GeneralNEWS

കൊടുത്ത വാക്ക് പാലിച്ച് സുരേഷ്ഗോപി

ഗുരുവായൂര്‍: താന്‍ കൊടുത്ത വാക്ക് സുരേഷ് ഗോപി എം.പി. പാലിച്ചു. സിയാച്ചിന്‍ മഞ്ഞുമലയിലെ ഹിമപാതത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ സുധീഷിന്‍റെ മകള്‍ മീനാക്ഷിയ്ക്ക്
ഗുരുവായൂരപ്പന്‍റെ തിരുസന്നിധിയില്‍ അമ്മാവന്‍റെ സ്ഥാനത്തിരുന്ന് സുരേഷ് ഗോപി ചോറൂണ് നടത്തി.

ബുധനാഴ്ച ഉച്ചപൂജയ്ക്ക് മുന്‍പായിരുന്ന ചോറൂണ്‍. അന്നപ്രാശം ഹാളില്‍ വച്ചുനടത്തിയ ചടങ്ങില്‍ ഏഴുമാസം പ്രായമായ മീനാക്ഷിയെ സുരേഷ്ഗോപി മടിയിലിരുത്തി. ഗുരുവായൂരപ്പന്റെ തീര്‍ത്ഥം നല്‍കി, ചന്ദനം അണിയിച്ചു. ‘മീനാക്ഷീ’ എന്ന് ചെവിയില്‍ മന്ത്രിച്ച് ആദ്യമായി ഭഗവാന്‍റെ അന്നം നുണയിച്ചു. നെയ്പായസം നല്‍കിയപ്പോള്‍ മീനാക്ഷി പൊട്ടിച്ചിരിച്ചു.

കൊല്ലം മണ്‍റോ തുരുത്തില്‍നിന്ന് എത്തിയ മീനാക്ഷിയുടെ അമ്മ സാലുമോളുടെയും ബന്ധുക്കളുടെയും ഈറനണിഞ്ഞ കണ്ണുകള്‍ എല്ലാത്തിനും സാക്ഷികളായി ഒപ്പമുണ്ടായിരുന്നു. സുധീഷിന്‍റെ അച്ഛന്‍ ബ്രഹ്മപുത്രന്‍, അമ്മ പുഷ്പവല്ലി, സാലുമോളുടെ അച്ഛന്‍ സജീവ്, അമ്മ പ്രീത എന്നിവരാണ് ചോറൂണിനെത്തിയത്. ചോറൂണിനുശേഷം മീനാക്ഷിയെ വെള്ളിത്തൊട്ടിലില്‍ അടിമ കിടത്തി. പിന്നീട് പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി.

ഫിബ്രവരി 16-ന് നടന്ന സുധീഷിന്‍റെ ശവസംസ്‌കാര ചടങ്ങില്‍. പങ്കെടുക്കാന്‍ മണ്‍റോത്തുരുത്തിലുള്ള കൊച്ചു ഒടുക്കത്ത് വീട്ടില്‍ എത്തിയപ്പോഴായിരുന്നു മീനാക്ഷിയുടെ ചോറൂണ് ഗുരുവായൂരില്‍ താന്‍ പങ്കെടുത്ത് നടത്താമെന്ന് സുരേഷ്ഗോപി വാക്കുകൊടുത്തത്. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇഷ്ടദേവനെ ആദ്യം വണങ്ങിയതും ബുധനാഴ്ചയായിരുന്നു. നറുനെയ്യും കദളിക്കുലയും സമര്‍പ്പിച്ച് സുരേഷ്ഗോപി തൊഴുതു.

shortlink

Related Articles

Post Your Comments


Back to top button