Movie Reviews

ജലം – മൂവീ റിവ്യൂ

സംഗീത് കുന്നിന്മേല്‍


ലോകത്തിലെ ആദ്യത്തെ ചാരിറ്റി മൂവി എന്ന വിശേഷണവുമായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ജലം’. ആ വിശേഷണം വാസ്തവമാണെങ്കിലും അല്ലെങ്കിലും ഈ സിനിമയിൽ നിന്ന് കിട്ടുന്ന ലാഭം മുഴുവനും ഭൂരഹിതരായ ആളുകൾക്ക് വേണ്ടി വിനിയോഗിക്കാനുള്ള അണിയറപ്രവർത്തകരുടെ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

എത്രയോ ആളുകൾ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നു. എന്നാൽ അവർ പിന്നീട് എവിടെ ജീവിക്കും എന്നതിനെക്കുറിച്ച് കുടിയൊഴിപ്പിക്കലിന് നേതൃത്വം നൽകിയവർ പോലും ചിന്തിക്കാറില്ല. ഒരു തുണ്ട് ഭൂമി നേടിയെടുക്കാൻ വേണ്ടിയുള്ള അവരുടെ പരക്കം പാച്ചിലിന് അവിടെ തുടക്കമാവുന്നു. തങ്ങളുടെ അവകാശങ്ങൾ അധികാരകേന്ദ്രങ്ങളിലെ ചുവപ്പുനാടകളിൽ സുഖസുഷുപ്തിയിലാണ്ട് കിടക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കാൻ മാത്രമേ ഇത്തരമവസരങ്ങളിൽ ആ പാവങ്ങൾക്ക് കഴിയുകയുള്ളൂ. ഇല്ലെങ്കിൽ തന്നെ കോൺക്രീറ്റ് വനങ്ങൾ കെട്ടിപ്പൊക്കുന്നതിനിടയിൽ എങ്ങനെയാണ് അധികാര, സമ്പന്ന വർഗ്ഗങ്ങൾക്ക് ഭൂരഹിതരുടെ വേദനകൾ അറിയുവാൻ കഴിയുക? സമൂഹവും സർക്കാരും വളരെയധികം പ്രാധാന്യത്തോടെ കാണേണ്ട ഒരു വിഷയമാണ് ഈ ചിത്രം പ്രേക്ഷക സമക്ഷം എത്തിക്കുന്നത്.

“ഭൂമിയുടെ അവകാശികൾ ആര്?” എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഈ ചോദ്യത്തിനുമപ്പുറം ഹൃദയത്തിൽ സ്പർശിക്കുന്ന ഒട്ടനവധി ചോദ്യങ്ങളും ചിന്തകളും ആകെയുള്ള 104 മിനിറ്റ് കൊണ്ട് പ്രേക്ഷകരിലെത്തിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്. ജീവിക്കാൻ ഒരു തുണ്ട് ഭൂമി എന്നത് അവകാശമാണ് എന്ന സന്ദേശവും, ചെങ്ങറ സമരമടക്കമുള്ള വിഷയങ്ങളും, സ്ത്രീകൾക്ക് സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും, അധികാരവർഗ്ഗത്തിന്റെ അപകടകരവും കുറ്റകരവുമായ അനാസ്ഥയുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നു. സീത-ദിനകരൻ ദമ്പതികളിലൂടെയാണ്‌ ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. പ്രിയങ്കയും ജെയിൻ സിറിയക്കുമാണ് (ശിക്കാർ ഫെയിം) ഈ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇരുവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ഹരീഷ് പേരാടി, പ്രകാശ് ബാരെ, സേതുലക്ഷ്മി തുടങ്ങിയവരും സ്വാഭാവികാഭിനയം കാഴ്ച വെച്ചു.

ഔസേപ്പച്ചൻ ഈണം നൽകിയ ഗാനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. കഥയോട് ഇണങ്ങിച്ചേർന്ന ഗാനങ്ങളൊരുക്കിയ ഔസേപ്പച്ചനും വലിയ കയ്യടി അർഹിക്കുന്നു. ചിത്രവും, ഇതിലെ ഗാനങ്ങളും ഓസ്കാർ നോമിനേഷന് വേണ്ടിയുള്ള പട്ടികയിൽ ഇടം നേടിയിരുന്നു. തിരക്കഥാകൃത്ത് എന്ന നിലയിൽ ടി.എസ് സുരേഷ് ബാബുവിനും, സംവിധായകന്റെ റോളിൽ എം.പദ്മകുമാറിനും നല്ലൊരു തിരിച്ചു വരവിനുകൂടിയാണ് ഈ ചിത്രം വഴിയൊരുക്കിയിരിക്കുന്നത്. കേവലമൊരു വിനോദോപാധി എന്ന നിലയിൽ സിനിമയെ കാണുന്നവരെ ഈ ചിത്രം രസിപ്പിക്കണമെന്നില്ല. പക്ഷേ സഹജീവിയുടെ വേദനകളിലും വിഷമങ്ങളിലും പങ്കുചേരാൻ മനസ്സുള്ള ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കണം ഈ ചിത്രം.


shortlink

Related Articles

Post Your Comments


Back to top button