NEWSNostalgia

ദേവരാജൻ മാസ്റ്ററെ ദേഷ്യം പിടിപ്പിച്ച ഒരു ഗായകന് കിട്ടിയ പണിയുടെ കഥ

മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ അക്കാലത്ത് അറിയപ്പെട്ടിരുന്നത് രണ്ടു വിഷയങ്ങളിലാണ്, ഒന്ന് സംഗീതം ചെയ്യാനുള്ള അപാരമായ കഴിവ്, രണ്ട് ദുർവ്വാസാവ് പോലും തോൽക്കുന്ന വിധത്തിൽ കോപം. പലരും അദ്ദേഹത്തിന്റെ കോപത്തിന് ഇരയായിട്ടുണ്ട്, പ്രത്യേകിച്ച് ഗായകർ. ഇതാ പണ്ട് ഒരു ഗായകനുണ്ടായ അനുഭവം.

ഒരിക്കൽ കോട്ടയത്തെ ഒരു നിർമ്മാതാവിനൊപ്പം ഒരു ഗായകൻ ദേവരാജൻ മാസ്റ്ററെ കാണാൻ വീട്ടിൽ ചെന്നു. നിർമ്മാതാവിനു തൊട്ടടുത്ത കസേരയിൽ ഇരുന്ന ഗായകൻ ഏതു പാട്ടു ചോദിച്ചാലും പാടിക്കേൾപ്പിക്കാൻ തയ്യാറായിരുന്നു. നിർമാതാവിന്റെ സുഹൃത്തായ ആ പുള്ളിക്കാരൻ ഗായകനാണെന്ന് മാസ്റ്റർ തിരിച്ചറിഞ്ഞിരുന്നില്ല.

“ഇദ്ദേഹം ഒരു ഗായകൻ കൂടിയാണ്. നമ്മുടെ ചിത്രത്തിൽ മാസ്റ്റർ ഇദ്ദേഹത്തിന് പാട്ടു കൊടുക്കണം.” നിർമ്മാതാവ് പറഞ്ഞു നിർത്തി.

“ഓഹോ! ഗായകനാണല്ലേ?” തന്റെ മുന്നിൽ ഞെളിഞ്ഞിരിക്കുന്നയാളെ മാസ്റ്റർ സൂക്ഷിച്ചു നോക്കി. നിർമ്മാതാവിനൊപ്പമായതു കൊണ്ട് അൽപ്പം ഗൗരവത്തിൽ തന്നെയാണ് ഗായകന്റെ ഇരിപ്പ്.

“യേശുദാസിനെപ്പോലെ പാടുമോ?” മാസ്റ്ററുടെ ചോദ്യം.

“അത്രത്തോളമൊന്നും ഇല്ല മാസ്റ്റർ.” ഗായകൻ പെട്ടെന്ന് വിനയാന്വിതനായി.

“എന്നാപ്പിന്നെ ഇയാളെന്തിനാ? യേശുദാസ് പോരേ?” മാസ്റ്ററുടെ മറുപടി.

ഏതായാലും ഗായകന്റെ പാട്ടു മാസ്റ്റർ ഒന്ന് കേൾക്കണമെന്നായി നിർമ്മാതാവ്. മാസ്റ്റർ സമ്മതം മൂളി. യാതൊരു സംഗതികളും ഇല്ലാതെ, വളരെ ലളിതമായും, ഭാവതീവ്രമായും മാസ്റ്റർ കമ്പോസ് ചെയ്ത ഒരു പാട്ട് കുറച്ച് സംഗതികളൊക്കെ ചേർത്ത് ഗായകൻ പാടി:

“പൊന്നിൽ കുളിച്ച രാത്രി, പുളകം പൊതിഞ്ഞ രാത്രി
ഈറൻ നിലാവും തേന്മലർ മണവും ഇക്കിളി കൂട്ടുന്ന രാത്രി.”

“നിർത്ത്! ഇയാളെന്നെ സംഗതി കേൾപ്പിച്ച് ഞെട്ടിക്കാൻ പോകുവാണോ? ആ പാട്ടിന് അതൊന്നും വേണ്ട. എനിക്ക് അറിയാത്തതു കൊണ്ടാ സംഗതി ഇടാത്തതെന്നു താൻ വിചാരിച്ചോ?”

നിർമ്മാതാവിനോട് തിരിഞ്ഞ് അദ്ദേഹം വീണ്ടും പറഞ്ഞു:

“ഇയാളെ വിളിച്ചോണ്ട് പോ…അഹങ്കാരിയാ…” !

ഇതാണ് ദേവരാജൻ മാസ്റ്ററുടെ രീതി. പാവം ഗായകൻ, പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന വിധത്തിൽ ഓടിമറഞ്ഞു.

(കടപ്പാട് :- എസ്.രാജേന്ദ്ര ബാബുവിന്റെ കോടമ്പാക്കം കുറിപ്പുകൾ, ഡി സി ബുക്സ്)

shortlink

Related Articles

Post Your Comments


Back to top button