literatureworldshort story

മായാലോകം

മായാലോകം

story/ Sandeep chandran

 

പുലര്‍ച്ചെ അഞ്ചു മണിക്കുതന്നെ അന്നും കൃത്യമായി അലാറം അടിച്ചു. നല്ല മഞ്ഞുണ്ടായിരുന്നു. പുതപ്പിനുള്ളില്‍ ചുരുങ്ങികൂടാന്‍ മനസ് ഒരുപാട് ആഗ്രഹിച്ചെങ്കിലും, കുറച്ചു നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച കണ്ടപ്പോ, ഫാമിലി പാക്കായ വയറില്‍ നോക്കി, ” നിന്‍റെ വയറു മാത്രമേ വളരുന്നുള്ളൂവല്ലോടാ കുരങ്ങാ?” എന്നു പരസ്യമായി ചോദിച്ച പ്രിയ കൂട്ടുകാരിയുടെ മുഖം മനസ്സില്‍ വന്നു. അത് ചോദിക്കുമ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന ഒരു ആക്കിയ ചിരി ഓര്‍ത്തപ്പോ, പിന്നെ ഒരു നിമിഷം പോലും കിടക്കാന്‍ തോന്നിയില്ല. പതിവുപോലെ മനസില്ലാ മനസോടെ ചാടി എഴുന്നേറ്റ് വയറു മുന്നിലും ഞാന്‍ പിന്നിലുമായി നടക്കാന്‍ ഇറങ്ങി.

രാവിലെയുള്ള നടത്തം ഒരു പതിവായിരുന്നതുകൊണ്ട് ഒരുപാടു പരിചയക്കാര്‍ ഉണ്ടായി. എന്തെങ്കിലുമൊക്കെ കുശലം പറഞ്ഞും, പരസ്പരം കൈകാണിച്ചും, ഒരു പുഞ്ചിരി സമ്മാനിച്ചുമൊക്കെയാണ് ദിവസവും പരിചയം പുതുക്കിയിരുന്നത്. പക്ഷെ, അന്നു അങ്ങോട്ട്‌ കൈ കാണിച്ചിട്ടുപോലും ആരും ഇങ്ങോട്ട് മൈന്‍ഡ് ചെയ്യുന്നില്ലയിരുന്നു. ആദ്യം ഒരു ചമ്മല്‍ തോന്നിയെങ്കിലും, “ടേക്ക് ഇറ്റ്‌ ഈസി മാന്‍” എന്ന് സ്വയം ആശ്വസിപ്പിച്ചു നടത്തം മതിയാക്കി വീട്ടിലേക്കു തിരികെ നടന്നു.

വീടിനു മുന്നില്‍ എത്തിയപ്പോള്‍ ഗേറ്റിനു മുന്നില്‍ ചെറിയൊരു ആള്‍ക്കൂട്ടം കണ്ടു. അപ്പുപ്പന്‍ സുഖമില്ലാതിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അപ്പുപ്പനു എന്തെങ്കിലും പറ്റികാണുമോ എന്ന് മനസ്സില്‍ ഒരു അരുതാത്ത ചിന്ത വന്നു. ഗേറ്റിനു മുന്നില്‍ അയല്‍വാസികളില്‍ ചിലര്‍ നില്‍ക്കുന്നതു കണ്ടിട്ട് ഓടിവന്നു അവരോടു കാര്യം തിരക്കിയെങ്കിലും ആരും മിണ്ടുന്നില്ല. എല്ലാവരുടെയും മുഖത്തൊരു ഗൗരവഭാവം. എന്നെ കേട്ടതായി പോലും അവര്‍ ഭാവിക്കുന്നില്ല. പിന്നെ ഒന്നും ആലോചിക്കാതെ ഓടി വീടിനു അകത്തു കയറി. അപ്പുപ്പന്റെ മുറി ലക്ഷ്യമാക്കി നടന്നു.

