NEWSNostalgia

സൂപ്പര്‍താരങ്ങള്‍ ഒന്നിക്കേണ്ടിയിരുന്ന “കാമമോഹിതം”

പ്രശസ്ത എഴുത്തുകാരനായ സി.വി.ബാലകൃഷ്ണന്‍റെ, അതിപ്രശസ്തമായൊരു നോവലാണ്‌ “കാമമോഹിതം”. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും, മോഹൻലാലിനും, പ്രതിഭാധനനായ സംവിധായകാൻ കെ.ജി.ജോർജ്ജിനും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നോവലാണ്‌ അത്. എന്താണ് കാരണം ?

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്‌ സംഭവം നടക്കുന്നത്. “യവനിക” എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് ഹെൻട്രിയ്ക്ക് ഒരു സിനിമ നിർമ്മിക്കാൻ മോഹം. കെ.ജി.ജോർജ്ജ് തന്നെ സംവിധാനം ചെയ്യണം എന്നും വാശി. അതേത്തുടർന്ന്, കെ.ജി.ജോർജ്ജും, സി.വി.ബാലകൃഷ്ണനും ചേർന്ന് ഒരുപാട് കഥകൾ തിരഞ്ഞ്, ഒടുവിൽ “കാമമോഹിതം” എന്ന സി.വി.ബാലകൃഷ്ണന്‍റെ നോവൽ തന്നെ തിരഞ്ഞെടുത്തു. ഭരതന്‍റെ സംവിധാനത്തിൽ “അഗ്നിപ്രവേശം” എന്നൊരു തമിഴ് സിനിമ നിർമ്മിക്കാനായി നേരത്തെ കരാറായതിനാൽ, അത് കഴിഞ്ഞു “കാമമോഹിതം” ചെയ്യാം എന്ന് ഹെൻട്രി ഇരുവർക്കും വാക്കു കൊടുത്തു. എന്നാൽ , ഭരതനുമായുണ്ടായ ചില്ലറ വാക്കു തർക്കങ്ങളെത്തുടർന്ന് ആ സിനിമ നിർത്തി വയ്ക്കുകയുണ്ടായി. ശേഷം, ഭരതന്‍റെ കയ്യിൽ നിന്നും കാശ് തിരികെ വാങ്ങി, ഐ.വി.ശശിയെ ഏൽപ്പിച്ച് “കോലങ്ങൾ” എന്നൊരു തമിഴ് സിനിമയുമായി ഹെൻട്രി മുന്നോട്ടു പോവുകയും ചെയ്തു.

ഇതിനിടയിലും, കെ.ജി.ജോർജ്ജും, സി.വി.ബാലകൃഷന്നും “കാമമോഹിതം” സിനിമയാക്കുന്ന പദ്ധതിയുമായി ധൈര്യത്തോടെ മുന്നോട്ടു പോയി. നോവലിലെ സാഗരദത്തനെന്ന കഥാപാത്രമാണ് നായകൻ. ആ റോളിൽ മമ്മൂട്ടിയെ തീരുമാനിച്ചു. നോവൽ വായിച്ചിട്ടുള്ള മമ്മൂട്ടി, തന്‍റെ ഗുരുസ്ഥാനീയനായ കെ.ജി.ജോർജ്ജിനോട്‌, ആ കഥാപാത്രം ഏറ്റവും നന്നായി ചേരുന്നത് മോഹൻലാലിനാണ്, ലാലിനെ ക്കൊണ്ട് തന്നെ അത് ചെയ്യിക്കണം എന്ന് അപേക്ഷിച്ചു. മമ്മൂട്ടി തന്നെ മോഹൻലാലിനോട് ഇക്കാര്യം പറയുകയും ചെയ്തു. കെ.ജി.ജോർജ്ജിന്‍റെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്‍റെ ത്രില്ലിലായിരുന്നു മോഹൻലാൽ. അടുത്ത ദിവസം തന്നെ, ആ നോവലിലെ വേറൊരു കഥാപാത്രമായ ജാജലി മഹർഷിയെ താൻ അവതരിപ്പിക്കാമെന്ന് മമ്മൂട്ടി കെ.ജി.ജോർജ്ജിനെ അറിയിക്കുകയും ചെയ്തു. എല്ലാവരും തികഞ്ഞ സന്തോഷത്തിലായി. ഏറെ നാളുകൾക്കു ശേഷം, മമ്മൂട്ടിയും, മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പേരിൽ “കാമമോഹിതം” സിനിമാ വാരികകളിലൊക്കെ നിറഞ്ഞു നിന്നു.

ചിത്രത്തിൽ വമ്പൻ സാങ്കേതിക പ്രവർത്തകരെ അണിനിരത്താനുള്ള ആവേശത്തിലായിരുന്നു കെ.ജി.ജോർജ്ജും കൂട്ടരും. ഛായാഗ്രഹണം സന്തോഷ്‌ ശിവൻ, സംഗീതം ഇളയരാജ തുടങ്ങിയവരുടെ പേരുകൾ ഉറപ്പിച്ചു. ചിത്രത്തിനു അനുയോജ്യമായ പാട്ടുകൾ ചെയ്യാനായി, ഇളയരാജ തയ്യാറെടുപ്പുകൾ പോലും തുടങ്ങി. ആന്ധ്രാ പ്രദേശിലെ രാജമുന്ദ്രി എന്ന സ്ഥലം പ്രധാന ലോക്കേഷനായും തീരുമാനിച്ചു. പെട്ടെന്നാണ്, ഐ.വി.ശശിയുടെ “കോലങ്ങൾ” പരാജയമാവുകയും, അതിലൂടെ ഹെൻട്രിയ്ക്ക് വൻ സാമ്പത്തികനഷ്ടം സംഭവിച്ചു എന്ന വാർത്ത പരന്നത്. അത് എല്ലാവർക്കും ഷോക്കായി. ആ സമയത്ത് 2 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ഒരു ചിത്രം ചെയ്യാൻ വേറെ ആളെക്കിട്ടാതായി. അങ്ങനെ “കാമമോഹിതം” വെറും ഓർമ്മകളായി മാറി. കുറെ നാളുകൾ അതിനെക്കുറിച്ച് ആരും ചർച്ച ചെയ്തില്ലെങ്കിലും, ഒടുവിൽ മോഹൻലാൽ അതിന്‍റെ നിർമ്മാണച്ചുമതല ഏറ്റെടുക്കാൻ തീരുമാനിക്കുകയും, എല്ലാവരും വീണ്ടും രംഗത്തെത്തുകയും ചെയ്തു. എന്നാൽ , അതിനിടെ “കാലാപാനി” എന്ന സിനിമ നിർമ്മിച്ചതിലൂടെ സാമ്പത്തികമായി അൽപ്പം കുഴപ്പത്തിലായ മോഹൻലാലിന് ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

ആ സമയത്ത് അങ്ങനെയൊരു പ്രോജക്റ്റ് നടക്കാതെ പോയതിൽ, ഇന്നും മോഹൻലാലിന് ഏറെ വിഷമം ഉണ്ടത്രെ. കാലം മാറിയപ്പോൾ അതിന്‍റെ പ്രാധാന്യം പോയെങ്കിലും, ഇപ്പോഴും അത് നടക്കുമോ എന്ന് ബന്ധപ്പെട്ടവർ ആശിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button