CinemaGeneralIndian CinemaMollywoodNEWS

വിനയന് അനുകൂലമായി മൊഴിനല്‍കിയെന്ന വാദങ്ങള്‍ക്കെതിരെ ലിബര്‍ട്ടി ബഷീര്‍

വിനയന് അനുകൂലമായി കോംപറ്റീഷന്‍ കമ്മീഷന് മുന്‍പാകെ താന്‍ മൊഴിനല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ലിബര്‍ട്ടി ബഷീര്‍. കോംപറ്റീഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ടിട്ടേയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വിനയന്റെ ചിത്രങ്ങള്‍ തടയാന്‍ താരങ്ങളുടെയും സംവിധായകരുടെയും സംഘടനകള്‍ സമ്മര്‍ദം ചെലുത്തിയെന്ന് താന്‍ മൊഴികൊടുത്തതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ വിനയനെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചവര്‍ ഒന്നൊന്നായി പിന്‍വലിയുമെന്ന സൂചന പുറത്തുവരികയാണ്. വിനയനെതിരേ ഹയര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ഫെഫ്ക്കയ്ക്ക് ഇത് ഗുണകരമാകും. വിനയന്‍ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം അടഞ്ഞ അധ്യായമാണ്.

താന്‍ അതില്‍ ഒരഭിപ്രായവും പറയുന്നില്ല. ആരുടെ ഭാഗത്തും നില്‍ക്കുന്നുമില്ല. ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സംഘടനാ പ്രതിനിധികള്‍ കള്ളനാണയങ്ങളാണ്. തനിക്ക് അനുകൂലമായി നിലപാടെടുക്കുന്നവരെ പട്ടിണിക്കിട്ട് ഒറ്റപ്പെടുത്തുകയാണവര്‍. ഹയര്‍ അപ്പീലിനെ നിയമപരമായി നേരിടുമെന്നും വിനയന്‍ പറഞ്ഞു.

അതേസമയം കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കിയാലും ഫെഫ്ക ഭാരവാഹികള്‍ വിജയംകാണില്ലെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു.

സൂപ്പര്‍ താരങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടുന്നവരെ നശിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. മൂന്നോ നാലോ പേരുടെ കാര്യങ്ങള്‍ നടക്കാന്‍ വേണ്ടിയുള്ള സംഘടനയാണ് അമ്മയെന്നും സൂപ്പര്‍ താരങ്ങള്‍ കളിപ്പിക്കുന്ന കുട്ടിക്കുരങ്ങുകളാണ് സംഘടനാ ഭാരവാഹികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജീവിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് സിനിമാ മേഖലയിലുള്ളവര്‍ തനിക്ക് പരസ്യ പിന്തുണയുമായി രംഗത്തുവരാത്തതെന്നും വിനയന്‍ പറഞ്ഞു.

സിനിമയില്‍ നിന്ന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്ന വിനയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും പിഴയടക്കണമെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ വിധിച്ചിരുന്നു. 2008 ല്‍ ആണ് താരസംഘടനയായ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുന്നത്.

ഇതേത്തുടര്‍ന്നാണ് വിനയന്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപിച്ചത്.തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കാതിരിക്കുക, തന്റെ സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ പരാതി നല്‍കിയത്. എന്നാല്‍ വിധിക്കെതിരേ ഹയര്‍ അപ്പീല്‍ നല്‍കാനാണ് ഫെഫ്ക്കയുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button