സ്പര്‍ശം

കഥ/ കെ. ആര്‍. മല്ലിക

 
ഒറ്റയ്ക്കാവുന്നു എന്ന തോന്നല്‍ വരുമ്പോഴെല്ലാം യുടുബില്‍ സിനിമവേട്ടയ്ക്ക് ഇറങ്ങുക ഒരുശീലമായി തീര്‍ന്നിട്ടുണ്ട്. രാവിലെയും അതാണ് സംഭവിച്ചത്. രണ്ടാം ശനിയാഴ്ച. പക്ഷെ പതിവ് സമയത്ത് ഉണര്‍ന്നു പോയി. പിന്നെ കിടക്കാനും തോന്നിയില്ല. കുളിയും കാപ്പികുടിയും കഴിഞ്ഞ കുറച്ച സമയം മുറ്റത്തെ ചെടികള്‍ക്കിടയില്‍ ചുറ്റിക്കറങ്ങി. ചുവടിലാക്കി, വളമിട്ടു എന്നൊക്കെ മറ്റുള്ളവര്‍ക്ക് തോന്നാന്‍ എന്നേ പറയാനാവൂ. മനസ്സില്‍ നിറയെ അപ്പോള്‍ ഒരു സിനിമ ആയിരുന്നു. കൈയും കളും മുഖവും കഴുകി , കുറ്റം ചെയ്യുന്ന കുട്ടിയെപ്പോലെ, ഈയിടെ ഭാര്യയുടെ തയ്യല്‍ മെഷിനും ലോട്ടുലോടുക് സാധനങ്ങളും ഒഴിപ്പിച്ചെടുത്ത പുതിയ മുറിയില്‍ , അതായത് തന്റെ കമ്പ്യൂട്ടര്‍ മുറിയില്‍ കയറി,സുഖിയന്‍ പൂച്ചയെപ്പോലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് വെച്ച്. അത് മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയും ചെയ്തു. രണ്ട ആണ്‍ മക്കളും വീട്ടിലുള്ള ദിവസമാണ്. ഭാര്യ അടുക്കളയില്‍ വെച്ചുണ്ടാക്കലിന്റെ തിരക്കിലാണ്. അവളെ അടുക്കളയില്‍ സഹായിക്കുന്നതില്‍ നിന്ന് ഞാനിന്ന് ഓഫ് എടുത്തിരിക്കയാണ്.

യു ടുബില്‍ ഒരുപാട് തിരഞ്ഞതിനു ശേഷമാണു സിനിമ കിട്ടിയത്. ഒരച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ്. വീട്ടമ്മയാണ് ഭാര്യ. പത്തു പതിനേഴ്‌ വയസ്സുള്ള മകളും എട്ടോന്പത് വയസ്സുള്ള മകനും . ആ സ്ത്രീ സാങ്കല്പികമായി തന്നെക്കാള്‍ പ്രായം കുറഞ്ഞ മറ്റൊരു പുരുഷനില്‍ ചെന്നെത്തുന്നു.

ഞാന്‍കമ്പ്യൂട്ടര്‍ ഓഫ്‌ചെയ്തുവെച്ച് ഒരു സിഗരട്ടു വലിക്കാനായി എഴുന്നേറ്റു. വാതിലും പിടിച്ചു നിന്ന് രണ്ടു പുകയെടുത്തപ്പോള്‍ ഇളം ചൂടില്‍ ഒരു കട്ടന്‍ കുടിക്കണമെന്നു തോന്നി. അങ്ങനെ അടുക്കളയിലേക്ക് ചെന്നതായിരുന്നു. ചെന്നപ്പോള്‍ പ്രഷര്‍കുക്കറിന്റെ വിസില്‍ മാറ്റാന്‍  ശ്രമിച്ചപ്പോഴോ മറ്റോ ഭാര്യയുടെ കണംകൈയില്‍ ആവി തട്ടി ഗുലുമാലായിരിക്കുകയാണ്. അവിടം ചുവന്നു തിണര്‍ത്തിട്ടുണ്ട്. അവള്‍ പലപ്പോഴും കരച്ചിലില്‍ മുട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തവണ കരച്ചിലിന്റെ ആഴം കൂടുതലാണ്. മൂത്തവന്‍ അമ്മയുടെ കൈത്തണ്ടയില്‍ തേന്‍ പുരട്ടി. അതുകഴിഞ്ഞ്‌ ഓടിപ്പോയി ടൂത്ത്പേസ്റ്റ് കൊണ്ടുവന്ന് ആകമാനം പൂശി. തൃപ്തി വരാഞ്ഞിട്ട് മുകളിലേക്ക് ഓടിപ്പോയി പൊള്ളലിന്റെ എന്തോ മരുന്ന് അവന്റെ മേശ വലിപ്പിലുള്ളത് എടുക്കാന്‍.

