Film Articles

മലയാള സിനിമയിലെ ആദ്യ രാത്രികള്‍

പ്രവീണ്‍.പി നായര്‍

 

തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? തന്‍റെ ആദ്യ രാത്രിയില്‍ ദിനേശന്‍ പരിഭ്രമിച്ച കാഴ്ച നമ്മള്‍ ആസ്വദിച്ചത് നിറ ചിരികളോടെയാണ്. ഭാര്യയായ ശോഭ മണിയറയിലേക്ക് കടന്നു വരുമ്പോള്‍ പറയേണ്ട കാര്യം റിഹേഴ്സല്‍ ചെയ്തു നോക്കുന്ന തളത്തില്‍ ദിനേശനെ ശ്രീനിവാസന്‍ വളരെ പച്ചയായി അവതരിപ്പിച്ചു.

1989-ല്‍ പുറത്തിറങ്ങിയ ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രം ശ്രീനിവാസന്‍റെ കരിയറിലെ പൊന്‍ തൂവലാണ്. വിറയ്ക്കുന്ന കൈകളോടെ താലി കെട്ടിയ ദിനേശന്‍ ആദ്യ രാത്രിയില്‍ അതിലും വിറയലോടെ നില്‍ക്കുകയാണ്. പേടിച്ചരണ്ട ദിനേശന്‍ ശോഭയോട് പറയുന്നു “ആദ്യ രാത്രിയെന്നു പറഞ്ഞാല്‍ എനിക്കൊരു പേടിയുമില്ല, എന്തിനാ പേടിക്കുന്നത് ശോഭയ്ക്ക് പേടിയുണ്ടോ”? ശ്രീനിവാസനില്‍ തെല്ലും അഭിനയം കലര്‍ന്നിട്ടില്ല എന്ന് തോന്നി പോകുന്ന ഈ സിനിമയിലെ ആദ്യ രാത്രി പൊട്ടി ചിരിയോടെയല്ലാതെ കണ്ടു തീര്‍ക്കാനാവില്ല.

1997-ല്‍ ബാബു പള്ളാശേരി തിരക്കഥയെഴുതി ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും’. ഇതില്‍ നര്‍മം വാനോളം വിതറുന്ന രണ്ട് ആദ്യ രാത്രി സീനുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ജഗതിയും, ബിന്ദു പണിക്കരും ചേര്‍ന്ന് ആദ്യ രാത്രി തമാശ രാത്രിയാക്കുമ്പോള്‍ മറ്റൊരു മണിയറയില്‍ രസകാഴ്ച സൃഷ്ടിക്കുകയാണ് കല്‍പനയും ഹരിശ്രീ അശോകനും ചേര്‍ന്ന്. ആദ്യ രാത്രിയിലെ നര്‍മ രംഗങ്ങള്‍ വളരെ ലാഘവപൂര്‍വ്വം കൈകാര്യം ചെയ്യുകയാണ് ജഗതിഎന്ന നടന്‍. ‘സുധാകരന്‍’ എന്ന കഥാപാത്രത്തെയാണ്‌ ജഗതി ഇതില്‍ അവതരിപ്പിച്ചത്. സുധാകരന്‍ തന്‍റെ ഭാര്യയായ ജയലക്ഷ്മിയോട് “ഒരു ഉമ്മ തരുമോ” എന്ന് ചോദിക്കുന്ന രംഗമുണ്ട്.ജഗതിയുടെ ഈ ചോദ്യം മാത്രം കേട്ടാല്‍ മതി പിന്നെ ചിരി നിര്‍ത്താനേ കഴിയില്ല. പിന്നീട് സുധാകരന്‍ ജയലക്ഷ്മിയോട് ആദ്യ രാത്രിയെ പറ്റിയുള്ള അഭിപ്രായം ചോദിക്കുന്നു. “ആദ്യ രാതി എന്താണെന്ന് അറിയാതെ ആദ്യ രാത്രിയെ കുറിച്ച് എങ്ങനെയാ അഭിപ്രായം പറയുകാ” എന്ന് നാണത്തോടെ പറയുന്ന ബിന്ദു പണിക്കരുടെ മണിയറ അഭിനയം ജഗതിയോളം അസ്സലായിരുന്നു.

ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച ‘തങ്കകുട്ടന്‍’ വളരെ നിഷ്കളങ്ക കഥാപാത്രമാണ്. കല്‍പനയുടെ ‘ജയപ്രഭ’ എന്ന കഥാപാത്രം വളരെ തന്‍റെടിയും. പാലില്‍ ഉറക്ക ഗുളിക കലര്‍ത്തി തങ്കകുട്ടനെ ഉറക്കി കിടത്തുന്ന ജയപ്രഭയെ കല്‍പന അത്യുഗ്രനായിട്ടാണ് അവതരിപ്പിച്ചത്. ഡയലോഗിലെ കൃത്യത കൊണ്ട് ഹരീശ്രീ അശോകനും കല്‍പനക്കൊപ്പം മികച്ച അഭിനയം പ്രകടമാക്കി പിടിച്ചു നിന്നു. മലയാളി സിനിമ പ്രേമികള്‍ ഒട്ടും മറക്കാന്‍ ഇടയില്ലാത്ത തങ്കക്കുട്ടന്‍റെയും ജയപ്രഭയുടെയും രസകരമായ ആദ്യ രാത്രി പ്രേക്ഷരില്‍ കൂട്ട ചിരി സമ്മാനിച്ചു.
തങ്കകുട്ടന്‍റെ മണിയറയിലെ ഗാനലാപന ശൈലി അത്രയക്ക് രസകരമായിരുന്നു
‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുത്തി ഉറക്കരുതേ സുപ്രഭാതം’,
വീണ്ടും തങ്കകുട്ടന്‍ പാടി ‘മധുവിധു രാവുകളെ സുലഭിത യാമങ്ങളെ കയ്യിലെ പാല്‍ഗ്ലാസ്‌ ഇങ്ങ് താ’….

