literatureworldshort story

റൂം….

റൂം….

Simy sethy

 

“നിശബ്ദത” എന്നാൽ ശബ്ദമില്ലായ്മ എന്നു മാത്രമാണോ അർഥം. നിസ്സഹായമായി മുറിയിലകപ്പെട്ട നിശബ്ദമാക്കപ്പെട്ടവളുടെ ആത്മ രോദനങ്ങൾ എന്നർത്ഥം വരുമോ എന്നവൾ സ്വയം ചോദിച്ചു നോക്കി. സ്വന്തം ശബ്ദം കേട്ടിട്ടോ സ്വയം ഒന്നു ചിരിച്ചിട്ടോ കരഞ്ഞിട്ടോ തന്റെ മുഖമൊന്നു കണ്ണാടിയിലോ തന്റെ ഉടലിലേക്കൊന്നു വെറുതെ കണ്ണുകൾ പായിചിട്ടോ നാളുകൾ ഏറെയായിരിക്കുന്നു. പാതി വെന്ത ശരീരത്തിലെ പാതി മയങ്ങിയ ബുദ്ധിയുമായി ഇതെത്ര കാലമായി താനിവിടെ? സ്വയം ഒരു സ്മാരക ശിലയായി രൂപാന്തരപ്പെട്ടുപോയതിനാൽ സ്നേഹത്തിനോ ഉത്കണ്ഠയ്ക്കോ വിശ്വാസത്തിനോ വെറുപ്പിനോ എന്തിന് ഒന്നു അറപ്പുളവാക്കാൻ പോലും പഴുതില്ലാത്ത വിധം തന്റെ ശരീരം നിശ്ചലമാക്കപെട്ടിട്ടിതെത്ര നാൾ അവൾ സ്വയം ചോദിയ്ക്കാൻ തുടങ്ങി !

ഒരു മൂടൽ മഞ്ഞു ഒഴിഞ്ഞുപോകും പോലെ പ്രജ്ഞ തെളിയാൻ തുടങ്ങിയിരിക്കുന്നു . അവൻ തരുമ്പോൾ വിഴുങ്ങാൻ അനുവദിക്കാതെ നാവിന്നടിയിൽ സമർത്ഥമായി ഒളിപ്പിച്ചു വെക്കുന്ന നീല ഗുളികകൾ ഫലം കാണാൻ തുടങ്ങിയിരിക്കുന്നു.

മെല്ലെ ഓർമ്മകളുടെ ഇലയനക്കം.

ഗാഡനിദ്രയിലും അറക്കുന്ന അവന്റേം കൂട്ടാളികളുടെയും കൈകളുടെ ഇഴച്ചിലുകളും ഒരടയ്download-4ക്ക കുള്ളിലെന്നപോലെ മടങ്ങി ചുരുണ്ട് പകലേതോ രാത്രിയേതോ ഉറപ്പില്ലാത്ത കുറെ ഉറക്കങ്ങളുടെ ഓർമ്മയാണ് ആദ്യം മനസ്സിലെക്കോടിയെത്തിയത് .

തന്റെ ഉള്ളിൽ അസ്പഷ്ടമായ ഒരു പ്രതീക്ഷ എവിടെയോ പുലർന്നു തുടങ്ങുന്നു. ഇനി രണ്ടാമതൊരു ജന്മം കാത്തിരിക്കുന്നുവെന്നാവുമോ ?

ദിവസങ്ങൾക്ക് ശേഷം അവൾക്കിടക്ക് ഉന്മേഷം അനുഭവപ്പെടാൻ തുടങ്ങിയിരുന്നു ; ഇടയ്ക്കിടക്കുണ്ടാകുന്ന പുതിയ ഉന്മേഷത്തിന്റെ മുക്കാൽ പങ്കും പറ്റുന്നതോ ആറു വയസ്സുകാരൻ കുഞ്ഞു ജാക്കും അവന്റെ അമ്മയും തന്നെ .അവനില്ലാത്ത സമയത്തൊക്കെയും കട്ടിലിന്നടിയിൽ നിന്നും ജാക്കും അമ്മയും പുറത്തേക്ക് വരുകയും ആ മുറിയിൽ അവൾക്കു കൂട്ടിരിക്കുകയും അവരുടെ സഹനങ്ങളുടെ പോരാട്ടങ്ങളുടെ വിജയങ്ങളുടെ കഥകൾ ഓർമ്മപ്പെടുത്തുകയും വിശ്രമം തരാതെ അവളോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെയിരിക്കുകയും ചെയ്തുകൊണ്ടിരുന്നു .ആദ്യമാദ്യം മയക്കമൊട്ടൊഴിയാത്ത കണ്ണുകളാൽ വൃഥാ നോക്കി കിടന്നതല്ലാതെ അവൾക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

