BollywoodMovie Reviews

“സനം രേ” ഹിന്ദി സിനിമയുടെ റിവ്യൂ

പ്രണയത്തിന്‍റെ ചേരുവകള്‍ പാകത്തിന് ചേര്‍ത്ത വാലന്‍ന്റൈന്‍ ചിത്രം “സനം രേ ”

അമല്‍ ദേവ

വാലന്‍ന്റൈന്‍സ് ദിനത്തോട് അനുബന്ധിച് റിലീസ് ചെയ്ത ടീസീരീസ് നിര്‍മ്മിക്കുന്ന മ്യൂസിക്കല്‍ ത്രില്ലര്‍ റൊമാന്റിക് ചിത്രമാണ് “സനം രേ”. പ്രണയത്തിന്‍റെ ചേരുവകള്‍ പാകത്തിന് ചേര്‍ത്ത വര്‍ണ്ണമനോഹരമായ വാലന്‍ന്റൈന്‍ ചിത്രം. ദിവ്യ ഖോസ്ല കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആകാശ് (പുള്‍കിത് സാമ്രാട്ട്) വളരെയധികം ലക്ഷ്യബോധമുള്ള ഒരു ചെറുപ്പകാരന്‍ ആണ്. സാഹചര്യങ്ങള്‍ അവനെ അവന്‍റെ മഞ്ഞുമൂടിയ ചെറിയ ജന്മഗ്രാമത്തിലേക്ക് എത്തിക്കുന്നു. ആകാശിന്‍റെ മുത്തശ്ശന്‍ (ഋഷി കപൂര്‍)ഒരു പഴയ ഫോട്ടോഗ്രാഫര്‍ ആണ്. ചെറുപ്പത്തില്‍ ആകാശില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്‍റെ ഫോട്ടോ സ്റ്റുഡിയോ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് ആകാശിന്‍റെ അച്ഛനും അമ്മയും അത് വില്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ആകെ ആശയക്കുഴപ്പത്തിലായ ആകാശ് തന്‍റെ ബാല്യകാല പ്രണയിനിയായ ശ്രുതി (യാമി ഗൌതം) യെപ്പറ്റിയുള്ള ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നു. സാഹചര്യങ്ങള്‍ അവരെ വീണ്ടും കണ്ടുമുട്ടിക്കുന്നു. കാനഡയിലെ ഒരു യോഗ ക്യാമ്പില്‍ വച്ചാണ് വിധി അവരെ വീണ്ടും കാണാന്‍ ഇടയാക്കുന്നത്. പരിശുദ്ധമായ പ്രണയത്തിലൂടെ സ്വാര്‍ത്ഥമായ പല ആഗ്രഹങ്ങളെയും അതിജീവിക്കുന്നതാണ് ചിത്രത്തിന്‍റെ കഥാതന്തു.

ലഡാക്ക്, കാനഡ, ഹിമാചല്‍ പ്രദേശ്‌ തുടങ്ങിയ അതിസുന്ദരമായ ലൊക്കേഷനുകള്‍ ആണ് ദിവ്യ ഖോസ്ലാ കുമാര്‍ ചിത്രത്തിന് വേണ്ടി കണ്ടെത്തിയിരിക്കുന്നത്. സമീര്‍ ആര്യയുടെ ക്യാമറയും എടുത്തു പറയേണ്ടതാണ്, കണ്ണുകള്‍ക്ക് കുളിരേകുന്ന ആവിഷ്കാര ഭംഗിക്ക് സമീര്‍ തന്‍റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്തു. അതിമനോഹരമായ പര്‍വതങ്ങള്‍,സുന്ദരമായ നദികള്‍, അതിമനോഹരമായ കടല്‍ത്തീരങ്ങളും എല്ലാം കൂടി ഇന്നുവരെ ഹിന്ദി ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ലൊക്കേഷനുകള്‍ ആണ് ചിത്രത്തിലേത്.

ചാര്‍ട്ട്ബസ്റ്ററായ ഗാനങ്ങള്‍ ആണ് ചിത്രത്തിന്‍റെ മറ്റൊരു വലിയ പ്രത്യേകത. ചിത്രത്തിലെ ഓരോ ഗാനങ്ങളും ശ്രവണമാനോഹരമാണ്.

പുള്‍കിത് സാമ്രാട്ടിന്‍റെ ശരീരത്തിന്‍റെ ആകാരഭംഗിയും പ്രണയരംഗങ്ങളും പലപ്പോഴും സല്‍മാന്‍ ഖാനെയും ഒപ്പം രാജേഷ് ഖന്നയെയും അനുസ്മരിപ്പിക്കുന്നു. തരക്കേടില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വയ്ക്കാന്‍ പുള്‍കിതിനും കഴിഞ്ഞിട്ടുണ്ട്. യാമി ഗൌതം വളരെ സുന്ദരിയാണ്, ചിത്രത്തിലെ പര്‍വതനിരകളില്‍ നിന്നുള്ള പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ യാമിയോളം നല്ലൊരു നദിയെ ബോളിവുടില്‍ കാണാന്‍ സാധിക്കില്ല. ഋഷി കപൂര്‍, ഉര്‍വശി രൌടോല എന്നിവരുടെ അഭിനയവും എത്ര അഭിനന്ദിചാലും മതിയാകില്ല.

സഞ്ജീവ് ദത്തയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഹുസൈന്‍ ദലലും ആണ് ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ എഴുതിയത്. ചന്ദ്രശേഖര്‍ പ്രജാപതിയുടെ ചിത്രസംയോജനം ചിത്രത്തെ ഏറെ വലിച്ചുനീട്ടുന്നു എന്ന പോരായ്മയിലെക്ക് നയിക്കുന്നു. പക്ഷെ ദിവ്യ ഖോസ്ല കുമാറിന്‍റെ സംവിധാന മികവുകൊണ്ട് എല്ലാ തെറ്റുകുറ്റങ്ങളും ഇല്ലാതാകുന്നു.

വാലന്‍ന്റൈന്‍സ് ദിനത്തോട് അനുബന്ധിച് റിലീസ് ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യമായ ചിത്രമാണ് “സനം രേ”. ചിത്രത്തിന്‍റെ ദൃശ്യമനോഹരമായ ദൃശ്യങ്ങളും മനോഹരമായ ഗാനങ്ങളും ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്ഷണങ്ങളാണ്. പൂര്‍ണ്ണമായും പ്രണയത്തില്‍ മുക്കിയ ഒരു വാലന്‍ന്റൈന്‍സ് ദിന സമ്മാനം തന്നെയാണ് “സനം രേ”

shortlink

Related Articles

Post Your Comments


Back to top button