വീടിനകത്ത് കുറെ ബന്ധുക്കളെ കണ്ടു. എല്ലാവരുടെയും മുഖത്ത് ഒരു ഗൗരവ ഭാവമാണ്. അമ്മ പതിവില്ലാതെ രാവിലെ കട്ടിലില്‍ കിടക്കുന്നുണ്ട്. കാര്യം തിരക്കിയെങ്കിലും ആരും മിണ്ടുന്നില്ല. കേട്ടഭാവം നടിക്കുന്നില്ല. അപ്പുപ്പനെ നോക്കിയപ്പോ മുറിയില്‍ കണ്ടില്ല. ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ട്.

” എന്താ ഇവിടെ നടക്കുന്നെ ?? അപ്പുപ്പന്‍ എവിടാ?? ”

കരച്ചിലിന്‍റെ വക്കില്‍ നിന്നും ഉച്ചത്തില്‍ അലറിയെങ്കിലും ആരും ഒന്നും പറയുന്നില്ല. ആരും ഒന്നും കേള്‍ക്കാത്തപോലെ നില്‍ക്കുന്നു.

വീടിനു പുറത്തേക്കോടി ചെന്നപ്പോള്‍ വീടിനു മുന്നില്‍ നീല ടാര്‍പ്പോളിന്‍ കൊണ്ട് ചെറിയൊരു പന്തല്‍ ഉയര്‍ന്നിരിക്കുന്നു. ആത്മമിത്രമായ രാഹുല്‍ വീടിന്‍റെ മൂലയില്‍ നില്‍ക്കുന്ന തെങ്ങില്‍ തലവച്ചു കരച്ചിലടക്കാന്‍ ശ്രമിക്കുന്നു. ചോദിച്ചിട്ട് അവനും കാര്യം പറയുന്നില്ല. മറ്റുകൂട്ടുകാര്‍ അവനുചുറ്റും നിന്നു അവനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നെ പിന്നെ കൂട്ടുകാര്‍ പലരും വിങ്ങി കരയുന്നപോലെ തോന്നി.

” എന്‍റെ അപ്പുപ്പന്‍ മരിച്ചിട്ടാണോ നീയൊക്കെ ഇങ്ങനെ നിന്നു മോങ്ങുന്നെ?? ഈ വിഷമം ഈ വീട്ടില്‍ മറ്റാര്‍ക്കും ഇല്ലല്ലോ? ഒന്ന് നിര്‍ത്തി കാര്യം പറയട കൊപ്പന്മാരെ ”

കാര്യം പറയാതെ നിന്നു മോങ്ങുന്നവന്മാരെ പച്ച തെറി വിളിച്ചു.

ഇതിനിടയില്‍ മൊബൈലില്‍ മെസ്സേജ് ആയി Facebook notifications തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. നോക്കിയപ്പോ സുഹൃത്തുക്കള്‍ പലരും name mention ചെയ്തു ഓരോ പോസ്റ്റ്‌ ഇടുന്നുണ്ട്. പിറന്നാള്‍ ദിവസം മാത്രേ ഇങ്ങനെ തുടര്‍ച്ചയായി notification വരാറുള്ളു. മൊബൈലില്‍ Facebook തുറന്നു നോക്കിയെങ്കിലും ഒന്നും വ്യക്തമാകുന്നില്ല. കണ്ണുകളില്‍ ഇരുട്ടു കയറുന്ന പോലെ തോന്നി.

വൈകാതെ തന്നെ വീടിനു മുന്നില്‍ ഒരു ആംബുലന്‍സ് വന്നു നിന്നു. ഒരു കൂട്ട നിലവിളി കേട്ടു. അപ്പുപ്പന്‍ തന്നെ ആണെന്ന് മനസ്സില്‍ ഉറപ്പിച്ചു വണ്ടിയുടെ അതിനടുത്തേക്ക് ഓടി. ഒരു വര്‍ഷം മുന്നേ അച്ഛന്‍ മരിച്ചപ്പോഴും ഇങ്ങനെ ഒരു ഓട്ടം ഓടിയിരുന്നു.