പക്ഷെ പോകെ പോകെ തന്റെ അകം ശക്തിപ്പെടുകയും ഉള്ളിൽ കിടക്കുന്നതെന്തിനെയോ സ്വന്തത്രയാക്കാൻ മനസ്സും ശരീരവും ഒരുങ്ങുന്നതായും ആവശ്യപ്പെടുന്നതായും തോന്നിപ്പിച്ചു തുടങ്ങാൻ അവർക്കായി.

സ്വതന്ത്ര്യമാക്കേണ്ടതിലെക്കായി താൻ തന്നെ തേടി കണ്ടത്തേണ്ട ഒരഗ്നി ശരീരത്തിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന തോന്നൽ അവളിൽ ശക്തിപ്പെടുത്താനും.

അതിനു ശേഷമോ മറ്റോ അവളുടെ ശരീരത്തിലേക്ക് നീളുന്ന കറുത്ത കൈകളുടെ വൃത്തികെട്ട ചേഷ്ടകളിൽ ശരീരത്തിലെ ഓരോ അണുവും അതി ശക്തമായ തീജ്വാലകൾ വമിപ്പിക്കുന്നതായും അവരുടെ ഉമിനീരും രേതസ്സും മൂത്രവും മറ്റു സ്രവങ്ങളും അവ സൃഷ്ടിച്ച വടുക്കൾ പോലും ശരീരത്തിൽ തൊടാൻ കഴിയാതെ ചിന്നി ചിതറി അഗ്നിയിൽ അമരുന്ന പോലെ സങ്കല്പ്പിച്ചെടുക്കാനും; പിന്നീടുള്ള ഏതു കാഴ്ചകൾക്ക് നേരെയും കണ്ണുകൾ ഇറുക്കിയടച്ചു ശരീരം കൊട്ടിയടക്കാനും അവൾക്കു കഴിഞ്ഞു .ഇരുമ്പു കട്ടിലിലെ അഴിഞ്ഞു വീഴാറായ സ്ക്രൂവുകൾ അവർത്തിച്ചാവർത്തിച്ചു മുഴക്കുന്ന കിരു കിരുക്കങ്ങൾ എണ്ണി അവളെല്ലാം അവസാനിക്കുന്നതും കാത്തു കാത്തു കിടന്നു ..1,2,3…..ഓരോ ആളുകൾ അവസാനിക്കുന്നിടത്ത് അടുത്ത ആൾ ഏറ്റുപിടിക്കുന്ന നിമ്നോന്നത ആക്രോശങ്ങൾ !!

രാത്രികളും പകലുകളും കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു.

മുറിക്കുള്ളിൽ ജാക്കിന്റെയും അവന്റെ അമ്മയുടെയും സാമീപ്യം അധികരിച്ച് കൊണ്ടേയിരുന്നു അതു ഒരേ സമയം അവളെ ഭയങ്ങളിലൂടെ നടത്തിക്കുകയും ഒത്തു തീർപ്പുകളിൽ എത്താതെ കുഴപ്പിക്കുകയും ചെയ്തു .

