CinemaNEWS

പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്ന ‘ശാന്തി’ നടനം

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പേരാണ് നടി ശാന്തികൃഷ്ണയുടേത്. 1980-കളുടെ തുടക്കകാലത്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന ശാന്തികൃഷ്ണ വളരെ വേഗമാണ് മുഖ്യധാര സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്നത്, ശാലീന പെണ്‍കുട്ടിയായി വന്നു മലയാളി ഹൃദയം കീഴടക്കിയ ശാന്തികൃഷ്ണ പക്വതയാര്‍ന്ന ഒട്ടേറെ വേഷങ്ങളും വെള്ളിത്തിരയില്‍ മനോഹരമായ രീതിയില്‍ പകര്‍ന്നാടിയിട്ടുണ്ട്.

‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിലെ വത്സല, ‘എന്നും നന്മകളി’ലെ രാധ ദേവി, ‘പക്ഷേ’യിലെ രാജേശ്വരി തുടങ്ങിയ കഥാപാത്രങ്ങളൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നിലകൊള്ളുന്നുണ്ട്. വിവാഹ ജീവിതത്തിനു ശേഷം സിനിമയില്‍ നിന്നു വിട പറഞ്ഞ ‘ആ’ പ്രിയ നടി വീണ്ടും ചലച്ചിത്രലോകത്ത് സജീവമാകുകയാണ്. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനായി എത്തുന്ന ഓണച്ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് ശാന്തികൃഷ്ണയുടെ മടങ്ങി വരവ്. 1998-ല്‍ പുറത്തിറങ്ങിയ ‘മഞ്ജീരധ്വനി’യാണ് അവസനമായി ശാന്തികൃഷ്ണ അഭിനയിച്ച ചിത്രം. 1991 ചിത്രീകരിച്ച ‘കര്‍പ്പൂര ദീപം’ എന്ന ചിത്രത്തില്‍ ശാന്തി കൃഷ്ണ മികച്ചൊരു വേഷം അവതരിപ്പിച്ചിരുന്നു. ചിത്രം 2012-ലാണ് റിലീസ് ചെയ്തത്.

നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ മലയാളത്തില്‍ സിനിമ ചെയ്യും എന്ന ശാന്തികൃഷ്ണയുടെ വാക്കുകളാണ് പുതിയ ചിത്രത്തിലെ ഷീല ചാക്കോ എന്ന കഥാപാത്രത്തെ കൂടുതല്‍ ഇഷ്ടപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്. ‘അസ്വസ്ഥത ലവലേശം ഇല്ലാത്ത ഷീല ചാക്കോ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അസ്വസ്ഥത കൂടപ്പിറപ്പായ ചാക്കോയുടെ ഭാര്യയാണ് അസ്വസ്ഥത ലവലേശം ഇല്ലാത്ത ഷീല ചാക്കോ. ശാന്തികൃഷ്ണയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മടങ്ങി വരവിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെ കരുതാം.

shortlink

Related Articles

Post Your Comments


Back to top button