bookreviewliteratureworldstudy

കിണറു കുത്തിയ ഒന്നാം ക്ലാസുകാരന്‍

 

ഒന്നാം ക്ലാസ് കാരന്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങിയപ്പോള്‍  ലോകം മാറിയ കഥ ഇന്ന് വാര്‍ത്തയാണ്.  വെള്ളം മനുഷ്യനു നിത്യോപയോഗമായ വസ്തുവാണ്. വെള്ളം ഇല്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ല. വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടി പുഴയും പൈപ്പും തേടി നടന്നു വെള്ളം ശേഖരിക്കുന്നവരുടെ ചിത്രങ്ങള്‍  പത്ര ദൃശ്യ മാധ്യമങ്ങളില്‍ വരുമ്പോള്‍ ഓ കഷ്ടം എന്ന് പറയുന്നതിനുമപ്പുറം ആരും ഒന്നും ചെയ്യാറില്ല.

ഒരു കുഞ്ഞു കൂട്ടുകാരന്‍ റിയാന്‍ പറയുന്നത് ഇങ്ങനെയാണ്. “ലോകത്തിലെ വെള്ളം മുഴുവന്‍ ഒരു ബക്കറ്റില്‍ ഒതുക്കിയാല്‍ അതില്‍ ഒരു ടീസ്പൂണ്‍ വെള്ളം മാത്രമേ കുടിക്കാന്‍ പറ്റാവുന്നതുണ്ടാകൂ…” ശുദ്ധജലത്തിനായി ഒറ്റക്കു പോരാടിയ റിയാന്റെ വാക്കുകളാണിവ. ലോകം മുഴുവന്‍ അവന്റെ വാക്കുകള്‍ക്ക് നല്കിയ ശ്രദ്ധ നമ്മള്‍ വാര്‍ത്തകളില്‍ കണ്ടു കഴിഞ്ഞു.

ആരാണ് റിയാന്‍? ലോകം അവന്റെ വാക്കുകള്‍ക്ക് ഇത്ര പ്രസക്തി നല്‍കിയത് എന്തുകൊണ്ട്? ഇതറിയണമെങ്കില്‍ റിയാനെ അറിയണം. അവന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥയറിയണം. ആ കഥ പറയുകയാണ്‌ റിയാന്റെ കിണര്‍.

കാനഡയിലിരുന്ന് റിയാൻ എന്ന ഒന്നാം ക്ലാസുകാരൻ കുട്ടി ആഗ്രഹിച്ചത് ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഒരു കിണർ കുഴിക്കാനാണ്. അവൻ ചെറിയ ജോലികളിലൂടെ നാണയത്തുട്ടുകൾ ശേഖരിച്ചുകൊണ്ടവന്‍ അതിനായി പരിശ്രമിച്ചു തുടങ്ങി. ഒരു കുഞ്ഞു സ്വപ്നം എന്നതിനേക്കാള്‍ അകലെയാണ് യാഥാര്‍ത്ഥ്യം എന്നവനു അറിയാമായിരുന്നോ എന്ന് നമ്മള്‍ സംശയിക്കും. കാരണം അവന്റെ പോരാട്ടം കാണുമ്പോള്‍ നമുക്ക് അങ്ങനെ  ചിന്തിക്കാന്‍ കഴിയില്ല.

റിയാന്റെ കഥ മാധ്യമങ്ങളിൽ വാർത്തയായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അവനെത്തേടി സഹായങ്ങളെത്തി. ഒടുവിൽ റിയാന്റെ കിണർ യാഥാർഥ്യമായി. ഇന്ന് മഹത്തായ സേവന പ്രസ്ഥാനമായി അത് വളർന്നിരിക്കുന്നു.  കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ റിയാന്റേത് ഒരു കഥയാണെന്ന് തോന്നാം. എന്നാല്‍ ഇത് വെറുമൊരു കഥയല്ല.  ഒരു കൊച്ചുബാലന്‍ തന്റെ ഇച്ഛാശക്തികൊണ്ടും മനസില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളര്‍ത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനവും അതിന്‍റെ വിജയകഥയുമാണ്.

ശുദ്ധജല ക്ഷാമം നേരിടുന്ന ആഫ്രിക്കന്‍ ജനതയ്ക്കായി കിണര്‍ എന്ന സ്വപ്‌നം മനസില്‍ വേരൂന്നുന്നത് മുതല്‍ റിയാന്‍ വെല്‍ ഫൗണ്ടേഷന്‍ വരെയുള്ള റിയാന്റെ യാത്ര മനോഹരമായി അബ്ദുള്ളകുട്ടി എടവണ്ണ റിയാന്റെ കിണര്‍ എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാന്‍ നാണയത്തുട്ടുകള്‍ ശേഖരിച്ചു നടന്ന കുഞ്ഞു റിയാനില്‍ നിന്ന് ലോകത്തിലെ തന്നെ മഹത്തായ സേവന പ്രസ്ഥാനത്തിലേക്ക് വളര്‍ന്ന ആവേശകരമായ കഥ വായനക്കാര്‍ക്ക് പ്രചോദനം നല്‍കുമെന്ന് ഉറപ്പ്. നമ്മള്‍ പല തിരക്കുകളില്‍ മുഴുകുമ്പോഴും  ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥയാണ് റിയാന്റെ കിണര്‍ എന്ന് പറയാം….

ഒരു കുട്ടിയെ കുറിച്ചുള്ള പുസ്തകം, ബാലസാഹിത്യം എന്നതിനും അപ്പുറം വലിയവരെയും അവരുടെ ചിന്തകളെയും പ്രേചോദിപ്പിക്കാന്‍ ഈ കുഞ്ഞ ബാലനും അവന്റെ ജീവിതത്തിനും കഴിയും എന്നത് ഉറപ്പാണ്. മനുഷ്യത്വം അറിഞ്ഞു വളരുന്ന തലമുറയ്ക്ക് കുഞ്ഞു റിയാന്‍ പ്രചോദനം തന്നെയാണ്. സമൂഹത്ത്തില്‍ നന്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ല എന്നും അത്  വളരാന്‍ ഭാഷയും ജാതിയും മതവും ഭൂ അതിര്‍ത്തിയും ആവശ്യമില്ലയെന്നും റിയാന്‍ ജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്നു.

വര്‍ണ്ണ മത ചിന്തകളുടെ താഴ്വാരത്തുനിന്നും മാറി ജീവിതം നന്മയുടെ പൂക്കളാല്‍ സമൃദ്ധമാകുന്ന കാലത്തിന്റെ പ്രതിനിധിയായി നമുക്ക് റിയാനെ കാണാം. അവന്റെ കുഞ്ഞു ജീവിതത്തിലെ വലിയ വിജയത്തെ പോലെ ജീവിത വിജയം നമുക്കും നേടാം.

റിയാന്റെ കിണര്‍

അബ്ദുള്ളകുട്ടി എടവണ്ണ

മാതൃഭൂമി

വില: 50 രൂപ

shortlink

Post Your Comments

Related Articles


Back to top button