എങ്കിലും നിനക്കിവിടെ നിന്ന് രക്ഷപ്പെടെണ്ടേ എന്ന ജാക്കിന്റെ അമ്മയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഇനിയെന്ത് ? എല്ലാം നഷ്ടപ്പെട്ടില്ലേ ?എവിടേക്ക് രക്ഷപ്പെടാണെന്ന ചത്ത് മലച്ച ആഗ്രഹങ്ങളുടെ ശവ മഞ്ചം പേറുന്ന മനസ്സിന്റെ നിര്വ്വികാരതക്ക് മീതെ, അവർക്കു ,സ്വാതന്ത്ര്യം എന്നത് പറിച്ചു നട്ടതെങ്കിലും , ശക്തിയുള്ള ഒരു ബീജത്തെ അവളിൽ നിക്ഷേപിക്കുവാൻ കഴിഞ്ഞു. അത് മെല്ലെ കോശ ഭിത്തികളിൽ അള്ളിപ്പിടിച്ചു സ്വയം ശ്വാസം വലിച്ചെടുക്കുവാനും തുടങ്ങി കഴിഞ്ഞിരുന്നതായി അവൾക്കു തോന്നി .

 

അതേ..ജാക്കും അമ്മയും “പ്ലാൻ എ, പ്ലാൻ ബി ,പ്ലാൻ സി” ..എന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ വിശദമായി മുറിയുടെ ഒരു കോണിൽ ഇരുന്നു ആവര്ത്തിക്കാൻ തുടങ്ങിയിരിക്കുന്നു .

പിന്നീടങ്ങോട്ട് അവനും പലപ്പോഴും അവന്റെ കൂട്ടാളികളും അവളുടെ ഉടലിൽ പുതുതായി സൃഷ്ടിക്കുന്ന ഓരോ തുളകളിലും എല്ലുകൾ നുറുങ്ങുന്ന വേദനയിലും ഒരു മുറിക്കുള്ളിൽ കാലങ്ങളോളം പീഡിപ്പിക്കപ്പെട്ടു ആ മുറിയിൽ തന്നെ ജാക്കിനെ പ്രസവിക്കുകയും ആറു വയസ്സാകുന്ന വരെ അവനെ ലോകം കാണിക്കാതെ വളർത്തുകയും അവസാനം അവനെ പുറംലോകത്തേക്ക് സ്വാതന്ത്ര്യ ത്തിലേക്ക് അവന്റെ അമ്മ അവനെ രക്ഷപ്പെടുത്തുകയും ചെയ്ത കഥയിൽ അവൾ മുങ്ങിത്താണ് കൊണ്ടിരുന്നു.

കഥയിലെ കഥകൾ സ്വന്തം ജീവിതത്തിൽ ആവര്ത്തിപ്പിക്കപ്പെടുന്നതിന്റെ അമ്പരപ്പും അത്ഭുതവും അവളെ നിസ്സഹായതയിൽ കുഴക്കി .

ഉണർവ്വിൽ ഉറക്കത്തിൽ ചിന്തകൾ തലങ്ങും വിലങ്ങും പ്രവഹിക്കാൻ തുടങ്ങിയിരുന്നു. ചില കെമിക്കൽ റിയാക്ഷൻസ് പോലെ ചിന്തകൾ പരസ്പരം തട്ടിത്തെറിക്കുകയും ഒന്നു ഒന്നിനോട് ചേരുകയും ചിലത് അലിഞ്ഞില്ലാതെയാവുകയും ചെയ്തു കൊണ്ടിരുന്നു.

ശരീരം ഉമിത്തീയിൽ നീറുന്ന പോലെ തോന്നിയപ്പോഴാണ് പിറ്റേന്ന് അവൾ ഉണർന്നത് . ഇരുന്നിടത്തു നിന്ന് എഴുന്നെൽക്കുകയും ഭ്രാന്തമായ കാൽവെപ്പോടെ മുറിക്കുള്ളിൽ ചുമരുകളിൽ നിന്ന് ചുമരുകളിലേക്ക് കിതപ്പോടെ നടക്കുകയും അസ്ഥിത്വം തേടി പേടികളിൽ നിന്ന് പേടികളിലേക്ക് പലായനം ചെയ്യുന്നതിനുമിടയിലാണ് ശൂന്യതയിലേക്ക് നോക്കി ഒന്നു ഉച്ചത്തിൽ കൂക്കി വിളിക്കാൻ അവൾക്കു തോന്നിയത് .അറയ്ക്കുന്ന മാറ്റൊലിയല്ലാതെ തിരിച്ചു വരാനോന്നുമില്ലയെന്നറിഞ്ഞിട്ടും കാലങ്ങൾക്ക് ശേഷമുള്ള സ്വന്തം ശബ്ധത്തിന്റെ പ്രഹരശേഷി അവളിൽ ഞെട്ടലുണ്ടാക്കുകയും അതിന്റെ മാറ്റൊലിയിൽ ശരീരത്തിൽ അലകളുണ്ടാവുകയും ,അവൾ പോലുമറിയാതെ അവളെ മുറിയിലെ മൂലക്കുള്ള പൊട്ടിയ ചെളി പിടിച്ച കണ്ണാടിക്ക് മുന്നിൽ കൊണ്ട് നിർത്തിക്കുകയും ചെയ്തു .