1998-ല്‍ രാജന്‍ ശങ്കരാടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മീനത്തില്‍ താലികെട്ട്’ എന്ന ചിത്രത്തിലും മണിയറ നര്‍മം ഉണ്ടായിരുന്നു. ദിലീപ് അവതരിപ്പിച്ച ‘ഓമനക്കുട്ടന്‍’ എന്ന കഥാപാത്രം തന്‍റെ പ്രിയതമയേയും കാത്ത് റൂമില്‍ ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വന്നു കയറുന്നത് തിലകന്‍റെ ആച്ചന്‍ കഥാപാത്രമാണ്. പിന്നീട് തിലകനും, ദിലീപും തമ്മില്‍ അരങ്ങേറുന്നത് കൂട്ട ചിരി പടര്‍ത്തുന്ന അഭിനയ കാഴ്ചയാണ്. മണിയറയില്‍ പഴവര്‍ഗ്ഗങ്ങള്‍ ഒരുക്കി വെച്ചിരിക്കുന്നത് കണ്ട മകനോട്‌ “ആശുപത്രിയിലെ പ്രസവ വാര്‍ഡ്‌ പോലെയുണ്ടല്ലോടാ” എന്ന് തിലകനിലെ അച്ഛന്‍റെ ചോദ്യം നിര്‍ത്താത്ത ചിരി പരത്തുന്നു. മണിയറയില്‍ അച്ഛനും മകനും ഒരുമിച്ച വളരെ വ്യത്യസ്ഥമായ ചിത്രീകരണ കാഴ്ചായിരുന്നു ഇത്.

റാഫി മെക്കാര്‍ട്ടിന്‍റെ രചനയില്‍ ഷാഫി സംവിധാനം ചെയ്തു 2001-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു
‘വണ്‍മാന്‍ ഷോ’.ഇതിലെ ആദ്യ രാത്രി സീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്നതാണ്.
ജയറാം അവതരിപ്പിച്ച ജയകൃഷ്ണന്‍റെയും സംയുക്ത അവതരിപ്പിച്ച രാധികയുടെയും മണിയറയില്‍ ലാലിന്‍റെ ഹരിനാരായണന്‍ വന്നുപ്പെടുന്നു. താനാണ് രാധികയെ കല്യാണം കഴിച്ചത് എന്ന തെറ്റിദ്ധാരണയില്‍ മാനസിക രോഗിയായ ഹരിനാരായണന്‍ മണിയറയില്‍ സ്ഥാനം പിടിക്കുന്നു. കട്ടിലിനടിയില്‍ കിടക്കുന്ന ഹരിനാരയണനെ കൊണ്ട് തലവേദനയിലാകുന്ന ജയകൃഷ്ണനെ ജയറാം വളരെ മികവോടെയാണ് അവതരിപ്പിച്ചത്. ഹരിനാരായണന്‍ കട്ടിലിനടിയിലുണ്ടെന്ന് തന്‍റെ ഭാര്യയെ അറിയിക്കാതിരിക്കാന്‍ ജയറാം നടത്തുന്ന പരിശ്രമങ്ങളെ നര്‍മത്താല്‍ കോര്‍ത്തിണക്കിയത് കൊണ്ട് വണ്‍മാന്‍ ഷോയിലെ ആദ്യ രാത്രിയും ആസ്വാദ്യകരമായിരുന്നു.

അടുത്തകാലത്തായി പുറത്തിറങ്ങിയ ‘1983’ എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലും വേറിട്ട തരത്തിലെ ആദ്യ രാത്രി ചിത്രീകരണമുണ്ടായിരുന്നു. ശ്രിന്ദ എന്ന നടിയുടെ ‘സുശീല’ എന്ന കഥാപാത്രം ഏറ്റവും കൂടുതല്‍ കയ്യടി നേടിയെടുത്ത സീന്‍ കൂടിയാണിത്. ആദ്യ രാത്രിയില്‍ വളരെ നാണത്തോടെ കാര്യം പറയുന്നതും, കണ്ണ് പൊത്തുന്നതും ശ്രിന്ദയിലെ നടി ഭംഗിപൂര്‍വ്വം അവതരിപ്പിച്ചു. സച്ചിനെ അറിയാത്ത ഒരേയൊരു ഇന്ത്യക്കാരിയാണ് സുശീലയെന്ന്‍ പ്രേക്ഷകര്‍ അറിഞ്ഞതും ഈ മണിയറയില്‍ വെച്ചായിരുന്നു.

മലയാള സിനിമയില്‍ നര്‍മത്തോടെ ചിത്രീകരിച്ച ആദ്യ രാത്രി രംഗങ്ങള്‍ ഇനിയും നിരവധിയുണ്ട്. ആദ്യരാത്രി നര്‍മം സിനിമകളില്‍ ഇനിയും തുടരട്ടെ….

shortlink

Related Articles

Post Your Comments


Back to top button