literatureworldshort story

യൂസ്ഡ് ഐറ്റം

കഥ / കുസുമം ആര്‍ പുന്നപ്ര

 

വളരെ പെട്ടെന്നൊന്നും ആയിരുന്നില്ല. അയാളുടെ ഈ തീരുമാനം. എന്നു പറയുമ്പോള്‍‍ ഒരു സാധനം മാത്രമായിരുന്നില്ല. ഏകദേശം വീട്ടിലെ എല്ലാ പഴയ സാധനങ്ങളും ഒന്നിനു പുറകെ ഒന്നായി മാറ്റിക്കൊണ്ടിരുന്നു. അതെല്ലാം പഴയതാണെങ്കിലും ഉപയോഗിക്കത്തക്കതായിരുന്നു. പക്ഷെ അയാളുടെ നിഗമനത്തില്‍… എന്നു പറയാമോ… കണക്കു കൂട്ടലില്‍ അത് സീറോ വാല്യുവിലുള്ള വസ്തുക്കളായിരുന്നു.

ഓരോ വര്‍ഷവും ഡിപ്രീസിയേഷന്‍ എന്നു വെച്ചാല്‍ മതിപ്പുവില കുറഞ്ഞ് കുറഞ്ഞ് പൂജ്യം വാല്യൂ മതിപ്പു വിലയുള്ളവ‍യായി തീര്‍ന്നവ…നല്ല കണ്ടീഷനുള്ള ബി.എം.ഡബ്ല്യൂ.കാറുവരെ. എന്തുകൊണ്ട് കൊടുത്തുയെന്ന് കൂട്ടുകാരാരാഞ്ഞപ്പോള്‍പറഞ്ഞത് എഞ്ചിന്‍പണി തുടങ്ങിയാല്‍പ്പിന്നെ നഷ്ടമാ, അത്രക്ക് ഓടിക്കഴിഞ്ഞു എന്നാണ്. അതേപോലെ തന്നെ വീട്ടിലെ നല്ല ഒന്നാംകിട ഗോദറേജ് ഫ്രിഡ്ജ് വിറ്റപ്പോള്‍ ഭാര്യയോടുപറഞ്ഞത്, അത് ഗ്യാസു റീഫില്ലു ചെയ്യാറാകുന്നതിനു മുന്നെ വിറ്റു എന്നാണ്.

മോട്ടോര്‍വീക്കായിതുടങ്ങിയെന്നു പറഞ്ഞ് മിക്സി, വാഷിംഗ് മെഷീന്‍,ഗ്രൈന്‍ഡര്‍…തുടങ്ങി എല്ലാം ഒന്നിനു പുറകെ ഒന്നായി വീടുവിട്ടുപോയി. അവരൊരുമിച്ചു താമസം തുടങ്ങിയ അന്നുതൊട്ടു വാങ്ങിയതാണതെല്ലാം . അതേപോലെ പഴയപാത്രങ്ങളും..കറപിടിച്ചു, നിറംമങ്ങി പുതുമപോയി എന്നൊക്കെപ്പറഞ്ഞ് അതിന്‍റെയെല്ലാം സ്ഥാനത്ത് പുതിയവ വന്ന് നിറഞ്ഞു. അവ ഓരോന്നും പടിയിറങ്ങുമ്പോഴും അവളുടെ മനസ്സിലെ തേങ്ങലൊരു കുറുങ്ങലായി തൊണ്ടക്കുഴിയില്‍കുരുങ്ങിക്കിടന്നു

ആ പഴയ സാധനങ്ങളോടെല്ലാം അവള്‍ക്ക് വളരെ അടുപ്പമായിരുന്നു. അവളുടെ ജീവിതത്തിന്‍റെ സ്പന്ദനങ്ങളേറ്റുവാങ്ങിയ ജീവനില്ലാത്ത ഓരോ യന്ത്രങ്ങളും ആ വീടുവിട്ടിറങ്ങിപ്പോയി. അവളൊറ്റപ്പെട്ടതുപോലെയായി. ജീവനില്ലാത്ത വസ്തുക്കളാണെങ്കിലും അവയെല്ലാം ഉണ്ടായിരുന്നപ്പോള്‍പഴയതിന്‍റെയിടയിലൊരു പുതുമ അവളിലുണ്ടായിരുന്നു. അതവളിലൊരു ആശ്വാസമായിരുന്നു. പോയതിനുപകരം പുതിയവ വന്നു സ്ഥലം പിടിച്ചു. അവയോടെല്ലാം അപരിചിതത്വം തോന്നിയ അവള്‍ക്ക് ഒറ്റപ്പെടലിന്‍റെ തുരുത്തില് അഭയം തേടേണ്ടി വന്നു.

 

സ്വയം അവലോകനം നടത്തി അവളവളുടെ മതിപ്പുവില കണ്ടുപിടിക്കാനൊരുശ്രമം നടത്തി.നിറംമങ്ങി പുതുമ നഷ്ടപ്പെട്ട പാത്രങ്ങള്‍പോലെ ജരാനരകള്‍ബാധിച്ചുതുടങ്ങിയ സൌന്ദര്യം. ഓടിയോടി തളര്‍ന്ന് എന്‍ജിന്പണി തുടങ്ങാറായ കാറുപോലെയുള്ള ശരീരീവയവങ്ങള്‍. .ശരീരത്തിനുള്ളിലെ എപ്പോള്‍വേണമെങ്കിലും പണിമുടക്കാവുന്ന മറ്റു ശരീരഭാഗങ്ങള്‍.

എപ്പോഴും ഒരു മാറ്റക്കച്ചവടത്തിനായി മാനസ്സിക തയ്യാറെടുപ്പെടുത്ത അവളില്‍അയാളുടെ നോട്ടം പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

എന്നിട്ടും ഒരുദിവസം അവളു പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു.

വഴിയില്‍വെച്ചു കണ്ടുമുട്ടിയ മറ്റൊരുവള്‍പറഞ്ഞു. എന്‍റെ കച്ചവടമായിരുന്നു ഒന്നുകൂടി ലാഭം.

 
 
 

shortlink

Post Your Comments

Related Articles


Back to top button