Film Articles

‘ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു’ ഈ ഗാനത്തിന്‍റെ ശില്പിയാര് ഒ.എന്‍.വിയോ മധുസൂദനന്‍ നായരോ?

സുജിത് ചാഴൂര്‍ 

ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തില്‍ ഏവരുടെയും മനം കവര്‍ന്ന ഒരു ഗാനമാണ്

” ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു ”

എന്ന ഗാനം.

ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത് ആരാണെന്നുള്ള തര്‍ക്കം പലയിടത്തും നിലവിലുണ്ട്. ഇന്നുകൂടി ഉണ്ടായി. അത് ഓ. എന്‍. വി സാര്‍ ആണ് എഴുതിയതെന്ന തെറ്റായ കുറിപ്പുകളും വാര്‍ത്തകളും മറ്റും ഇന്റര്‍നെറ്റ് തപ്പുന്ന പലര്‍ക്കും കിട്ടും. യു ട്യൂബില്‍ അടക്കം.

എന്നാല്‍ ഈ ഗാനം എഴുതിയത് ഈ ഗാനം ഹൃദയത്തില്‍ കൊള്ളുന്ന രീതിയില്‍ ആലപിച്ച പ്രൊഫസര്‍: മധുസൂദനന്‍ സാര്‍ തന്നെയാണ്.

ഇതിനെക്കുറിച്ച് ഓ. എന്‍. വി സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. നല്ല സുഹൃത്തുക്കള്‍ ആയ ഓ.എന്‍.വിസാറും മധുസൂദനന്‍ സാറും തമ്മില്‍ ഇതിനെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട് എന്ന് മധുസൂദനന്‍ സാര്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഈ ഗാനത്തിന്റെ ക്രെഡിറ്റ് തന്റെ പേരില്‍ വരുന്നതില്‍ ഓ.എന്‍.വി സാറിന് വിഷമം ഉണ്ടായിരുന്നു. അറിയാവുന്ന പലരോടും സാര്‍ തന്നെ പറഞ്ഞിട്ടും ഉണ്ട്.

ഏറ്റവും ഒടുവിലായി പാട്ടെഴുത്തുകാരനായ രവിമേനോന്‍ മധുസൂദനന്‍ സാറുമായിനടത്തിയ അഭിമുഖത്തില്‍ ഈ ഒരൊറ്റ വിഷയം മാത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ( ഇപ്പോഴും ചോദിക്കുന്നു ”ഇരുളിന്‍ മഹാനിദ്രയില്‍ ആരെഴുതി? എന്നാണ് ആ ലേഖനത്തിന്റെ തലവാചകം. 2016 ജൂണ്‍ 12 നുഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പേജ് 42 മുതല്‍വായിക്കുക )

ഈ സിനിമയിലെ മറ്റു ഗാനങ്ങള്‍ ഓ.എന്‍.വിസാര്‍ എഴുതിയെങ്കിലും ചിത്രത്തിന്റെ പ്രധാന സന്ദര്‍ഭത്തില്‍ വരുന്ന ഈ ഗാനം ഒരു കവിത ആയിരിക്കണമെന്നും അത് മധുസൂദനന്‍ സാര്‍ തന്നെ എഴുതണമെന്നും സംവിധായകനായ ലെനിന്‍ രാജേന്ദ്രന്‍ നിര്‍ബന്ധിച്ച കാര്യം മധുസൂദനന്‍ സാര്‍ ഓര്‍ക്കുന്നുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് എഴുതേണ്ടി വന്ന ഗാനം ഇത്ര ഹിറ്റ്‌ ആകുമെന്ന് സാര്‍ പോലും പ്രതീക്ഷിച്ചില്ല. ഈ ഗാനരചനയില്‍ ബൈബിളിന്റെ സ്വാധീനം പോലും ഒരു വരിയില്‍ സാര്‍ ഉപയോഗിച്ച കാര്യവും ലേഖനത്തില്‍ ഉണ്ട്. ” കനിവിലൊരു കല്ല്‌ കനിമധുരമാകുമ്പോഴും ” എന്ന് തുടങ്ങുന്ന വരിയായിരുന്നു അത്.

ഈ മനോഹരഗാനം ചിട്ടപ്പെടുത്തിയത് മോഹന്‍ സിത്താരയാണ്.. അതും എന്റെ പ്രിയരാഗങ്ങളില്‍ ഒന്നായ ശിവരഞ്ജിനിയില്‍. അതുകൊണ്ട് തന്നെ മറ്റൊരു ഹൃദയബന്ധം കൂടി എനിക്ക് ഈ ഗാനത്തോട്‌ ഉണ്ട്.

ഇനിയെങ്കിലും ഈ ഗാനത്തിന്റെ രചയിതാവിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കും എന്ന് കരുതുന്നു..

ഈ വരികള്‍ എഴുതിയതും പാടിയതും ഒരേ ആള്‍തന്നെ… പ്രൊഫസര്‍ : മധുസൂദനന്‍ നായര്‍സര്‍

shortlink

Related Articles

Post Your Comments


Back to top button