ആംബുലന്‍സ് വീടിനു അകത്തേക്ക് കടന്നപ്പോള്‍ അതിനുള്ളില്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു മനുഷ്യ ശരീരം കാണാമായിരുന്നു. അപ്പുപ്പനെ ഓര്‍ത്തപ്പോ എനിക്കും കരച്ചില്‍ നിയന്ത്രിക്കാനായില്ല. പോട്ടികരഞ്ഞുകൊണ്ട് ആംബുലന്‍സിനകത്തെക്ക് എത്തി നോക്കാന്‍ ശ്രമിച്ചപ്പോ പിന്നില്‍ നിന്നും ഒരു കൈ തോളത്തു വന്നു പിടിക്കുന്നതായി തോന്നി. അതുവരെ ആരും ശ്രദ്ധിക്കുകപോലും ചെയ്യാതിരുന്നതുകൊണ്ട് ആ ഒരു സ്പര്‍ശം വല്ലാത്തൊരു ആശ്വാസം ഉണ്ടാക്കി. പ്രതീക്ഷയോടു നിറകണ്ണുകളോടെ നിരിഞ്ഞു നോക്കിയത് അച്ഛന്‍റെ മുഖത്തെക്കായിരുനു.

മരിച്ചുപോയ അച്ഛനെ കാണുന്നു. ഇതെന്താ സ്വപ്നമാണോ!! മനസ്സില്‍ ചമ്മിയ ഒരു ചിരി വിടര്‍ന്നു. പക്ഷെ, സാധാരണ സ്വപ്നത്തില്‍ വരുന്ന അച്ഛന്‍ ഇങ്ങനെയല്ല. . സ്വപ്നങ്ങളില്‍ ചിരിച്ച മുഖവുമായി വരാറുള്ള അച്ഛന്റെ മുഖത്തു ഇപ്പൊ ചിരിയില്ല. സ്വപ്നം എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് തോന്നി.

തോളില്‍ കൈയിട്ടുകൊണ്ട് അച്ഛന്‍ പറഞ്ഞു,

“മോന്‍ ഇങ്ങു പോര്. ഇവിടെ നിക്കണ്ട.”

“അച്ഛാ അപ്പുപ്പനും വന്നോ അച്ഛന്റെ അടുത്തേക്ക്‌ “.

” ഉം… മോന്‍ വാ.. അച്ച പറയട്ടെ ”

“അച്ഛാ.. ഇതെന്താ ആരും എന്നോട് മിണ്ടാത്തെ ? അമ്മ പോലും മിണ്ടുന്നില്ല. എന്താ അച്ഛാ എല്ലാര്‍ക്കും പറ്റിയെ? ”

” അന്ന് അച്ഛന്‍ മരിച്ചപ്പോ, മോനെ അച്ചേം ഇതുപോലെ വിളിച്ചിരുന്നു. മോനെയാ അച്ച കൂടുതല്‍ വിളിച്ചേ.. അപ്പൊ ഇതുപോലെ അച്ഛനെ മോനും കേട്ടില്ലായിരുന്നു… ഇതുപോലെ അച്ഛനും തനിയെ ഇരുന്നു കരഞ്ഞായിരുന്നു. ”

” അച്ഛാ… അപ്പൊ ഞാനും!! ”

” ഉം.. മോന്‍ ഇങ്ങു പോര് … അച്ചെടെ കൂടെ. ഇവിടെ നില്‍ക്കണ്ട. .. ഇവിടെ ആരും ഇനി മോനെ കാണില്ല.. ആരും മോനോട് മിണ്ടില്ല… മോന്‍ വാ… അച്ച പറയാം “….

അച്ഛനൊപ്പം തിരികെ നടക്കുമ്പോള്‍ അപ്പുപ്പന്‍ വീടിന്‍റെ വരാന്തയിലിരുന്നു ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

 

shortlink

Post Your Comments

Related Articles


Back to top button