bookreviewliteratureworld

എണ്ണ, മണ്ണ്, മനുഷ്യന്‍, ; പരിസ്ഥിതി സമ്പദ് ശാസ്ത്രത്തിന് ഒരാമുഖം

അനില്‍ കുമാര്‍ കെ എസ്

 
പരിസ്ഥിതി പ്രശ്നങ്ങള്‍  രൂക്ഷമായി കൊണ്ടിരിക്കുന്ന നാമ്മുടെ ലോകം വളര്‍ച്ചയില്‍ നിന്നും പിന്നോട്ട് മാറികൊണ്ടിരിക്കുന്നു. ആ മാറ്റത്തെയും സമൂഹത്തിന്റെ അപവളര്‍ച്ചയെയും ചര്‍ച്ച ആക്കുകയാണ് കെ. സഹദേവന്റെ  ‘എണ്ണ, മണ്ണ്, മനുഷ്യന്‍: പരിസ്ഥിതി സമ്പത്ത് ശാസ്ത്രത്തിന് ഒരു ആമുഖം”.

എണ്ണ വിമുക്തമായ, മണ്ണിനെ തിരിച്ചു പിടിക്കുന്ന സമ്പത്ത് വ്യവസ്ഥകള്‍  നിലവില്‍ വരേണ്ട നാളെയുടെ നാളുകളെയാണ് ലക്‌ഷ്യം വെച്ച് എഴുതിയിരിക്കുന്ന ഈ പുസ്തകം മുഖ്യ പ്രേമെയമാക്കുന്നത് എണ്ണയെ ആണ്. ലോക സമ്പത്ത് വ്യവസ്ഥയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുള്ള എണ്ണ കൊണ്ട് കൈവരിച്ച ഉത്പാദന -വിതരണ വേഗതയുടെ പാരമ്യത്തില്‍ നിന്നും നമ്മള്‍ തിരിച്ചു സഞ്ചരിക്കാന്‍ സമയമായി എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍  ഈ പുസ്തകം  നിര്‍വഹിക്കുന്നുണ്ട്.

പതിനൊന്നാമത്തെ വളയം എന്ന് പ്രത്യേക പേര് നല്‍കിയിരിക്കുന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പ് സഹകരണ മനുഷ്യന്‍, സാമ്പത്തിക മനുഷ്യനായി പരിണമിക്കപ്പെട്ട  കഥയോടെ ആരംഭിക്കുന്നു. വിഭവ പ്രതിസന്ധി   സാമ്പത്തിക വ്യവസ്ഥകളെ  പൊളിച്ചു മാറ്റിയെഴുതാന്‍ നിര്‍ബന്ധിതരാക്കും എന്ന മുന്നറിയിപ്പ് ഈ ആമുഖം തരുന്നു.

‘മണി മുഴങ്ങുന്നു, കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്ന ആദ്യ അദ്ധ്യായം എണ്ണയുടെ ആവിര്‍ഭാവവും, അതിന്റെ സ്വഭാവവും സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേക്കും തദ്വാര മുതലാളിത്ത സമ്പത്ത് വ്യവസ്ഥകള്‍ ഉടലെടുക്കുന്നതിലേക്കും നയിച്ചത് എങ്ങനെയെന്നും  വിശകലന വിധേയമാക്കുന്നു.

