indepthliteratureworldpoetrystudy

മലയാളത്തിന്റെ ശക്തിയുടെ കവി ഓര്‍മയായിട്ട് നാല്പത്തി രണ്ടു വര്‍ഷങ്ങള്‍

 

 

“ഒരുപിടി കൊള്ളക്കാർ കരുതിവച്ചുള്ളതാ-
മധികാരം കൊയ്യണമാദ്യം നാം
അതിനു മേലാകട്ടെ പൊന്നാര്യൻ!” (പുത്തൻ കലവും അരിവാളും)
ജീവിതത്തെ ഭാവനയുടെ ചിറകിലേറ്റി മായക്കാഴ്ചകൾ കാണിച്ചിരുന്ന മലയാളകവിതയില്‍ പ്രായോഗികത മുന്നിര്‍ത്തിയൊരു തത്വശാസ്ത്രം ഉയര്‍ന്നു വാന്നു. സാധാരണക്കാരന് കരുത്തും കര്‍മമാര്‍ഗവും കവിതയിലൂടെയും ജീവിതത്തിലൂടെയും പകര്‍ന്നു നല്‍കി മലയാളിയുടെ ശക്തിയുടെ കവി ഇടശേരി ഗോവിന്ദന്‍നായരുടെ ചുണ്ടില്‍ നിന്നും. ചിന്തകളെ പാശ്ചാത്യരീതിക്ക് അടിമപ്പെടുത്താതെ, നാട്ടിന്‍പുറത്തെ ജീവിതം പകര്‍ത്തിയ ഈ കവി മരണത്തിന് കീഴ്‌പ്പെട്ടിട്ട് 42 വര്‍ഷം തികയുന്നു.

മണ്ണുമായി ബന്ധം ഉണ്ടെങ്കിലേ എഴുത്തുണ്ടാകൂ എന്ന്  വിശ്വസിച്ചിരുന്നdownload
ഈ കവി ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തെ അന്ധമായി വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഗാന്ധിസത്തില്‍ ആകൃഷ്ടനായിരുന്നു. ലാളിത്യവും നര്‍മബോധവും മുഖമുദ്രയാക്കിയ ഇടശ്ശേരി കവിതകളില്‍  ജീവിതം തന്നെ നിറഞ്ഞു നിന്നു.

പുരാണകഥാസന്ദര്‍ഭങ്ങളുടെയും മിത്തുകളുടെയും പുനരാഖ്യാനങ്ങള്‍, ഭാവഗീതങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാനാകുന്ന കവിതകളിലൂടെ സാമൂഹ്യപ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

പ്രകൃതിയുടെ ആത്മാവ് നശിപ്പിച്ചുകൊണ്ടുള്ള നഗരവല്‍ക്കരണം കവിയെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. രണ്ട് പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന പാലങ്ങള്‍ പലരുടെയും കണ്ണില്‍ വികസനത്തിന്റെ മുഖ്യകണ്ണിയായിരിക്കും. അതിന്റെ വേദന കുറ്റിപ്പുറം പാലം എന്ന കവിതയില്‍ കാണാം.

കളിയും ചിരിയും കരച്ചിലുമായ്-

ക്കഴിയും നരനൊരു യന്ത്രമായാല്‍

അംബപേരാറേ, നീ മാറിപ്പോമോ

ആകുലയാമൊരഴുക്കുചാലായ്

എന്ന് കവി, ഉല്‍ക്കണ്ഠപ്പെട്ടത് ഇപ്പോള്‍ സത്യമായിരിക്കുന്നു.

വ്യവസായവല്‍ക്കരണം കൊണ്ട് ദാരിദ്ര്യത്തില്‍ അകപ്പെടേണ്ടിവന്ന തൊഴിലാളികളുടെ ദുഃഖം കണ്ട് മാറി നിന്ന് കണ്ണീര്‍വാര്‍ക്കുകയല്ല പകരം

‘കുഴിവെട്ടിമൂടുകവേദനകള്‍

കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍’

എന്ന് ആഹ്വാനം ചെയ്യുകയാണ് ചെയ്യുന്നത്.

നെല്ലുകുത്തുകാരി പാറു, ചായക്കടക്കാരന്‍, കൃഷിക്കാരന്‍, മീന്‍കാരന്‍, ചകിരിപ്പണിക്കാരി എന്നിങ്ങനെ വിവിധ തരക്കാര്‍, കൃതികളില്‍ കഥാപാത്രങ്ങളാകുന്നത്. ജീവിതത്തെ ‘കണ്ണീരുപ്പുപുരണ്ട പലഹാരം’ ആയി കണ്ട കവി നാട്ടുജീവിതത്തിന്റെ എഴുത്തുകാരനായിരുന്നു.

