മരണപ്പെടുന്നത്.
ബന്ധുക്കളുടെ രോഷം തണുപ്പിക്കാന്‍ പണം കൊണ്ടും സ്വാധീനം കൊണ്ടും ഭീഷണികൊണ്ടും ചെറുത്തുനില്ക്കാന്‍ ആവും എന്നതു കൊണ്ടു മാത്രം സംഭവങ്ങള്‍ പുറത്തറിയാതെ ഒതുങ്ങിപ്പോവുകയാണ്. ആരോഗ്യരംഗത്തെ വളര്ച്ച ധാരാളം പേരുടെ ജീവന്‍ രക്ഷിക്കുന്നുണ്ട് എന്നത് തിരിച്ചറിയാന്‍ കഴിയുന്നു എങ്കിലും ഓരോ ജീവനും ഓരോരുത്തര്ക്കും പ്രിയപ്പെട്ടതാണെന്ന പാഠം പലപ്പോഴും ഓര്മ്മിക്കപ്പെടാതെ പോവുകയാണ്.

shortlink

Post Your Comments

Related Articles


Back to top button