Film Articles

ആടുതോമ ചെകുത്താനല്ല, ഞങ്ങടെ ദൈവമാ

 

പി. അയ്യപ്പദാസ് കുമ്പളത്ത്‌

പൗരുഷം സിക്‌സ് പാക്കിലല്ല, നെട്ടെല്ലു നിവര്‍ന്ന് പറയാനുളളതു മുഖത്തുനോക്കി പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലുമാണെന്ന് മലയാളിയെ പഠിപ്പിച്ച ചങ്കൂറ്റമുള്ള കഥാപാത്രമായിരുന്നു ഭദ്രന്റെ തൂലികയില്‍ പിറന്ന സ്ഫടികത്തിലെ ആടുതോമ. കാലങ്ങളേറെ കടന്നു പോയിട്ടും തോമാച്ചായന്‍ മലയാളിയുടെ ചങ്കാണ്, ഡബിള്‍ ചങ്ക്. മോഹന്‍ലാലെന്ന നടന വിസ്മയത്തിന്റെ അതുല്യ കഥാപാത്രത്തെ ഏതു ന്യൂജന്‍ പിള്ളേര്‍ക്കും അംഗീകരിച്ചേ മതിയാവു.
എസ്‌ഐ സോമശേഖരനെ ഇടിച്ചു പൊട്ടകിണറ്റിലിടാനും കൊച്ചീന്ന് ആളെ ഇറക്കി തല്ലാന്‍ നോക്കിയ പൂക്കോയ മുതലാളിയുടെ നെഞ്ചത്ത് താണ്ഡവമാടാനും എസ്‌ഐ സോമന്‍പിള്ളയുടെ മുഖത്തുനോക്കി ‘ചെരയക്കാന്‍ മുടി നീട്ടി വളര്‍ത്തുമെന്നു’ പറയാന്‍ ധൈര്യം കാട്ടാനും പെങ്ങടെ കൈയില്‍ കയറി പിടിച്ച എസ്‌ഐ കുറ്റിക്കാടനെ വലിച്ചുകീറാനുമൊക്കെ തോമാച്ചന്‍ കാണിച്ച ഉശിരുണ്ടല്ലോ അതാണ് മലയാളിക്കു പിടിച്ചത്.

മുന്നില്‍ വന്നു ഞൊളച്ചവനെയൊക്കെ തോമ പൂട്ടി. ഒടുക്കത്തെ പൂട്ട്. ഇടി, ഇടിയെന്നു വെച്ചാ ഇടിയോടിടി. തോമാച്ചായന്റെ തുണി പറിച്ചിടി തിയറ്ററുകളെ കുറച്ചൊന്നുമല്ല ഇളക്കി മറിച്ചത്. ഇടിച്ചു പഞ്ചറാക്കി ഏതു പൊലീസിനേം ജീപ്പില്‍ കയറ്റി ഊന്നുവടികൊണ്ട് പെടിലിക്കൊരു കൊളുത്തി പിടി, ആഹാ, ആഹാഹഹ. അതായിരുന്നു തോമാ, ‘തോമാച്ചന്‍ ഞങ്ങടെ ദൈവമാ’

ആട്ടിന്‍പാലും കാന്താരി പിഴിഞ്ഞതും. നല്ല ഒന്നാന്തരം കറുത്ത മുട്ടനാടിന്റെ ചങ്കിലെ ഇരുനാഴി ചോരയും, തോമയുടെ ‘ജീവന്‍ടോണ്‍’ ഇതായിരുന്നു. ആനയേയും ഇടിച്ചിടിനാനുള്ള ആരോഗ്യം. ചുമ്മാതല്ല ആടുതോമയ്ക്ക് ഡബിള്‍ ചങ്കാണെന്നു പറയുന്നത്.
ചുവന്ന ഷര്‍ട്ടും മുണ്ടും അടിയില്‍ കറുത്ത നിക്കറും ബനിയനും. കഴുത്തില്‍ പുലിനഖം, പിന്നെയാ റെയ്ബാന്‍ ഗ്ലാസുകൂടി വെച്ചാ മീശയൊന്നു പിരിച്ചാല്‍, മാസാണ്‌,മരണമാസ്. കാമുകി തുളസിയെ കൊതിപ്പിച്ചതും അവള്‍ ആദ്യമായി ആവശ്യപ്പെട്ടതും തോമാച്ചന്റെ മുഖത്തിരിക്കുന്ന ആ കറുത്ത ഗ്ലാസായിരുന്നു. വില്ലനെ നായകനായിക്കി മാറ്റിയ സംവിധായക പ്രതിഭയേയും നമിക്കാതെ വയ്യ.
പിതൃ പുത്ര ബന്ധത്തിന്റെ കഥകൂടിയായിരുന്നു സ്ഫടികം പ്രേക്ഷകനോടു പറഞ്ഞത്്. ഓട്ടകാലണയുടെ മാത്രം വില കല്‍പ്പിച്ച തോമ അപ്പന്റെ ഷര്‍ട്ടിന്റെ കൈവെട്ടിയ ചെകുത്താനാണെങ്കിലും ഒടുവില്‍ ചാക്കോ മാഷും തോമയക്കുള്ളിലെ നന്മ തൊട്ടറിഞ്ഞു. പൊന്നമ്മയ്ക്കു സ്‌നേഹം വിളമ്പുന്ന മകനായും കൊച്ചനുജത്തി ജാന്‍സിക്കു മധുരം പകരുന്ന ചേട്ടനായുമൊക്കെ തോമയ്ക്ക് കുടുബത്തെയും സ്‌നേഹിക്കാന്‍ കഴിഞ്ഞു. മലയാള സിനിമ ചരത്രത്തിലെ എക്കാലത്തേയും മികച്ച കഥാപാത്രമായി തോമ പ്രേക്ഷക മനസില്‍ ഇനിയും ജീവിക്കും എന്നതില്‍ സംശയമില്ല.

അത്ഭുത മണി കണ്ടു പിടിച്ച തോമസ് ചാക്കോ എന്ന സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയെ തെരുവിലേക്കിറക്കിയത് ആരാണ്, എന്താണ് എന്നൊക്കെയുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ഈ സൂപ്പര്‍ ഹിറ്റ് ചിത്രം മലയാളിക്കു നല്‍കുന്ന സന്ദേശം.

shortlink

Related Articles

Post Your Comments


Back to top button