എണ്ണ പ്രതിസന്ധി നേരിടുന്നതിനായി ഒരു രാജ്യം അതിന്റെ രാഷ്ട്രീയ  ഇച്ഛാശക്തി കൊണ്ട്  എല്ലാ ജൈവ മാര്‍ഗങ്ങളും സംയോജിപ്പിച്ച്, സമ്പത്ത് വ്യവസ്ഥയെ ഉപരോധങ്ങളില്‍ തകരാതെ പിടിച്ചു നിര്‍ത്തിയത് എങ്ങനെ എന്നുള്ളതിന്റെ ഉദാഹരണമായി ക്യുബയെ ഉയര്‍ത്തി കാട്ടുകയാണ് രണ്ടാമത്തെ അദ്ധ്യായത്തില്‍. കുറ്റമറ്റ വികസന മാതൃകയെന്ന നിലയില്‍ അല്ല പകരം,   പൂര്‍ണമായും ജൈവ വഴികളിലൂടെ  ഉത്പാദന വിതരണ ക്രമങ്ങളെ പ്രദേശികവല്‍ക്കരിച്ചും, പൊതു സംവിധാനങ്ങളെ ശക്തിപെടുത്തിയും, പരമ്പരാഗതമായ അറിവുകളെ പ്രോത്സാഹിപ്പിച്ചും കൊണ്ടും ഒരു രാജ്യത്തിന് എണ്ണ ഉപഭോഗം കുറഞ്ഞ  ഒരു സാമ്പത്തിക ഘടന  നിര്‍മ്മിച്ചെടുക്കാം  എന്നതിന്റെ സാദ്ധ്യതകള്‍ ചൂണ്ടി കാണിക്കുവാന്‍ ആണ് ക്യുബയെ ഉദാഹരിക്കുന്നത്. പ്രാകൃത യുഗത്തിലേക്ക് തിരിച്ചു പോവാതെ തന്നെ ആധുനിക പരിഷ്‌ക്കാരങ്ങളോടൊപ്പം മനുഷ്യന് മുന്നേറാന്‍ കഴിയും എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ നിരീക്ഷണങ്ങള്‍.

പ്രശ്നങ്ങളെയും പരിഹാര മാര്‍ഗ്ഗങ്ങളെയും ചിന്തിപ്പിക്കാന്‍ സഹായിക്കുന്ന ഈ പുസ്തകം കുറഞ്ഞ ഊര്ജ്ജ ഉപയോഗത്തിലൂടെ പുതിയ ഒരു സമൂഹ്യ നിര്‍മ്മാണം സാധ്യമാകും എന്നും സൂചിപ്പിക്കുന്നു.  കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ നിന്നുകൊണ്ട്  പരിസ്ഥിതി സൗഹാര്‍ദവും, സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ ബദല്‍ വികസന  സങ്കല്‍പ്പങ്ങളെ വിശകലനം  ചെയ്യുന്നുണ്ട് കെ. സഹദേവന്‍.

ലോകത്ത് വര്‍ദ്ധിച്ചുവരുന്ന അപവളര്‍ച്ച പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക തലങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ആറാമത്തെ അദ്ധ്യായം ആധുനിക  സമ്പത്ത് വ്യവസ്ഥയുടെ പരിമിതികള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പരിസ്ഥിതി, സമ്പത്ത്, ശാസ്ത്രം എന്നീ വിജ്ഞാനശാഖയെ കുറിച്ചുള്ള  ഉള്‍കാഴ്ചകള്‍ നല്‍കുന്ന ഈ പുസ്തകം സാമ്പത്തിക ശാസ്ത്ര രംഗത്ത് പ്രഗല്‍ഭരായ വ്യക്തികളുടെ സഹകരണത്തോടെയാണ് പൂര്‍ത്തീകരിച്ചത്.

എണ്ണയെന്ന അധികാര ചിഹ്നത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക നിയന്ത്രണ  പരിധികളെയും പരിമിതികളെയും  വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം  പരിസ്ഥിതി സമ്പത്ത് ശാസ്ത്രത്തെ കുറിച്ചും അതിന്റെ സാധ്യതകളെപറ്റിയുംആധികാരികമായി  പരാമര്‍ശിക്കുന്ന  മലയാളത്തിലെ ആദ്യ പുസ്തകം  എന്ന നേട്ടം നേടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ മേഖലയില്‍ അന്വേഷണം നടത്തുന്ന ഓരോ വ്യക്തിക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടും എന്നതില്‍ സംശയമില്ല.

പുസ്തകം: എണ്ണ, മണ്ണ്, മനുഷ്യന്‍, ; പരിസ്ഥിതി സമ്പദ് ശാസ്ത്രത്തിന് ഒരാമുഖം
എഴുത്ത്: കെ. സഹദേവന്‍

പ്രസാധനം: ട്രാന്‍സിഷന്‍ സ്റ്റഡീസ്

വിതരണം : കേരളീയം മാസിക

വില: 200

 

shortlink

Post Your Comments

Related Articles


Back to top button