GeneralNEWS

ദേശീയ ചലച്ചിത്ര പുരസ്കാരം: അവാര്‍ഡില്ലെങ്കിലും മാധവന്‍ ഭാഗ്യനായകന്‍

63-ആമത് ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ നടന്‍ മാധവന് പുരസ്കാരമൊന്നും ലഭിച്ചില്ല. പക്ഷേ, ഏറ്റവുമധികം ആഹ്ലാദിക്കാന്‍ വകയുള്ളത്‌ മാധവനാണ് താനും.

മാധവന്‍റെ നായികയായി അഭിനയിച്ച രണ്ട് അഭിനേത്രികളും സമ്മാനിതരായതാണ് മാധവനും ആഘോഷിക്കാനുള്ള വക നല്‍കുന്നത്. മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം തുടര്‍ച്ചയായി രണ്ടാം തവണയും നേടിയ കങ്കണ റാണാവത്തിനെ ഇത്തവണ സമ്മാനാര്‍ഹയാക്കിയത് “തന്നു വെഡ്സ് മനു റിട്ടേണ്‍സ്” എന്ന ചിത്രമാണ്. തന്നു എന്ന ടൈറ്റില്‍ കഥാപാത്രമായും, കുസും എന്ന മറ്റൊരു കഥാപാത്രമായും കങ്കണ നിറഞ്ഞാടിയപ്പോള്‍ മനു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മാധവനാണ്. 2011-ല്‍ ഇവര്‍ തന്നെ അഭിനയിച്ച് ഹിറ്റായ തന്നു വെഡ്സ് മനുവിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആനന്ദ് എല്‍. റായിയാണ് സംവിധാനം.

“സാലാ ഖടൂസ്” എന്ന പേരില്‍ ഹിന്ദിയിലും “ഇരുതി സുട്രു” എന്ന പേരില്‍ തമിഴിലും റിലീസായ സ്പോര്‍ട്സ് ചിത്രത്തിലെ മികച്ച പ്രകടനത്തിന് പുതുമുഖ നായിക രിതിക സിങ്ങിനു അഭിനയത്തിനുള്ള പ്രത്യേക ജ്യൂറി പരാമര്‍ശം ലഭിച്ചു. ഒരു മീന്‍വില്‍പ്പനക്കാരിയില്‍ നിന്ന് ബോക്സിംഗ് താരമായി മാറുന്ന എഴില്‍മതി എന്ന പെണ്‍കുട്ടിയായാണ്‌ റിതിക ചിത്രത്തില്‍ അഭിനയിച്ചത്. എഴില്‍മതിയുടെ ബോക്സിംഗ് കോച്ചായുള്ള ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചത് മാധവന്‍ തന്നെ.

ഒപ്പം അഭിനയിച്ച രണ്ട് അഭിനേത്രികളും അഭിമാനകരമായ ദേശീയ പുരസ്കാരം നേടിയതില്‍ മാധവനും അഭിമാനിക്കാം.

shortlink

Related Articles

Post Your Comments


Back to top button