CinemaEast Coast SpecialFilm ArticlesGeneralIndian CinemaKeralaLatest NewsNEWSSpecial

കനകയുടെ ജീവിതം തകര്‍ത്തതാര്?

സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍താര നായികയായി തിളങ്ങിയ നടിയായിരുന്നു കനക. രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
തൊണ്ണൂറുകളില്‍ ഏറെ തിരക്കുള്ള ഒരു നടി കൂടിയായിരുന്നു കനക . സംവിധായകര്‍ ഡേറ്റിനായി കാത്തിരുന്ന ഒരു നല്ല കാലം കനകയ്ക്കും ഉണ്ടായിരുന്നു. 1989-ല്‍ പുറത്തിറങ്ങിയ ‘കരകാട്ടക്കാരന്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കനക ‘ഗോഡ് ഫാദര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട നടിയായി മാറി. മോഹന്‍ ലാലിനൊപ്പം ‘വിയറ്റ്നാം കോളനി’, മമ്മൂട്ടിക്കൊപ്പം ‘ഗോളാന്തരവാര്‍ത്ത’ , ജയറാമിനൊപ്പം ‘കുസൃതിക്കുറുപ്പ്’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ നായികയായി വളര്‍ന്നു.

‘പിൻഗാമി’,’വാർദ്ധക്യപുരാണം’, ‘മന്നാഡിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ’ ,’നരസിംഹം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ ‘ഈ മഴ തേന്‍ മഴ’ എന്ന മലയാള ചിത്രത്തിന് ശേഷം അപ്രത്യക്ഷയായ കനക പിന്നെ വാര്‍ത്തകളില്‍ നിറയുന്നത് ഈ അടുത്ത കാലത്താണ്. സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയ കനകയുടെ മരണ വാര്‍ത്ത നിഷേധിച്ചുകൊണ്ട് കനക തന്നെ രംഗത്തെത്തുകയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ദൃശ്യങ്ങളിലെ കനകയെ കണ്ട് ആരാധകരും സിനിമാലോകവും ഞെട്ടി. എന്താണ് സംഭവിച്ചതെന്നുള്ള അന്വേഷണങ്ങള്‍ ഉണ്ടായി. എങ്ങും തൊടാതെ അവ്യക്തമായ ഉത്തരങ്ങള്‍ നല്‍കി കനക പിന്നെയും അഞ്ജാതവാസത്തിലായി. കനകയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അവിശ്വനീയമായ സംഭവങ്ങളാണ്. ആരാണ് ഈ നടിയുടെ ജീവിതം തകര്‍ത്തത്?

കനകയുടെ ജീവിതം നശിപ്പിച്ചതില്‍ പ്രധാന പങ്ക് അഹങ്കാരിയായ കനകയുടെ അമ്മ ദേവികയാണെന്ന് ഒരു പ്രശസ്ത സിനിമാ നിരൂപകന്‍ പറയുകയുണ്ടായി. അത് സത്യമാണെന്ന് കണ്ടെത്തുന്ന തരത്തില്‍ പിന്നീട് കനകയില്‍ നിന്നും സ്ഥിരീകരണവും ഉണ്ടായി. തെലുങ്കിലും തമിഴിലും സജീവമായിരുന്ന ആദ്യ കാല നടി ദേവികയുടെ മകളാണ് കനക. തെലുങ്കിലും തമിഴിലുമൊക്കെ നമ്പര്‍ വണ്‍ നായികയായി ദേവിക മാറിയത് പെട്ടന്നായിരുന്നു. ഒപ്പം അഹങ്കാരത്തിന്റെ ആള്‍രൂപമായി ദേവിക മാറുകയും ചെയ്തു. മകളെയും അഭിനയരംഗത്ത് കൊണ്ടുവരാന്‍ ദേവിക ആഗ്രഹിച്ചിരുന്നു. അഭിനയ രംഗത്ത് നിന്ന് മാറി പിന്നീട് ദേവിക ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് തിരിഞ്ഞു. അക്കാലത്ത് ഗംഗൈ അമരന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകണ്ട് അദ്ദേഹത്തെ നായകനാക്കി സിനിമ നിര്‍മിക്കണം എന്ന ആഗ്രഹത്തോടെ കനകയെയും കൂട്ടി ദേവിക ഗംഗൈ അമരനെ കാണാന്‍ പോയി. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്ന ഗംഗൈ അമരന്‍ തന്റെ സിനിമയ്ക്ക് പറ്റിയ നായികയെ കൂടി അന്വേഷിക്കുന്ന സമയം കൂടിയായിരുന്നു. കനകയെ കണ്ട് ഇഷ്ടമായ ഗംഗൈ അമരന്‍ തന്റെ ‘കരകാട്ടക്കാരന്‍’ എന്ന ചിത്രത്തില്‍ നായികയായി ഉറപ്പിക്കുന്നു.

ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും ദേവിക കര്‍ശനമായ നിബന്ധനകളാണ് വെച്ചിരുന്നത്. ഒരുവിധത്തില്‍ എല്ലാം സഹിച്ചാണ് ഗംഗൈ അമരന്‍ തന്റെ ചിത്രം തന്നെ പൂര്‍ത്തിയാക്കിയത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ഭാഗ്യനായിക എന്ന പേരും കനകയ്ക്ക് കിട്ടി. അതോടെ അമ്മയുടെ നിബന്ധനകളും പെരുമാറ്റവും കനകയിലും സ്വാധീനമുണ്ടാക്കി. കൂടാതെ കനകയ്ക്ക് തുടര്‍ന്ന് വന്ന എല്ലാ സിനിമകളിലും ദേവിക അനാവശ്യമായി ഇടപെട്ടു. അത് നിര്‍മ്മാതാക്കള്‍ക്കും തലവേദനയായി മാറിയതോടെ നിരവധി നല്ല അവസരങ്ങളും ഈ നടിക്ക് നഷ്ടമായി. ക്രമേണ സിനിമയില്‍ നിന്നും പൂര്‍ണ്ണമായും ഔട്ടായ കനകയെ പിന്നെയാരും അന്വേഷിച്ചില്ല. 2004 ല്‍ വിവാഹത്തോടെ കനകയുടെ സിനിമാ കാരിയറും നിലച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കനക ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നു. പിന്നാലെ മരണവാര്‍ത്തയും സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞു. മറുപടിയുമായി കനക തന്നെ രംഗത്തെത്തി. അഭിനയ രംഗത്ത് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു അഭിനേത്രിയായിരുന്നു കനക. അമ്മയുടെ അഹങ്കാരവും ഇടപെടലുകളും മൂലം സിനിമയും ജീവിതവും തന്നെ നഷ്ടമായ കനകയുടെ അവസ്ഥ മറ്റൊരു നടിക്കും സംഭവിക്കാതിരിക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button