General

സംഘര്‍ഷഭരിതമായ ജീവിതത്തെ വെല്ലുവിളിയോടെ നേരിട്ട കലാകാരി സില്‍ക്ക് സ്മിതയില്ലാത്ത ഇരുപത് വര്‍ഷങ്ങള്‍

ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങള്‍ കൊണ്ട് ആരാധകരെ ഹരം കൊള്ളിച്ച നടിയായിരുന്നു സില്‍ക്ക് സ്മിത. സില്‍ക്ക് സ്മിത ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് യാത്രയായിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു. കരിയറില്‍ കത്തി നിന്ന സമയത്തായിരുന്നു സ്മിതയുടെ ആത്മഹത്യ. വിജയലക്ഷ്മി എന്നാണ് സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ നാമം. 1960ൽ ആന്ധ്രയിലെ ഏലൂരിനടുത്ത തേവാലി ഗ്രാമത്തിലാണ് സ്മിത ജനിച്ചത്.
ഗ്ലാമര്‍ വേഷങ്ങളിലൂടെ ഇതര ഭാഷകളില്‍ കത്തി നിന്ന സ്മിത കരുത്തുറ്റ അഭിനേത്രി കൂടിയായിരുന്നു. സംഘര്‍ഷഭരിതമായ ഒരുപാട് നിമിഷങ്ങളിലൂടെ കടന്നു പോയതാണ് സില്‍ക്കിന്‍റെ ജീവിതം. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ സ്മിതയെ കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ അതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം ജീവിതത്തെ വെല്ലുവിളിയോടെ നേരിട്ട കലാകാരിയാണ് സ്മിതയെന്ന്. തന്‍റെ ശരീരം കാട്ടി ആടി തിമിര്‍ക്കുമ്പോഴും സില്‍ക്കിന്‍റെ ഉള്ളിലെവിടെയോ ഒരു കനലെരിഞ്ഞിരുന്നു. പ്രതിസന്ധികളില്‍ പതറാത്ത ഈ കഴിവുറ്റ കലാകാരിയെ കലാലോകം ഒരിക്കലും മറക്കില്ല.

1979-ല്‍ പുറത്തിറങ്ങിയ ‘വണ്ടിചക്രം’ എന്ന സിനിമയിലൂടെയാണ് സ്മിത ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. വണ്ടിചക്രത്തിലെ കഥാപാത്രത്തിന്‍റെ പേരായിരുന്നു സില്‍ക്ക്. അങ്ങനെ സ്മിത സില്‍ക്ക് സ്മിതയായി. അഞ്ഞൂറോളം സിനിമകളില്‍ സ്മിത അഭിനയിച്ചു. സിനിമ ലക്ഷ്യമിട്ട് തന്‍റെ അമ്മായിക്കൊപ്പം ഇറങ്ങി തിരിച്ച സ്മിത ചെന്നൈയിലേക്ക് കുടിയേറി.
ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലാണ് സില്‍ക്ക് ആടി തകര്‍ത്തതും അഭിനയിച്ചു തകര്‍ത്തതും. ചെയ്ത സിനിമളിലേറെയും ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട സില്‍ക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. കൂടുതലും ഗ്ലാമറസ് വേഷങ്ങളില്‍ ഒതുങ്ങിപ്പോയ സ്മിതയില്‍ നല്ലൊരു നടിയുണ്ടായിരുന്നത് പല സംവിധായകരും തിരിച്ചു അറിഞ്ഞില്ല. സില്‍ക്കിന്റെ ജീവിതം പ്രമേയമാക്കി ‘ഡേട്ടിപിക്ചര്‍’ എന്ന ബോളിവുഡ് ചിത്രം 2013 പുറത്തിറങ്ങിയിരുന്നു. വിദ്യാ ബാലനാണ് ചിത്രത്തില്‍ സില്‍ക്കായി അവതരിച്ചത്. 1996- സെപ്റ്റംബര്‍ 23-ന് സ്മിതയെ ചെന്നൈയിലുള്ള ഒരു ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാദക സൗന്ദര്യം കൊണ്ട് മനസ്സ് കീഴടക്കിയ നടി മാത്രമായിരുന്നില്ല സില്‍ക്ക്. മനസ്സ് കൊണ്ട് എല്ലാവരും ഇഷ്ടപ്പെടുന്നതും, ബഹുമാനിക്കുന്നതുമായ വലിയ കലാകാരി തന്നെയായിരുന്നു സില്‍ക്ക് സ്മിത. ഓര്‍മകളുടെ ഇരുപത് വര്‍ഷങ്ങള്‍ മാത്രമല്ല ഇരുനൂറു വര്‍ഷങ്ങള്‍ കടന്നു പോയാലും സില്‍ക്ക് പ്രേക്ഷര്‍ക്കുള്ളില്‍ സ്മരിക്കപ്പെടും.

shortlink

Related Articles

Post Your Comments


Back to top button