GeneralLatest NewsMollywood

മോഹൻലാൽ ദൈവം തന്നെയാണ്; ലാലേട്ടനോട് അഭിനയം നിർത്താൻ പറയാന്‍ ഇവര്‍ ആര്?

ലൂസിഫർ സിനിമ കണ്ട് ഉറക്കം വന്നുവെന്നും മോശമാണെന്നും വിമർശിച്ച വ്യക്തിയ്ക്ക് മറുപടിയുമായി സിദ്ധു പനയ്ക്കൽ

മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫർ സിനിമ കണ്ട് ഉറക്കം വന്നുവെന്നും മോശമാണെന്നും വിമർശിച്ച വ്യക്തിയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. മോഹൻലാലിനോട് അഭിനയം നിർത്താൻ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ലെന്നും തന്റെ മാന്യത അതിനനുവദിക്കുന്നില്ലെന്നും സിദ്ധു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സിദ്ധു പനയ്ക്കലിന്റെ കുറിപ്പ്

എന്തിനെയും ഏതിനെയും വിമർശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫർ സിനിമയെപ്പറ്റി വിമർശനം ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫർ ഒരു മഹത്തായ സിനിമയാണെന്നോ, ലോകോത്തര സിനിമയാണെന്നോ അതിന്റെ സൃഷ്ടാക്കൾ ആരും അവകാശപ്പെട്ടിട്ടില്ല. ട്രോളർമാരെ കൂട്ടുപിടിച് തള്ളി മറിച്ചു ഉണ്ടാക്കിയ വിജയം എന്നാണ് അവർ ആരോപിക്കുന്നത്.

ഇവർ ആദ്യം മനസ്സിലാക്കേണ്ടത് വിജയം വിലക്ക് വാങ്ങാനാവില്ല എന്നതാണ്. പൈസ കളയാനും സമയംകളയാനും മലയാളി പ്രേക്ഷകർ വിഡ്ഢികളല്ല. അവരുടെ മടക്കുമുതലിനു തക്കതായമൂല്യം സിനിമയിൽ നിന്ന് കിട്ടുന്നതുകൊണ്ടാണ് അവർ വീണ്ടും വീണ്ടും ലൂസിഫർ കാണുന്നത്. പരസ്യം കണ്ടും ട്രോളുകൾ കണ്ടും തീയറ്ററിൽ എത്തുന്ന ആളുകൾക്ക് തൃപ്തികരമല്ല സിനിമയെങ്കിൽ, അടുത്ത ഷോ മുതൽ തീയറ്ററിൽ എത്തുന്ന ആളുകളുടെ എണ്ണം കുറയും.

മോഹൻലാൽ ദൈവം തന്നെയാണ്. ലാൽ മാജിക്‌ തന്നെയാണ് ഈ സിനിമയുടെ വിജയത്തിനാധാരം. സംവിധാന മികവിനെപറ്റി സംസാരിക്കാൻ അവർക്കെന്തു യോഗ്യത. ഇവരാര് സംവിധാനം പഠിപ്പിക്കുന്ന ടീച്ചറോ. സംവിധാനത്തെ പറ്റി പറയാൻ ആ രംഗത്തെ പ്രഗൽഭരുണ്ട്. അവർ വിലയിരുത്തിക്കഴിഞ്ഞതുമാണ്. മികച്ച സംവിധായകരുടെ മുൻനിരയിൽ നിർത്താവുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിമർശകർ പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ലക്ഷ്യമുള്ളതും ജീവനുള്ളതുമാണ് ഇതിന്റെ തിരക്കഥ എന്ന് ബുദ്ധിയുള്ളവർ ഉറക്കെതന്നെ പറഞ്ഞു.

സിനിമ സാധാരണക്കാരന്റെ വിനോദോപാധിയാണ്. അപ്പോൾ അവനു രസിക്കുന്ന ചില ഐറ്റങ്ങൾ സിനിമയിലുണ്ടാകും. അലോസരമുണ്ടാക്കുന്ന സംഗീതം എന്ന് നിങ്ങൾ പറഞ്ഞതിനാണ് ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിക്കുന്നത്. സംഗീതം എല്ലാവർക്കും അറിയണമെന്നില്ല. പക്ഷേ അത് ആസ്വദിക്കാനെങ്കിലും അറിയണം അല്ലെങ്കിൽ ഇതുപോലെ ചില മണ്ടൻ ജല്പനങ്ങൾ ഉണ്ടാകും. ഈ സംഗീത സംവിധായകൻ തമിഴിലേക്ക് വരണം തമിഴ് സിനിമക്ക് ഇദ്ദേഹം ഒരു മുതൽക്കൂട്ടാകും എന്നാണ് സിനിമകണ്ട തമിഴ് ക്രിട്ടിക്കുകൾ ചാനലിൽ പറഞ്ഞത്.

