literatureworldshort story

ആണ്, പെണ്ണാകുന്ന കഥ

ആണ്, പെണ്ണാകുന്ന കഥ

ശ്രീപാര്‍വ്വതി

 

ആണിനെ പെണ്ണായി മാറ്റുന്ന അതീന്ദ്രിയ ശക്തികളുടെ പുസ്തകത്തിനു മേല്‍ വിരലോടിച്ചു കൊണ്ടു നിന്നപ്പോള്‍ ധനുഷിന്, തരിച്ചു. ഇരുണ്ട മൌനം തളം കെട്ടി നില്‍ക്കുന്ന പബ്ലിക്ക് ലൈബ്രറിയുടെ ആ മൂലയില്‍ അവന്‍ തനിച്ചായിരുന്നു. പുസ്തകം തുറന്നാല്‍ അതിലെ ഇന്ദ്രജാലക്കാരന്‍ ഹാരിപോര്‍ട്ടര്‍ കഥകളിലേ പോലെ പുസ്തകത്തില്‍ നിന്നിറങ്ങി വരികയും അയാളുടെ മാന്ത്രിക വടി തനിക്കു നേരെ ഉയരുമോ എന്നും ആലോചിച്ച് ഭയന്ന് ധനുഷ് ആ മൂല വിട്ട് വാതിലിന്, അഭിമുഖമായി നിന്നു. വാതിലിനോട് ചേര്‍ന്നാണ്, ലൈബ്രറേറിയന്‍ സോമന്‍ ചേട്ടനിരിക്കുന്നത്. നല്ല കട്ടി മീശ, നിറഞ്ഞ താടിരോമങ്ങള്‍ . ധനുഷ് പതിയെ മുഖമൊന്നുഴിഞ്ഞു. കയ്യില്‍ തടയാത്ത രോമങ്ങളെ കുറിച്ചോര്‍ത്ത് എന്തിനോ അയാള്‍ക്ക് വിഷാദം വന്നു. ഒടുവില്‍ “അന്നയുടെ ഓര്‍മ്മകള്‍ ” എടുത്തുകൊണ്ട് മടങ്ങുമ്പോള്‍ കയ്യിലിരുന്ന് ഒരു ഭ്രാന്തന്‍ ചിരിക്കുന്നതായി അയാള്‍ക്കു തോന്നിയെങ്കിലും അന്നയുടെ ബലത്തില്‍ അയാള്‍ വേഗത്തില്‍ നടന്നു.

ധനുഷ് എന്ന ചെറുപ്പക്കാരന്‍ പൊതുവേ ഒരു പുസ്തക പ്രേമിയല്ല. അയാള്‍ ഒരു അഭിനേതാവാണ്. വേദികളില്‍ മെടഞ്ഞിട്ട മുടിയും നിറഞ്ഞു തുളുമ്പുന്ന മാറിടവും ഒക്കെയായി ചിലപ്പോള്‍ സാരിയുടുത്ത് മറ്റു ചിലപ്പോള്‍ പാവാടയുടുത്ത് ധനുഷിലെ സുന്ദരിയങ്ങനെ പറന്നു നടക്കും. അവനിലെ പെണ്ണത്തം തന്നെയാകണം അച്ചടക്കബോധമുള്ള അവനിലെ വായനക്കാരനെ അന്നുണര്‍ത്തിയത്. വരിസംഖ്യ പിഴയുള്‍പ്പെടെ എണ്ണിനല്‍കുമ്പോള്‍ അവള്‍ അവനെ ശാസിച്ചു. കൃത്യമായി നല്‍കാത്ത വരിസംഖ്യകള്‍ പെരുകി പെരുകി ഒരിക്കല്‍ അവനെ കടന്നു പോകുമെന്ന് പറഞ്ഞപ്പോഴാണ്, ലൈബ്രറിയിലേയ്ക്ക് ധനുഷ് വച്ചു പിടിപ്പിച്ചത്. അല്ലെങ്കിലും ഉള്ളിലെ ആ “അവള്‍ “പലപ്പോഴും അങ്ങനെയാണ്, അച്ചടക്കത്തോടെ നടക്കാന്‍ ഉപദേശിക്കും. മുന്നിലൂടെ ശരീരമുലഞ്ഞ് നടന്നു പോകുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ നോക്കുന്നത് ധനുഷിലെ ആണിനു വേണ്ടിയാണെങ്കില്‍ പലപ്പോഴും എതിരേ നടന്നു വരുന്ന ഒരുവനില്‍ കണ്ണുകള്‍ തുളഞ്ഞു കയറുന്നത് ഉള്ളിലുള്ള അവള്‍ക്കു വേണ്ടിയാണ്.
അങ്ങ ഒരേ സമയം സ്വയം രണ്ടായി നിന്ന് സംതൃപതി അനുഭവിച്ചെങ്കിലും വീട്ടില്‍ എത്തുമ്പോള്‍ ധനുഷ് ഒരു ആണ്, തന്നെയായിരുന്നു.
നഗ്നമായ ഉടലുകളോടെ മുന്നില്‍ താലി കെട്ടിയവള്‍ കിടക്കുമ്പോള്‍ ധനുഷിലെ പുരുഷന്‍ അതിഭയങ്കരമായി ഉണര്‍ത്തപ്പെടാറുണ്ടായിരുന്നു. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ആത്മവീര്യത്തോടെ അവനില്‍ തന്നെയുള്ള ഒരുവളെ എന്ന പോലെ അരികില്‍ കിടക്കുന്ന നഗ്ന ശരീരത്തെ അവന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു. പക്ഷേ ഭാര്യ .. ഒരു പാവം പെണ്ണാണ്. ധനുഷ് കൂട്ടുകാരോട് പറയും
“എന്‍റെ സൌമി എന്തു പാവ്വാന്നോ… ചിലപ്പോള്‍ തോന്നും അവളൊരു പൂച്ചക്കുട്ടിയാണെന്ന്. ഉരുമ്മി നില്‍ക്കും. എത്ര വേദനിപ്പിച്ചാലും അടങ്ങി കിടക്കുന്ന ഒരു പൂച്ചക്കുട്ടി. എത്ര ശരീരം നൊന്താലും പിന്നെയും വേദനകള്‍ വേണമെന്നു പറഞ്ഞ് എന്നിലേയ്ക്ക് ചുരുണ്ടു കൂടുന്നവള്‍ “
ധനുഷിന്‍റെ മറ്റ് ആണ്‍ സുഹൃത്തുക്കള്‍ അവനെ അസൂയയോടെ നോക്കി, പെണ്‍ സുഹൃത്തുക്കള്‍ ആര്‍ത്തിയോടെയും.

