ആലപ്പുഴ: പുതുച്ചേരി വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് കാറിന് നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതിയടച്ചു. ആലപ്പുഴ ആര്‍ടി ഓഫീസിലാണ് നികുതിയടച്ചത്.പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ വില്‍പന നടത്തിയ ഏഴായിരത്തിലേറെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം.
ഒരു കോടി രൂപ വിലയുള്ള കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ലക്ഷം രൂപ നികുതി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒരു ലക്ഷം മതി. ഡീലര്‍മാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. ഇടനിലക്കാര്‍ രേഖകള്‍ തരപ്പെടുത്തും. നേരത്തേ 25,000 രൂപയായിരുന്നു കമ്മീഷന്‍. ഏജന്റുമാരുടെ എണ്ണം കൂടിയതോടെ 10,000 രൂപ നല്‍കിയാല്‍ മതി.
Post Your Comments