സിനിമ ശരീരമാണെങ്കിൽ ശ്വാസം ആണ് ആ സംഗീതം ഈ സിനിമക്ക്. ഇതൊരു ചെറിയ സിനിമയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞത് ബുദ്ധിപരമായിതന്നെയാണ്. വലിയ സിനിമയാണ് എന്നൊരു സംവിധായകൻ പറഞ്ഞതിനെ പ്രേക്ഷകരും ട്രോളർമാരും എങ്ങനെയാണ് ആഘോഷമാക്കിയത് എന്ന് നാം കണ്ടതാണല്ലോ. സിനിമ കാണാത്തവർ സിനിമയെ പ്രമോട്ട് ചെയ്യുന്നത് കണ്ടവർ പറഞ്ഞിട്ടാണ്. ആ കാണാത്തവർ കണ്ടുകഴിഞ്ഞു മറ്റുള്ളവരോട് പറയുന്നതും നല്ല സിനിമആയതുകൊണ്ടാണ്.

മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകൾക്ക് ഇഷ്ടമാണ്. അന്ന് മാത്രമല്ല ഇന്നും. എന്നും അതങ്ങിനെ ആയിരിക്കുകയും ചെയ്യും. സ്വരം നല്ലതല്ലേ പാട്ടു നിർത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാൻ ആരാണിവർ. ഇവർ എഴുത്തുനിർത്തി വടികുത്തി നടക്കുമ്പോഴും ലാലേട്ടൻ ഇവിടെയുണ്ടാകും, സിനിമയിൽ ഉണ്ടാകും, അഭിനയരംഗത്തുണ്ടാവും. ലാലേട്ടനോട് അഭിനയം നിർത്താൻ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ല. പക്ഷേ എന്റെ മാന്യത അതിനനുവദിക്കുന്നില്ല. പ്രേക്ഷകർ ഇഷ്ടപ്പെട്ട് ഏറ്റെടുത്ത ഒരു സിനിമയെ മോശമായി വിമർശിക്കുന്ന ഇവർക്ക് വികാരം ഉണ്ടാവണമെന്നില്ല. ഫീൽ ഉണ്ടാവണമെങ്കിൽ ആദ്യം ഹൃദയം ഉണ്ടാവണം. ഓരോ സീനും കൈയടിയോടെ, തീയറ്റർ കിടുങ്ങുന്ന ആരവങ്ങളോടെ സിനിമ മുന്നോട്ടു പോകുമ്പോൾ ഇരുന്നുറങ്ങിയ ഇവർ എങ്ങിനെയാണ് ഈ സിനിമയെ വിമർശിച്ചു എഴുതിയത്.

കാണാത്ത സിനിമയെപറ്റി എഴുതാൻ ഇവർക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ. അനാവശ്യ കഥാപാത്രങ്ങൾ എന്നു നിങ്ങൾ പേരെടുത്തെഴുതിയ ആ വിമർശനം മറുപടി അർഹിക്കുന്നില്ല. കാരണം നല്ല നടൻമാർ എന്ന് ജനങ്ങൾ അംഗീകരിച്ച, സംസ്ഥാന അവാർഡ് ജേതാക്കളും ആ കൂട്ടത്തിൽ ഉണ്ട്. അവർ കഥയ്ക്ക് ആവശ്യവുമായിരുന്നു. സിനിമ നന്നായി വിലയിരുത്തുന്നവരുടെ അഭിപ്രായം കേട്ടതിനു ശേഷമാണ് തീയറ്ററുകളിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപെട്ടു തുടങ്ങിയത്.

ഈ കാലത്ത് നായകൾക്കു ഏറ്റവും ഇഷ്ടപ്പെട്ടത് എല്ല് അല്ല. നിങ്ങളെപോലുള്ളവർ വലിച്ചു കളയുന്ന എല്ലിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നു പട്ടിക്കറിയാം. ഈ L ലൂസിഫറിന്റെ L ആണ്. MOHANLAL ലിലെ L ആണ്. ആ L നോടുള്ള ഇഷ്ടം തന്നെയാണ് തീയറ്ററിൽ ജനസാഗരമായി അലയടിക്കുന്നത്, കൊടുംകാറ്റായി ആഞ്ഞടിക്കുന്നത്‌. ആ താരത്തോട്.. സംവിധായകനോട് ആളുകൾക്കുള്ള സ്നേഹമാണ് ജനപ്രളയമായി തീയറ്ററിലേക്ക്‌ ഒഴുകിയെത്തുന്നത്. അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ.

സെലീന ഫെർണാണ്ടസ് എന്ന പേരിലുളള ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ലൂസിഫർ സിനിമയ്ക്കെതിരെ കുറിപ്പ് പ്രസിദ്ധീകരിച്ചത്

shortlink

Related Articles

Post Your Comments


Back to top button