സ്വന്തം ശരീരത്തിലേക്കവൾ സധൈര്യംകണ്ണ് പായിച്ചു. തന്റെ ഉടലിനോട് ചേർന്നുകിടക്കുന്ന താൻ എന്ന സത്യത്തെ കണ്മിഴിച്ചു നോക്കി നിന്ന് അവൾ ഉടുപ്പുകൾ ഓരോന്നായി അഴിച്ചു കളഞ്ഞു.

അവളെ അത്ഭുതപ്പെടുത്തികൊണ്ട് ഇടറിയും ഉഴന്നും വിറച്ചും അവളുടെ തന്നെ വിരൽ തുമ്പുകൾ അവളുടെ നെറ്റിയിലൂടെ കണ്ണിലൂടെ ചുണ്ടിലൂടെ കഴുത്തിലൂടെ സ്തനങ്ങളിലൂടെ വയറിലൂടെ നാഭിയിലൂടെ ഏതോ സ്വാതന്ത്ര്യത്തിന്റെ ജനൽ പാളികൾ തള്ളി തുറന്നു തൊട്ടുണർത്താൻ ശ്രമിച്ച പോലെ ഉരസിയിറങ്ങി.അത്ഭുതരൂപികളായ വിരലുകൾ ആയി മാറിയിരുന്നു അവ .ഹൃദയത്തിന്റെ ഇളം ചൂടുള്ള സുഷിരങ്ങളിൽ നിന്നും പ്രേമത്തിന്റെ തുടി ശബ്ദങ്ങൾ സ്വയം കേൾപ്പിച്ചപ്പോൾ അവൾ അവളുടെ തന്നെ തലോടലുകളിൽ പ്രാന്തമായി സ്വയം ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തു കൊണ്ടിരുന്നു .രോമ കൂപങ്ങൾ എഴുന്നേറ്റു നിൽക്കുകയും ശരീരത്തിൽ നിന്നും ഒരായിരം മിന്നാമിനിങ്ങികൾ നുറുങ്ങു വെട്ടവുമായി ഒരുമിച്ചു പൊന്തുകയും ,ജനനേന്ദ്രിയത്തിൽ നിന്നും ഒരുപോലെ തലച്ചോറിൽ നിന്നും അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉണ്ടാവുകയും അവൾക്കു ജീവിതത്തിൽ ആദ്യമായി ദൈവ ദർശനം ഉണ്ടാവുകയും ദൈവ മിപ്രകാരം അരുളി ചെയ്യുകയും ചെയ്തു .

 

“നിന്റെ ഉടൽ നിന്റെ രാജ്യമാകുന്നു,നിന്റെ ആത്മാവിനേയും ശരീരത്തേയും അഭിമാനത്തേയും അധീനപ്പെടുത്തി അടിമയാക്കി പീഡിപ്പിക്കുന്ന നിന്റെ നീചരാം ശത്രുക്കളിൽ നിന്നും നീയാകുന്ന രാജ്യത്തിനു മോചനം വേണം .നിനക്കതിന്നു വേണ്ടി പോരാടാം ഞാൻ നിന്നോട് കൂടെയുണ്ട് ,ഭൂമിയിലുള്ള മറ്റു മഹാന്മാരുടെ നാമം പോലെ ഒരു നാമം ഞാൻ നിനക്ക് വേണ്ടിയും ഉണ്ടാക്കും. . ….”