എന്തൊക്കെ പറഞ്ഞാലും വേഷം കെട്ടി വേദികളില്‍ ആടുമ്പോള്‍ അവന്‍ അവളായി മാറുന്ന അതിശയം ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ അവന്‍റെ സുഹൃത്തുക്കള്‍ നോക്കി നില്‍ക്കും. പക്ഷേ ബ്ലൌസ്സിന്‍റെ ഓരോ കുടുക്കുകള്‍ വിടര്‍ത്തി മാറ്റുമ്പോഴും ഉള്ളില്‍ ഒരഗ്നി പര്‍വ്വതം പുകയുന്നത് അവനേ അറിയുന്നുണ്ടായിരുന്നുള്ളൂ.
തടിച്ചു വീര്‍ത്തു നില്‍ക്കുന്ന അവന്‍റെ നെഞ്ചിലേയ്ക്കു നോക്കി അസൂയയോടെ സഹ അഭിനേത്രികള്‍ രഹസ്യമായി പറഞ്ഞു,
” ധനുവിന്, മാറ്, വയ്ക്കേണ്ട ആവശ്യമില്ല.” മെലിഞ്ഞു ശുഷ്കിച്ച സ്വന്തം മുലകളിലേയ്ക്കു നോക്കിയാണവള്‍ അത് പറഞ്ഞത്. എന്നാല്‍ ഈ വക സംസാരങ്ങളൊന്നും ധനുഷിനെ തേടിയെത്തിയിരുന്നില്ല.
വേദിയില്‍ നില്‍ക്കുമ്പോള്‍ അവന്‍ “അവള്‍ മാത്രമായി. വസ്ത്രം മാറി അവളില്‍ നിന്ന് വിട്ടു മാറി സ്വന്തം ശരീരത്തിന്‍റെ ചില വളര്‍ച്ചകളെ മൂടി ഷര്‍ട്ട് ധരിക്കുന്നതു വരെ വന്‍ അങ്ങനെ തന്നെ തുടര്‍ന്നു.