നമ്മെക്കാള്‍ എത്രയോ പ്രായോഗികമതികളാണ് കുട്ടികള്‍. ഞാനായിരുന്നെങ്കില്‍ ഒന്നും ചെയ്യുമായിരുന്നില്ല. ഒരിടത്ത് ബ്ലിങ്കി നില്‍ക്കല്‍ മാത്രം നടക്കും. ഇപ്പോള്‍ എന്തൊക്കെ മെഡിസിനല്‍ ട്രീറ്റ്മെന്റായി.

“എന്തിനാ ഓടി വന്നത്? പോയി സിനിമ കാണ്”

ഭാര്യ ചൊടിച്ചു.

നിസ്സഹായനായി കേട്ടുനിന്നു. ഒരു തെറി വാക്ക് പറഞ്ഞുകൊണ്ട് അവള്‍ കുടിവെള്ളം നിറച്ചുവെച്ചിരുന്ന സ്ഫടിക ജാറെടുത്ത് തറയില്‍ എറിഞ്ഞു. സത്യത്തില്‍ പേടിച്ചു പോയി. ചെറുതായി വിറയ്ക്കുകയും ചെയ്തു. അപ്പോഴത്തെ ടെന്‍ഷനില്‍ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേക്ക് ഓടി.

തലയാകെ പുകയുന്നു. ഇടവഴിയില്‍ കണ്ട ഒരു പുളി മരത്തില്‍ ചാരി നിന്ന് ഓര്‍ക്കാന്‍ശ്രമിച്ചു. എന്തായിരുന്നു?
എങ്ങനെയായിരുന്നു?
എങ്ങനെ പെരുമാറണമായിരുന്നു?
എങ്ങനെ ഒരു നല്ല ഭര്‍ത്താവാകാന്‍ കഴിയും?
മുഷ്ടി ചുരുട്ടി മിണ്ടാത്ത പുളി മരത്തില്‍ ഇടിച്ചു. വിരലുകള്‍ ചതഞ്ഞു. സിഗേരറ്റു ചവച്ചു തുപ്പിക്കൊണ്ട് കവലയിലേക്ക് നടന്നു. ആരൊക്കെയോ കടന്നുപോയി. കണ്ണുകള്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ആരെയും കാണാന്‍ വയ്യ. ഒന്നിനെയും കാണാന്‍ വയ്യ.

റോഡിന്‍റെ ഇപ്പുറത്തെ വശത്ത് നിന്നുകൊണ്ട് അങ്ങേപ്പുറത്തേക്ക് കണ്ണോടിച്ചു.
രണ്ട് ചായക്കട. ഒരു മൊബൈല്‍കട. ഒരു മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റ്. ഒരു ബാര്‍ബര്‍ ഷോപ്പ്. ബാര്‍ബര്‍ ഷോപ്പില്‍ കയറി താടി വടിക്കാം. മുടി വെട്ടിക്കുന്നത് നഷ്ടമാണ്. കഷണ്ടിയായത് കൊണ്ട് മുടി കുറവാണ്. ബാര്‍ബര്‍ ഷോപ്പില്‍ കുറച്ച് നേരം സ്വസ്ഥമായി ഇരിക്കാം. മനസ്സ് കത്തിക്കൊണ്ട് തന്നെ നില്‍ക്കുകയാണ്. ഓ , എന്തൊരു നശിച്ച ദിവസം. ഇരമ്പി വന്ന ഒരു ബൈക്കും സാമാന്യം വേഗത്തില്‍ വന്ന ഓട്ടോയും മറികടന്ന് ബാര്‍ബര്‍ ഷോപ്പിനകത്തേക്ക് കടന്നു. ഒരാള്‍ കസേരയിലുണ്ട്. മറ്റൊരാള്‍ വാരികയിലേക്ക് ആണ്ടിറങ്ങിയിരിക്കുകയാണ്.

