CinemaGeneralNEWS

അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന്- ഇന്നസെന്റ്

സിനിമ പ്രതിസന്ധി രൂക്ഷമാവുകയാണ്. പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങളും ഇന്ന് ഒട്ടുമിക്ക തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും. തിയേറ്ററുകള്‍ പൂട്ടിയിടില്ലാന്നും അന്യഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനം തുടരുമെന്നും തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. അന്യഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് താര സംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് കുറ്റപ്പെടുത്തി. പ്രദര്‍ശനം തുടരുന്ന മലയാള സിനിമകള്‍ തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചാല്‍ അന്യഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം.

മറ്റു സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ തീയേറ്ററുടമകള്‍ പറയുന്നതെങ്കില്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നു പറയാന്‍ പറ്റില്ല. മലയാള സിനിമയെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ വിഷയത്തിലിടപെടുന്നതിനു മുന്‍പ് പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ മന്ത്രി എ.കെ.ബാലന്‍ അടക്കമുള്ളവര്‍ക്ക് അമ്മയുടെ ഭാഗത്തുനിന്നു കത്തു നല്‍കിയതാണ്. പ്രതിസന്ധിക്കു സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കുന്ന ആനുകൂല്യം തീയേറ്ററുകള്‍ക്കും നല്‍കണമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്. മലയാള സിനിമകളുടെ ലൈസന്‍സുകള്‍ നിര്‍മാതാക്കള്‍ റദ്ദ് ചെയ്ത സാഹചര്യത്തിലാണ് തീയറ്റര്‍ ഉടമകള്‍ അന്യഭാഷാചിത്രങ്ങളെ ആശ്രയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button