Film ArticlesGallery

ദേശീയ അവാര്‍ഡിന്‍റെ തിളക്കത്തിലെ മലയാള നായിക സാന്നിദ്ധ്യങ്ങള്‍

പ്രവീണ്‍ പി നായര്‍

‘തുലാഭാരം’ എന്ന സിനിമയില്‍ ശാരദ എന്ന നടിയാണ് ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ ആദ്യ മലയാള നടി. ‘വിജയ’ എന്ന കഥാപാത്രത്തെയാണ് ശാരദ ‘തുലാഭാരം’ എന്ന സിനിമയില്‍ അവതരിപ്പിച്ചത്. വിന്‍സെന്റ് സംവിധാനവും തോപ്പില്‍ ഭാസി രചനയും നിര്‍വ്വഹിച്ച സിനിമയായിരുന്നു 1968-ല്‍ പുറത്തിറങ്ങിയ ‘തുലാഭാരം’. കെ.പി.എ.സി യുടെ തന്നെ ‘തുലാഭാരം’ എന്ന നാടകത്തിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ. മികച്ച രണ്ടാമത്ത ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം നേടിയെടുത്തു. സങ്കീര്‍ണമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന മികച്ച കഥാപാത്രമായിരുന്നു ശാരദ അവതരിപ്പിച്ച ‘വിജയ’. അഭിനയ സാദ്ധ്യത അത്രത്തോളം മുഴച്ചു നില്‍ക്കുന്ന ഈ കഥാപാത്രം ശാരദ വളരെ ഭംഗിയായി കൈകാര്യം ചെയ്തു.

പ്രേം നസീര്‍, മധു, തിക്കുറുശ്ശി സുകുമാരന്‍നായര്‍, ഷീല, അടൂര് ഭാസി എന്നിവരായിരുന്നു ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍.

‘വീണ്ടും ശാരദ’

ശാരദയെ തേടി വീണ്ടും ദേശീയ അവാര്‍ഡിന്‍റെ തിളക്കമെത്തി. 1972-ല്‍ പുറത്തിറങ്ങിയ ‘സ്വയംവരം’ എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയിലായിരുന്നു മികച്ച നടിക്കുള്ള രണ്ടാമത്തെ ദേശീയ അംഗീകാരം ശാരദയെ തേടിയെത്തിയത്. ‘സീത’ എന്ന കഥാപാത്രത്തെയാണ് ശാരദ ഇതില്‍ അവതരിപ്പിച്ചത്.
മധു, അടൂർ ഭവാനി, കെ.പി.എ.സി. ലളിത, തിക്കുറിശ്ശി സുകുമാരൻനായർ, കൊടിയേറ്റം ഗോപി എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍.
വടക്കന്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രണയിച്ചു ഒളിച്ചോടി വരുന്ന സീതയും വിശ്വവും നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘സ്വയംവരം’.
‘മോനിഷയെ തേടിയെത്തിയ അംഗീകാരം’

മോനിഷയെ തേടിയും മികച്ച നടിക്കുള്ള ദേശീയ അംഗീകാരം എത്തി. നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ നായിക കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനു ലഭിച്ചതായിരുന്നു ഈ അംഗീകാരം.ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങള്‍ എന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് എം.ടി വാസുദേവന്‍ നായരാണ്. നിഷ്കളങ്കത്വം പേറുന്ന തനി ഗ്രാമീണ പെണ്‍കുട്ടിയായ ഗൗരി എന്ന കഥാപാത്രത്തെയാണ് മോനിഷ ഈ സിനിമയില്‍ അവതരിപ്പിച്ചത്. വിനീത്, തിലകന്‍, ഗായകന്‍ പി.ജയചന്ദ്രന്‍ എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം കെ.എസ്. ചിത്രയും ഈ സിനിമയിലൂടെ സ്വന്തമാക്കി.
‘വിസ്മയിപ്പിച്ച ഗംഗയും, നാഗവല്ലിയും’

മലയാള സിനിമ കണ്ട ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ശോഭനയുടെ ‘ഗംഗ’ എന്ന മണിച്ചിത്രത്താഴിലെ കഥാപാത്രം. ഗംഗയില്‍ നിന്ന് നാഗവല്ലിയിലേക്കുള്ള ശോഭനയുടെ കൂടുമാറ്റം പ്രശംസനീയമാണ്. 1993-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ സംവിധായകന്‍ ഫാസിലാണ് മധു മുട്ടമാണ് മണിച്ചിത്രത്താഴിന്‍റെ രചയിതാവ്.മികച്ച ജനപ്രിയ ചിത്രം എന്ന അംഗീകാരവും മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് ലഭിക്കുകയുണ്ടായി. കരുത്തുറ്റ അഭിനയത്തിന്‍റെ വലിയ അംഗീകാരം ശോഭനയ്ക്ക് ഈ കഥാപാത്രത്തിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞു. മോഹന്‍ലാല്‍, സുരേഷ്ഗോപി, ഇന്നസന്‍റ്, നെടുമുടിവേണു, തിലകന്‍ തുടങ്ങിയ പ്രമുഖര്‍ ഈ സിനിമയില്‍ വേഷമിട്ടു.

‘ഷാഹിനയിലൂടെ മീരാജാസ്മിന്‍’

2003-ല്‍ പുറത്തിറങ്ങിയ ടി.വി. ചന്ദ്രന്‍ സിനിമയായിരുന്നു ‘പാഠം ഒന്ന് ഒരു വിലാപം’. മീര ജാസ്മിന്‍ തന്നിലെ പക്വമായ അഭിനയം ചേര്‍ത്ത് നിര്‍ത്തിയാണ് ഷാഹിന എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കി മാറ്റിയത്. മീരജാസ്മിന്‍റെ ആത്മാര്‍ഥമായ അഭിനയ ശ്രമം ഈ സിനിമയില്‍ നിഴലിക്കുന്നുണ്ട്. അര്‍ഹിച്ച അംഗീകാരം തന്നെയാണ് ഈ സിനിമയിലൂടെ മീരജാസ്മിനെ തേടിയെത്തിയത്. ഇര്‍ഷാദ്, എം.ആര്‍ ഗോപകുമാര്‍, മാമുക്കോയ എന്നിവരായിരുന്നു ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button