 

പീഡിപ്പിക്കപെടുന്നവനും പീഡിപ്പിക്കുന്നവനും ഒരേ ലോകത്ത് ഒരേ പോലെ വാഴുവാൻ എന്തവകാശം ?അവൾ ആലോചിച്ചു .പീഡിപ്പിക്കപ്പെടുന്നവൻ പിൽക്കാലത്ത് ശക്തിയാർജ്ജിച്ചു രാജ്യം പിടിച്ചടക്കുന്നതത്രേ ചരിത്രം .

അങ്ങിനെ ഏതൊരു ഉറച്ച തീരുമാനത്തിന്റെയും അവസാനം ഒരു യുദ്ധ ചെയ്യപ്പെടലിന്റെ ആവശ്യകതയുടെ പ്രകമ്പനത്തിൽ അവളുടെ ശരീരം വിറ കൊണ്ടു.

ആ സമയത്താണ് കിരു കിരാ ശബ്ദത്തിൽ ആ വലിയ ഇരുമ്പ് വാതിൽ മലർക്കെ തുറക്കപ്പെടുകയും അവൻ ഉറക്കാത്ത കാൽ വെപ്പോടെ ആടിയാടി ഒരു കയ്യിൽ മദ്യകുപ്പിയുമായി കയറി വരുകയും ചെയ്തത്. വാതിൽ കുറ്റിയിട്ട അവൻ മുറിയുടെ മധ്യത്തിൽ പതിവിനു വിപരീതമായി നഗ്നയായി കോതി മിനുസപ്പെടുത്തിയ മുടിയിട്ടഴച്ചു സ്വയം ചുണ്ടു കടിച്ചു ചുവപ്പിച്ചു ശരീരത്തിലൂടെ ഒഴുക്കി കളഞ്ഞ വെള്ളത്തിൽ ശുദ്ധിയായി നില്ക്കുന്ന അവളെ ആയിരുന്നു. .തെല്ലൊന്നമ്പരന്നു നന്നേ തുറക്കാൻ പാടു പെട്ട കണ്ണിമകളോടെ ,പതിവുപോലെ ഒരു ലിന്ഗമായി മായി മാത്രം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞ അവൻ ഇടതു കൈ കൊണ്ട് അവളുടെ മുല ഞെട്ട് ഞെരിയ്ക്കാൻ ശ്രമിക്കുന്നതിനു മുൻപേ ആയിരുന്നു അതു സംഭവിച്ചത് അതി ശക്തമായ കൊടുങ്കാറ്റിലകപ്പെട്ട കണക്കെ രണ്ടു കയ്യും ചേർത്തു പിടിച്ചു അവൾ അവനെ ആഞ്ഞു ഉന്തി .

ആ ഒരൊറ്റ ഉന്തലിൽ തന്നെ അവനെ അവളുടെ ശരീരത്തിൽ നിന്നും ബഹിഷ്കൃതനാക്കാൻ കഴിഞ്ഞു അവൾക്കു.

 

ഓർക്കാതെ കിട്ടിയ പ്രഹരത്തിൽ മദ്യ കുപ്പി തെറിച്ചുടഞ്ഞു വീണു പോവുകയും പാതി മയങ്ങിയ പ്രജ്ഞയുമായി അവൻ കൊടുങ്കാറ്റിലുലഞ്ഞ പായക്കപ്പൽ കണക്കെ വേച്ചു എഴുന്നെൽക്കാൻ ശ്രമിക്കുന്നതിനു മുൻപേ അടുത്ത ആക്രമണം ഉണ്ടായി അതി ശക്തിയോടെ മുട്ടുകാൽ മടക്കി അവന്റെ തുടയിടുക്കിലേക്ക് ആഞ്ഞു തൊഴിച്ചുകൊണ്ട് അവൾ സംഹാര രൂപിയായി അട്ടഹസിച്ചു .

മലർന്നു വീണു പോയവന്റെ നെഞ്ചിലെക്കാഞ്ഞു വീണ്ടും ചവിട്ടി അവനെയാ മുറിയിൽ നിന്നും ബഹിഷ്കൃതനാക്കിയതായി സ്വയം പ്രഖ്യാപിച്ചു അവൾ.