“ങ്ങാ, രാധേട്ടനോ? ഇരിക്ക് ചേട്ടാ, ഇതിപ്പം കഴിയും.”

ബാര്‍ബര്‍ ഷോപ്പുകാരന്‍ ലോഹ്യം പറഞ്ഞു. ഇരിക്കാന്‍ കഴിയുന്നില്ല. വയ്യ. നില്‍ക്കാം. അല്ല. നില്‍ക്കാനേ കഴിയു. കൈയെത്തിച്ച് ഒരു പേപ്പര്‍ എടുത്ത് ചുമ്മാ മറിച്ച് നോക്കി.ഈ എരിയുന്ന മനസ്സിനെ എങ്ങനെയൊന്ന് തണുപ്പിക്കും? ഫയര്‍ എന്ജിനെ വിളിച്ചാലോ? വേണ്ട. ഇറങ്ങിപോകാം. ഇറങ്ങി പോയിട്ട് ? അങ്ങനെ ഹരിച്ചും ഗുണിച്ചും എപ്പോഴും ഒരു മനുഷ്യന് ജീവിക്കാന്‍ പറ്റുമോ? ഇറങ്ങി നടക്കാം. എത്തുന്നിടത്ത് എത്തട്ടെ. തീയൊക്കെ അണഞ്ഞിട്ട് തിരിച്ച് ചെല്ലാം. അതുമതി . പേപ്പര്‍ ടീപ്പോയിലേക്കിട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബാര്‍ബര്‍ ഷോപ്പുകാരന്‍റെ വിളി.

“ചേട്ടാ പോരെ, ഞാന്‍ റെഡി”.

ശരിയാണ്. മുടി വെട്ടാന്‍ ഇരുന്നവന്‍ എഴുന്നേറ്റു കഴിഞ്ഞു. മറ്റെയാള്‍ വായനയില്‍ നിന്ന് പിന്മാറിയിട്ടില്ല. വന്നും പോയ്. ഇനിയിപ്പോ താടി വടിക്കുക തന്നെ.
കറങ്ങുന്ന കസേരയില്‍ കയറിയിരുന്നു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ബലം പിടിക്കുന്നവന്റെ ഒരു മുഖം. കണ്ണടച്ച് ബുള്‍ഗാന്‍ താടി കാണിച്ചു കൊടുത്തു. ബാര്‍ബര്‍ ഷോപ്പുകാരന്‍ പതുപതുത്ത സ്പോഞ്ച് പോലെയുള്ള ടവ്വലെടുത്ത് കഴുത്തിലൂടെ പിന്നിലെക്കിട്ടു. മുഖം അല്പമൊന്നുയര്‍ത്തി വെച്ചു. പിന്നെ സ്നേഹമസൃണമായി കവിളുകളില്‍ മെല്ലെമെല്ലെ ക്രീം പുരട്ടി. കണ്ണുകളൊന്നു തുറന്നപ്പോള്‍ അയാള്‍ സ്നേഹം വിടാതെ മന്ദഹസിച്ചു.

കണ്ണുകളടച്ചപ്പോള്‍ കണ്ണുനീര്‍ മെല്ലെ പുറത്തേക്കു ചാടി. അവന്റെ കൈകള്‍ പിന്നെയും പിന്നെയും കവിള്‍ തലോടി. എന്തൊരു ശക്തിയാണ് ഒരു സ്പര്‍ശത്തിന്.!

“എന്താ ചേട്ടാ?” അവന്‍ ചോദിച്ചു.

“ഏയ് ഒന്നുമില്ല.” ഞാന്‍ മറുപടി പറഞ്ഞു.

വീണ്ടും കണ്ണുകള്‍ തുറന്നപ്പോള്‍ അവന്‍ ക്ഷൌരക്കത്തിയെടുക്കാനായി പിന്തിരിയുന്നത് കണ്ടു. പിന്നിലെക്കിട്ട ടവ്വല്‍ എടുത്തു മാറ്റി ഞാന്‍ എഴുന്നേറ്റു.

ചേട്ടാ”. അവന്‍ പിന്‍വിളി വിളിച്ചു.

സാരമില്ല. തൊട്ടും തലോടിയും എന്നേ മനുഷ്യനാക്കിയവനല്ലേ? അവനെ കടന്ന് ഞാന്‍ പുറത്തേക്കിറങ്ങി. ലോകത്തെ നോക്കി സമചിത്തതയോടെ മന്ദഹസിച്ചു.