പിന്നെ എവിടെ വച്ചാണ്, അവന്‍ “അവളെ” ഭയപ്പെട്ടു തുടങ്ങിയത്?
അഭിനയത്തിന്‍റെ നിമിഷങ്ങളിലെവിടെയോ നായകന്‍റെ വിരലുകള്‍ അടിവയറ്റില്‍ പ്രകമ്പനം സൃഷ്ടിച്ചപ്പോള്‍ ചെര്‍ത്തു പിടിച്ച വിരലുകള്‍ അകറ്റാന്‍ തോന്നിയില്ല. അവന്‍റെ കണ്ണുകളിലേയ്ക്കു നോക്കി ഏറെ നേരം അലിഞ്ഞു നിന്നു. പതുക്കെ പതുക്കെ അവനായി മാറുന്നതു പോലെ…
“എന്താ പെണ്ണേ നീയെന്നെ പ്രേമിച്ചു തുടങ്ങിയോ” എന്ന നായകവേഷധാരിയുടെ പരിഹാസത്തില്‍ ആകെയുലഞ്ഞാണ്, അവള്‍ അവനായത്.
ഒരു തുള്ളി കണ്ണുനീര്‍ ഹൃദയത്തിലെവിടെയോ തടഞ്ഞതു പോലെ.
അന്ന് വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയുമ്പോള്‍ മാറിന്‍റെ മുഴപ്പ് സ്വല്‍പ്പം കൂടിയിട്ടുണ്ടെന്നും മിനുപ്പ് അധികമായിട്ടുണ്ടെന്നും ധനുഷിനു തോന്നി.
ഭ്രാന്തമായ ആവേശത്തില്‍ വീട്ടിലെത്തി കിടക്കയില്‍ ഭാര്യയെ കടിച്ചിറക്കുമ്പോള്‍ അവള്‍ പതിവില്ലാതെ പരാതിപ്പെട്ടു,
“നിനക്കെന്താ ഒരു പെണ്ണിന്‍റെ മണം? ഒരു പെണ്ണിന്‍റെ ആവേഗം?”
തണുത്തുറഞ്ഞു പോയ ഒരു നിമിഷത്തില്‍ ധനുഷ് മലര്‍ന്നു കിടന്നു.
ക്യാന്‍സര്‍ ഉണ്ടോ എന്ന് സ്വന്തം ശരീരത്തിനോട് ചോദിച്ച് സ്വസ്ഥതപ്പെടുന്ന ഒരു മനസ്സുള്ള രോഗിയായി പരിണമിക്കപ്പെട്ടുവോ താന്‍ …
ധനുഷ് ഒരു ധ്യാനത്തിലേയ്ക്ക് കടന്നു.
ഷിന്തകളിലാത്ത വര്‍ന വിസ്മയങ്ങളിലേയ്ക്ക് അവന്‍ എളുപ്പം നുഴഞ്ഞു കയറി. തലയുടെ ഭാരമില്ലായ്മയും വെളിച്ചങ്ങളും അതിനിടയില്‍ പൊട്ടുപോലെ എപ്പൊഴോ വീര്‍ത്ത വയറുമായി “അവള്‍ “. അവനില്‍ അവള്‍ . നിസ്സഹായതയുടെ വലിയൊരു തുരുത്തിലേയ്ക്ക് നടന്നു കയറിയതു പോലെ പിന്നീട് അവന്‍ ഒറ്റപ്പെട്ടു പോയി.

ഭാരമുള്ള തലയും പേറി സ്റ്റേജ് ഷോയില്‍ ഗര്‍ഭിണിയുടെ വേഷം കെട്ടുമ്പോള്‍ ഉള്ളിലെ അവള്‍ അമ്മ ഞരമ്പ് പിടപ്പിച്ചത് അവനറിഞ്ഞിരുന്നു. പ്രസവ വേദനയുടെ അതികാഠിന്യത്തില്‍ കാണാതെ പഠിക്കാത്ത ഒരു അലറിക്കരച്ചില്‍ ഉണ്ടാക്കിയതും അവള്‍ മാത്രമായിരുന്നു. ആരുടേയോ കുഞ്ഞിനെ സ്വന്തമെന്നു കരുതി ചേര്‍ത്തു വയ്ക്കുമ്പോള്‍ മിനുത്ത മുലകള്‍ എത്രമാത്രം പിടഞ്ഞുവെന്നും അവനു തിരിച്ചറിയാനായിരുന്നു.
വേദിയില്‍ നിന്നിറങ്ങുമ്പോള്‍ ധനുഷിനു സങ്കടം തോന്നി. അഴകളവുകളോടെ തയ്പ്പിച്ച ആ സാരി തന്‍റെ തൊലിയോട് ചേര്‍ന്നു പോയതു പോലെ അവനു തോന്നി. എത്ര പറിച്ചെറിഞ്ഞിട്ടും അടര്‍ന്നു പോകാത്ത ഒരു വസ്ത്രമായി അതുമാറി. ഗ്രീന്‍ റൂമിന്‍റെ ഇരുള്‍ മൂലയില്‍ പതിഞ്ഞു നിന്ന് അവന്‍ അമര്‍ത്തിക്കരഞ്ഞു. മാറൊഴുക്കിയ വഴുവഴുപ്പുള്ള ദ്രവത്തിന്, മുലപ്പാലിന്‍റെ ഗന്ധമുണ്ടെന്ന് അവനറിഞ്ഞു.
അഴിഞ്ഞു പോകാത്ത ആ വസ്ത്രവും താങ്ങി അവന്‍ പരിണമിയ്ക്കുകയായിരുന്നു .. അവളായി…

 

shortlink

Post Your Comments

Related Articles


Back to top button