രണ്ടു കയ്യും കൊണ്ട് തുടയിടുക്കിൽ പൊത്തി പിടിച്ചു കരയുന്ന അവന്റെ മുഖത്തേക്ക് നോക്കി അവൾ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങിയപ്പോഴാണ് അവന്റെ വഴു വഴുത്ത ലിന്ഗത്തിൽ നിന്നും അതാ നാരുകൾ പോലെ എന്തൊക്കെയോ മുളച്ചു പൊന്തുകയും ..പോകെ പോകെ അതിനു കൈകൾ ,കാലുകൾ ,ശരീരം, തല ,കണ്ണ്, മൂക്ക് മുളക്കാൻ തുടങ്ങുകയും നോക്കി നോക്കി നിൽക്കേ അവനൊരു ശരീരമായി രൂപാന്തരപ്പെടുകയും .അത്ഭുതമന്യെ കരുണ, ദയ, നന്ദി ,സങ്കടം, ആത്മാഭിമാനം എന്നിവ നിറഞ്ഞു കുത്തിയൊലിക്കുന്ന അതികായകനായി മാറുകയും ചെയ്തത് .

സർവ്വവും നഷ്ടപ്പെട്ട യുദ്ധ തടവുകാരനായ രാജാവിനെ പോലെ അയാൾ തേങ്ങിക്കരയാനും യാചിക്കാനും തുടങ്ങിയപ്പോൾ വിജയ ലഹരിയുടെ മതി ഭ്രമത്തിലകപ്പെട്ടു അവൾ അയാളുടെ മുഖത്തേക്ക് കാര്ക്കിച്ചു തുപ്പി .

സഹോദരൻ ആക്സിഡന്റ് ആയി ഹോസ്പിറ്റലിലാണെന്നു കോളേജ് വിട്ടു നടന്നു വന്നിരുന്ന തന്നെ പറഞ്ഞു പറ്റിച്ചു ഓട്ടോയിൽ കയറ്റുകയായിരുന്നു , സഹോദരന്റെ ഉറ്റ സുഹൃത്ത്,സ്വതന്ത്രകാലത്തെ അവസാന ഓർമ്മ !ബോധം വന്നപ്പോഴേക്കും തുടയിടുക്കുകളിലെ ഭൂഖണ്ഡങ്ങളെ ഓർമ്മിപ്പിക്കുന്ന രക്ത കറകളുമായി ഒരു ജനലുപൊലുമില്ലാത്ത ഈ മുറിയിലകപ്പെടുത്തി അടിമയാക്കുകയായിരുന്നു തന്നെ .

അവൾ അവന്റെ നെഞ്ചിൽ വീറോടെ ഇരുപ്പുറപ്പിച്ചു, മദ്യ കുപ്പിയുടെ ഏറ്റവും മുനയുള്ള പൊട്ടിച്ചില്ലുകളിലൊന്നു കൈക്കലാക്കി അവന്റെ നെഞ്ചിനു നേരെ ഉയർത്തി പിടിച്ചു അവൾ.ഉറക്കെയുറക്കെ ആക്രോശിച്ചു :

“ഈ മുറിയിൽ താൻ അനുഭവിച്ച കൊടിയ പീഡനങ്ങൾക്കും വേദനകൾക്കും തന്റെ വൃണപ്പെട്ട അത്മാഭിമാനത്തിനും വേണ്ടി….. ”

“വീട്ടിലെ ഒരംഗത്തെ പോലെ കരുതി സ്നേഹിച്ചു അമ്മ ഞങ്ങൾ ക്കൊരുമിച്ചു വിളമ്പി തന്ന ഭക്ഷണത്തിനും ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളിലും നിന്നിലുണ്ടായ കഴുകൻ കണ്ണുകളെ തിരിച്ചറിയാൻ കഴിയാതെ പോയ തന്റെ ശുദ്ധിയുള്ള മനസ്സിനേ വീണ്ടെടുക്കുന്നതിലെക്കായി….”

“ഹൃദയ ശൂന്യമായ ഈ നശിച്ച ലോകത്തിന്റെ ഹൃദയം വീണ്ടെടുക്കുന്നതിലെക്കായി ….”

അവൾ ഉച്ചത്തിൽ തുടർന്നു.

