CinemaIndian CinemaNEWS

സിനിമ അതിന്‍റെ പാരമ്പര്യ മൂല്യത്തിലേക്ക് മടങ്ങിപോകണം- വെങ്കയ നായിഡു

പനാജി: സമൂഹ യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമായ സിനിമ അതിന്റെ പഴയ മൂല്യങ്ങളിലേക്ക് മടങ്ങിപോകേണ്ട ആവശ്യകതയേറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വെങ്കയ നായിഡു. സിനിമ ആളുകളെ സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സിനിമയിലെ അശ്ലീലതയും അക്രമണസ്വഭാവവും ഇന്ത്യന്‍ സമൂഹത്തെ വ്രണപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗ്ഗാത്മകത, യാഥാര്‍ത്ഥ്യ ബോധം, മാനവികതയുടെ സ്പര്‍ശം, യാഥാര്‍ത്ഥ്യത്തോടുള്ള അവബോധം, ലിംഗ നീതി, മുതിര്‍ന്നവരോടുള്ള ആദരവ്, പാരമ്പര്യത്തെ നിലനിര്‍ത്തല്‍ എന്നിവയൊക്കെത്തന്നെ സിനിമയുടെ ഭാഗമാണ്. ഇതെല്ലം നിലനിര്‍ത്തികൊണ്ടുള്ള സിനിമകള്‍ ഉണ്ടാകണം. അതാണ് സിനിമാ സംവിധായകരോടുള്ള എന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 47-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ സൃഷ്ടിയിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ സംവിധായകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ അശ്ലീലതയും, വഷളത്തരവും, അക്രമണങ്ങളും, വ്യംഗ്യാർത്ഥവും സമൂഹത്തെ വ്രണപ്പെടുത്തുകയാണ്. നമ്മള്‍ അതിനെ ഗൗരവമായി കാണുകയും സമൂഹത്തിന്‍റെ പഴയ മൂല്യങ്ങളിലേക്ക് നമ്മള്‍ മടങ്ങി പോകണമെന്നും പറഞ്ഞ അദ്ദേഹം അതിനുള്ള സമയം സംജാതമായിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ഗവണ്‍മെന്റിന്റെ ഉപദേശത്തോടെയാണ് സിനിമ നിര്‍മ്മിക്കുന്നതെങ്കില്‍ അതൊരിക്കലും വിജയിക്കുകയില്ല. സിനിമ സിനിമ തന്നെയായിരിക്കണം എന്നാല്‍ സിനിമയ്ക്ക് പറയാന്‍ ഒരു സന്ദേശമുണ്ടായിരിക്കണം. ഞാന്‍ നിങ്ങളെ ഉപദേശിക്കുകയല്ല. ഇതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്, മന്ത്രി വ്യക്തമാക്കി.

താന്‍ ചെറുപ്പത്തില്‍ കണ്ട ലവ കുശന്‍ എന്ന മഹാസിനിമ ഒരു വര്‍ഷത്തോളമാണ് പ്രദര്‍ശിപ്പിച്ചത്. അതുപോലെ ഉള്ള, വഷളത്തരവും അശ്ലീലതയുമൊന്നുമില്ലാത്ത അനേകം സിനിമകള്‍ ഇവിടെയുണ്ടാകുന്നുണ്ട്. അവ നല്ലപ്രദര്‍ശനങ്ങള്‍ നടത്തുന്നുമുണ്ട്. മികച്ച അഭിനയ പാടവമുള്ള ശിവാജി ഗണേശനും ജെമിനി ഗണേശനും, എംജിആറും, എന്‍ടി രാമറാവുവും തുടങ്ങി അമിതാഭ് ബച്ചന്‍ വരെയുള്ള അഭിനേതാക്കള്‍ നമുക്കുണ്ട്. അവരുടെ അഭിനയ രീതി നമ്മള്‍ കണ്ടതാണ്. പ്രണയ രംഗങ്ങള്‍ക്ക് നായികാ സ്പര്‍ശം വേണമെന്നില്ലെന്നും അത്തരം രംഗങ്ങള്‍ കണ്ണിലൂടെയും, മൂക്കിലൂടെയും, അധരങ്ങളിലൂടെയുമുള്ള ഭാവങ്ങളിലൂടെ ആകാമെന്നും അദ്ദേഹം പറഞ്ഞു.

ത്രീ ഈഡിയറ്റ്സ്, പികെ, ഒയേ ലക്കി ലക്കി ഒയേ, ലഗേ രഹോ മുന്നാ ഭായി, മുന്നാഭായി എംബിബിഎസ്, നോ വണ്‍ കില്‍ഡ് ജെസീക്കാ തുടങ്ങിയ സിനിമകളെ പ്രകീര്‍ത്തിച്ച മന്ത്രി അവയ്‌ക്കെല്ലാം സമൂഹത്തോട് പറയാന്‍ ഒരു സന്ദേശമുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button