bookreviewliteratureworldstudy

മാന്ത്രികമായൊരു വായനാനുഭവം

 

ഒരു കൃതി വായിക്കുമ്പോള്‍ അത് വായനക്കാരന്‍റെ മാനസികനിലയെ തകിടം മറിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ വ്യാപാരത്തിലേക്ക് കൂട്ടികൊണ്ട് പോകും. അത്തരം കൃതികളാണ് സാഹിത്യത്തില്‍ ഉദാത്ത സൃഷ്ടികളായി നില്‍ക്കുന്നത്. എന്‍റെ വായനയില്‍ അങ്ങനെ കൊണ്ടുപോയൊരു മനോഹര കൃതിയാണ് അനുരാധ റോയിയുടെ സ്ലീപിംഗ് ഓണ്‍ ജ്യൂപിറ്റര്‍.

ന്യൂയോര്‍ക്ക് ടൈംസിന്‍റെ നിരൂപകയായ ആന്ദ്രിയ തോംപ്സണ്‍ ഈ കൃതിയേ വിശേഷിപ്പിച്ചതാണ് മാന്ത്രികമായൊരു അനുഭവമെന്ന്. വായിച്ചപ്പോള്‍ ഇതിലും നല്ലൊരു വിശേഷണം കൊടുക്കാന്‍ പറ്റില്ല എന്ന് എനിക്കും തോന്നി. ഒരു കുഞ്ഞു നവോമിയായി ഞാനും മാറുന്നതുപോലെ.

നവോമി എന്ന ഏഴുവയസ്സുകാരിയില്‍ തുടങ്ങുന്ന സ്ലീപിംഗ് ഓണ്‍ ജ്യൂപിറ്റര്‍ കവിതപോലെ മനോഹരമായ ഒരു ആഖ്യാനമുള്ള നോവലാണ്‌.. കണ്മുന്നില്‍ വെച്ച് അച്ഛന്‍ വധിക്കപെടുകയും അമ്മയും സഹോദരങ്ങളും നഷ്ടമാകുകയും ചെയ്ത നവോമി കടല്‍ തീരത്തുള്ള ഒരു സന്യാസിയുടെ അനാഥമന്ദിരത്തില്‍ എഴുവയസ്സില്‍ എത്തിപ്പെടുന്നു. അവിടത്തെ സന്യാസി ശ്രേഷ്ടന്റെ ലൈംഗിക ചൂഷണത്തിന് ഇരയായി തീരുന്ന നവോമി ദത്തുപുത്രിയായി നോര്‍വയില്‍ എത്തുന്നു. ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് മടങ്ങി വരുന്ന നവോമിയുടെ ജീവിതം അവതരിപ്പിക്കപ്പെടുന്നത് ജീവിതത്തിന്‍റെ തിരക്കുകള്‍ മാറ്റിവെച്ചു പ്രായത്തിന്‍റെ അവസാന നാളുകള്‍ സ്വച്ഛന്ദമായ ഒരു ജീവിതം ആഘോഷിക്കാന്‍ വരുന്ന മൂന്നു സ്ത്രീകളിലൂടെയാണ്. ഗൌരി, ലതിക, വിദ്യ എന്നിവര്‍ കടല്‍ത്തീരത്തുള്ള പ്രാചീനവും പ്രസിദ്ധവുമായ ജാര്മൂലി ക്ഷേത്രം ദര്‍ശിക്കാനും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു വിശ്രമിക്കാനും ആയി വരുന്ന ട്രെയിന്‍ യാത്രയില്‍ വെച്ചാണ് നവോമിയുടെ കഥുയുടെ ചുരുള്‍ നിവരുന്നത്‌.

നാട്ടില്‍ എത്തുന്ന നവോമി അവിടെ വച്ചുകാണുന്ന ചായക്കടക്കാരന്‍ ജോണിയും അയാളുടെ സഹായി രഘുവും അവളില്‍ സന്യാസിയുടെ ഓര്‍മ്മകള്‍ നിറയ്ക്കുന്നു. രഘുവില്‍ ആകൃഷ്ടനാകുന്ന ഗൈഡ് ബാദല്‍ അയാളെ പ്രലോഭിപ്പിക്കാന്‍ സമ്മാനമായി മൊബൈലും മറ്റും നല്‍കുന്നുണ്ടെങ്കിലും രഘുവില്‍ വികാരങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. നവോമിയുടെ ജീവിതം പലരില്‍ കൂടി പ്രത്യേകിച്ചും വിദ്യയുടെ മകന്‍ സൂരജിലൂടെ ഇഴചേര്‍ന്നു അവതരിപ്പിക്കപ്പെടുമ്പോള്‍ അവളുടെ യാത്രയില്‍ നഷ്ടമായ അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തുമോ എന്ന് വായനക്കാരനേയും ആകാംഷാഭരിതമാക്കാന്‍ നോവലിസ്റ്റിനു കഴിയുന്നു. അതാണ്‌ ഈ കൃതിയുടെ വിജയവും.

 

shortlink

Post Your Comments

Related Articles


Back to top button