‘അധികാരം കൊയ്യണമാദ്യം നാം

അതിനുമേലാകട്ടെ – പൊന്നാര്യന്‍’

എന്നിങ്ങനെ കവി നടത്തിയ വിപ്ലവാഹ്വാനങ്ങള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.

ദാരിദ്ര്യം, വാര്‍ധക്യം മുതലായ അവശതകള്‍ അനുഭവിക്കുന്നവരോട് പുതിയ തലമുറ കാണിക്കുന്ന നിന്ദയും അവജ്ഞയും നാടകീയമായി അവതരിപ്പിച്ച ‘അങ്ങേവീട്ടിലേയ്ക്ക്’ ആസ്വാദകനെ വൈകാരികമായാണ് സ്പര്‍ശിക്കുന്നത്. മനുഷ്യസഹജമായ മാറ്റത്തിന്റെ പ്രതിഫലനങ്ങൾ നമുക്ക്‌ ദർശിക്കാവുന്നതാണ്‌. ഒരു ധനിക കുടുംബത്തിലേക്ക്‌ വിവാഹം കഴിച്ചുപോയ മകൾക്കു തന്നെ കാണാനെത്തിയ അച്ഛനെ ഭർത്താവിനോടു ചേർന്നുനി03089_6733ന്നു തള്ളിപ്പറയേണ്ടിവരുന്നു. എന്നാൽ ആ അച്ഛൻ,
“വഴിതെറ്റുന്നു വയസ്സാകുമ്പോൾ, അങ്ങേ വീട്ടിൽ –
കയറേണ്ടതാണയാളിറങ്ങി കൂനിക്കൂനി” എന്നു പറഞ്ഞു മകളുടെ വീട്ടിൽ നിന്നിറങ്ങുകയാണ്‌ ചെയ്തത്‌. അവസാനം കർഷകനും ദരിദ്രനുമായ ആ പിതാവ്‌ സമാധാനിക്കുന്നത്‌ ഇങ്ങനെയാണ്‌.
“ചെങ്കതിർ മണികളോടൊപ്പമേ പത്തായത്തിൽ
ചെന്നുകൂടുവാൻ വൈക്കോൽച്ചണ്ടിക്കെന്തവകാശം” അങ്ങേ വീട്ടിലേക്ക്‌ എന്ന കവിത ചർച്ച ചെയ്യപ്പെടുന്നതും സമകാലിക സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്ന കൃതിയാവുന്നതും അതിൽ സാധാരണക്കാരന്റെ നന്മയും ആത്മാംശവും ഉൾച്ചേർന്നതിനാലാണ്‌.

സാധാരണ കൃഷിക്കാർക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളുടെയും കഷ്ടപ്പാടുകളുടെയും ചിത്രീകരിച്ച് മലയാള നാടക രംഗത്ത്‌ വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ച നാടകമാണ്‌ കൂട്ടുകൃഷി (1950). സമൂഹത്തെ ജാതി മതാദി വിഭാഗീയ ചിന്തകളുടെ വരമ്പിട്ടു തിരിക്കരുതെന്നും അത്തരം വരമ്പുകൾ മാറ്റി ഏകീകരിക്കണമെന്നുമുള്ള സന്ദേശമാണ്‌ ഈ നാടകം പ്രചരിപ്പിക്കുന്നത്‌. അനുജനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ‘പെങ്ങള്‍’, ഒരു മിത്തിന്റെ പുനരാവിഷ്‌ക്കാരമായ ‘പൂതപ്പാട്ടി’ലെ അമ്മ തുടങ്ങി ഇടശ്ശേരിക്കവിതയിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ആസ്വാദക ഹൃദയങ്ങളില്‍ ഇടംതേടിയവയാണ്.

പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ 1906-ൽ ഡിസംബർ 23-ന്  ജനിച്ച ഇടശ്ശേരി ഗോവിന്ദൻ നായർക്കു കാവിലെപ്പാട്ട്‌ എന്ന കവിതക്ക്‌ 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിക്കുകയുണ്ടായി. 1974 ഒക്ടോബർ 16 വിട്ടകന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും, പൂതപ്പാട്ട്‌ തുടങ്ങിയ കൃതികള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും ഇടശ്ശേരിയെ നിലനിര്‍ത്തുന്നു.

shortlink

Post Your Comments

Related Articles


Back to top button