CinemaFilm ArticlesGeneralNEWS

ചാനലുകള്‍ ആഘോഷിച്ച പുലിമുരുകന്‍ പുരസ്കാരത്തിന്‍റെ പടികടന്നില്ല (movies special)

എല്ലാവര്‍ഷവും വിമര്‍ശനത്തിനു കാരണമാകാറുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ ഈ വര്‍ഷം അര്‍ഹിച്ചവരുടെ കയ്യിലെത്തിയെന്നാണ് പൊതുവേയുള്ള  സംസാരം. സോഷ്യല്‍ മീഡിയയിലടക്കം വിനായകനെ മികച്ച നടനായി തെരഞ്ഞെടുക്കണമെന്ന മുറവിളി ആദ്യമേ ഉയര്‍ന്നിരുന്നു. കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രം അവിസ്മരണീയമാക്കിയ വിനായകനെ തേടി പുരസ്കാര പ്രഖ്യാപനം എത്തിയപ്പോള്‍ താരത്തിനു സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേരാണ്  അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്. മികച്ച സ്വഭാവ നടനായി കമ്മട്ടിപ്പാടത്തിലെ ബാലനെന്ന മണികണ്ഠന്‍ ആചാരിയെ തെരഞ്ഞെടുത്തതും പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷമൊരുക്കി. ആദ്യമായി മലയാള സിനിമയില്‍ നൂറ് കോടി നേടിയ പുലിമുരുകന്‍ പ്രധാന അവാര്‍ഡ്‌ ഗണത്തില്‍ നിന്നും തഴയപ്പെടുകയും ചെയ്തു.


ടിവി ചാനലുകള്‍ റേറ്റിംഗ് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി പല അവാര്‍ഡ്‌ നിര്‍ണയത്തിലും പുലിമുരുകനെ പരിഗണിച്ചപ്പോള്‍ സംസ്ഥാന ജൂറി അംഗങ്ങള്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രത്തെ മൈന്‍ഡ് ചെയ്യാതെ കയ്യൊഴിയുകയായിരുന്നു. ജനപ്രീതി നേടിയ ചിത്രമായി ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുത്തപ്പോള്‍ പുലിമുരുകന്‍ സംസ്ഥാന പുരസ്കാരത്തിന്റെ പടികടക്കാതെ പുറം തള്ളപ്പെട്ടു. മികച്ച ചിത്രമായി മഹേഷിന്റെ പ്രതികാരവും മികച്ച ജനപ്രീതി നേടിയ ചിത്രമായി പുലിമുരുകനും തെരെഞ്ഞെടുക്കണമെന്നായിരുന്നു അവാര്‍ഡ്‌ നിര്‍ണയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം ഉയര്‍ത്തിയ ആവശ്യം. സാങ്കേതികപരമായ അവാര്‍ഡ്‌ നിര്‍ണയത്തിലും പുലിമുരുകന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന്‍ സംസ്ഥാന പുരസ്കാര നിര്‍ണയത്തില്‍ അടയാളപ്പെടാതെ പോയത് വരും ദിവസങ്ങളില്‍ ചര്‍ച്ചയായി മാറിയേക്കാം. സംവിധായകരായ സുന്ദര്‍ദാസ്, സുദേവന്‍, പ്രിയനന്ദനന്‍, നിരൂപക മീനാ ടി പിള്ള തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, , നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button