“നാൾക്കു നാൾ ഏറികൊണ്ടിരിക്കുന്ന പെണ്ണിന്റെ ആത്മാവിനും ഉടലിനും നേരെയുണ്ടാവുന്ന ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ കഴിയാതെ ലോക യുദ്ധങ്ങളിൽ തോറ്റുപോയ ,മരിച്ചു പോയ കുഞ്ഞുങ്ങൾക്ക് വേണ്ടി …”

എന്നുറക്കെ പ്രഖ്യാപിച്ചവൾ, അവന്റെ നെഞ്ചിലെക്കു ആ കുപ്പിച്ചില്ല് നിർദാക്ഷിണ്യം ആഴ്ത്തിയിറക്കി സ്വാതന്ത്ര്യത്തിന്റെ വർണ്ണ പതാക അവന്റെ നെഞ്ചിൽ ആട്ടി അവനെയാ കാമത്തിന്റെ കറുപ്പിന്റെ കടുപ്പത്തിന്റെ ലോകത്തിൽ നിന്നും ബഹിഷ്കൃതനാക്കി.

ആ മുറിയിൽ അതുവരേയ്ക്കും കാഴ്ച്ചക്കാരായുണ്ടായിരുന്ന കുഞ്ഞു ജാക്കിനേം അമ്മയെയും കൃതജ്ഞ്തയോടെ നോക്കി പുഞ്ചിരിച്ചു അവൾ. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിൽ നിന്ന് കഥാപാത്രങ്ങൾ സ്വന്തം ജീവിതത്തിലേക്കിറങ്ങി വന്നു നിർണ്ണായക മുഹൂർത്തങ്ങളിൽ പങ്കുചേരുന്നതാദ്യമായിട്ടായിരുന്നെങ്കിലും ആ മുറിയിലെ കട്ടിലിന്നടിയിൽ നിന്നും ഒഴിവാക്കപെട്ട നിലയിൽ കിട്ടിയ പുസ്തകത്തിനുള്ളിൽ തന്നെ ഒളിപ്പിച്ചു അവരെയും എന്നന്നേക്കുമായി ഉപേക്ഷിച്ചു കളഞ്ഞു അവൾ. അവൾക്കിനി നിഴലുകളെ പേടിക്കേണ്ടായിരുന്നു ഒരു നിഴലിലും അലിഞ്ഞു ചേരേണ്ടായിരുന്നു.

രക്തത്തിൽ കുളിച്ചു കിടന്നു പിടയുന്ന ആ മാംസ പിണ്ഡത്തെ കവച്ചു കടന്നു അവൾ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു .കൃത്യം ഒരു മാസവും പത്തു ദിവസവും കഴിഞ്ഞു ആ ഇരുമ്പ് വാതിൽ വലിയ ശബ്ദമുണ്ടാക്കി മലർക്കെ അവൾക്കു മുന്നിൽ തുറക്കപെട്ടു .

അപ്പോഴും അശാന്തമായ ജീവിതത്തിന്റെ തുരുത്തുകളിൽ പ്രകാശം പരത്തി സൂര്യൻ അന്നും ഉദിച്ചു നിന്നിരുന്നു .

നീരോഴുക്ക് നേർത്ത് പോയിരുന്നെങ്കിലും പൂർണ്ണമായും വറ്റി വരളാത്ത സ്വന്തം ഹൃദയം മാറോടടക്കി കൊടിയ വിശപ്പോടെ, നരകത്തീയൂതുന്ന വെയിലെങ്കിലും ശുഭ്ര വസ്ത്രധാരിണിയായി അവൾ നഗര പുളപ്പിന്റെ പല പല മുഖങ്ങളിലേക്ക് സധൈര്യം കാലെടുത്തു വെച്ചു .

അപ്പോഴേക്കും ഏതു അശുദ്ധിയെയും തന്നിലേക്കലിയിപ്പിച്ചു അവയെ ശുദ്ധിയാക്കാൻ കഴിവുള്ളവളായി മാറിയിരുന്നു അവൾ ; സോഫിയ !!

~സിമി സീതി~

 

shortlink

Post Your Comments

Related Articles


Back to top button