GeneralLatest NewsMollywood

ദയവായി എന്നെ നന്മയുടെ ആള്‍രൂപമാക്കരുത്; തുറന്നു പറഞ്ഞ് രാജേഷ് ശര്‍മ

നടന്‍ രാജേഷ് ശര്‍മയുടെ ഫേയ്‌സ്ബുക്ക് ലൈവിലൂടെ നൗഷാദ് എന്ന വഴികച്ചവടക്കാരന്റെ വലിയ മനസ് മലയാളികള്‍ കാണുന്നത്.

പ്രളയ സമാനമായ അവസ്ഥയിലൂടെ കടന്നു പോയ ദിനത്തില്‍ ദുരിത ബാധിതര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ ലാഭം കണ്ണുകള്‍ ഒന്നുമില്ലാതെ തന്റെ സമ്പാദ്യം മുഴുവന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ നൌഷാദിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നടന്‍ രാജേഷ് ശര്‍മയുടെ ഫേയ്‌സ്ബുക്ക് ലൈവിലൂടെ നൗഷാദ് എന്ന വഴികച്ചവടക്കാരന്റെ വലിയ മനസ് മലയാളികള്‍ കാണുന്നത്. ഇതോടെ രാജേഷ് ശര്‍മയെ പുകഴ്ത്തിയും പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ തന്നെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ അസ്വസ്ഥനാക്കുകയായാണെന്ന് രാജേഷ് തുറന്നു പറയുന്നു. താന്‍ ഒരു നന്മമരമോ, മാതൃകാ പുരുഷോത്തമനോ അല്ലെന്നാണ് തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രാജേഷ് ശര്‍മ പറയുന്നത്. തന്റെ പടം വെച്ച്‌ സുഹൃത്തുക്കള്‍ നല്ലവാക്കുകള്‍ പറയുമ്ബോള്‍ തനിക്ക് ഭയമാണെന്നും നാളെ തനിക്ക് സംഭവിക്കുന്ന വീഴ്ചകളിലോ തെറ്റുകളിലെ ഇതിന്റെ നൂറിരട്ടി കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരും എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴെ അത് തുടങ്ങിക്കഴിഞ്ഞെന്നും രാജേഷ് ശര്‍മ വ്യക്തമാക്കി.

രാജേഷ് ശര്‍മയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഞാനൊരു നന്മമരമല്ല
മാത്യകാ പുരുഷോത്തമനുമല്ല
എന്നോട് അത്രമേല്‍ ഇഷ്ടമുള്ളവര്‍ ഇറക്കുന്ന പോസ്റ്ററുകളിലോ വാര്‍ത്തകളിലോ
എനിക്ക് ഒരു ഉത്താരവാദിത്തവും ഇല്ല എന്ന് സ്നേഹത്തോടെ പറയുന്നു.

ഒരേ സമയം മുള്ളും പൂവുമുള്ളൊരു ചെടിയാണ് ഞാന്‍. ഒരു സാധാരണ മനുഷ്യന്റെ ശക്തിയും ദൗര്‍ബല്യങ്ങളും നന്മതിന്മകളും നിറഞ്ഞ ഒരാള്‍. എന്റെ പടം വച്ച്‌ സുഹൃത്തുക്കള്‍ നല്ല വാക്കുകള്‍ പറയുകയും പ്രചോദിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്ബോള്‍ (അവരുടെ ആത്മാര്‍ത്ഥതയില്‍ തെല്ലും സംശയമില്ലെങ്കിലും) ഭയമാണെനിക്ക്. ഇതിന്റെ മറുവശമായി നാളെ എനിക്കു സംഭവിക്കുന്ന വീഴ്ച്ചകളിലോ അറിഞ്ഞു കൊണ്ടു തന്നെ ഞാന്‍ ചെയ്തേക്കാവുന്ന തെറ്റുകളിലോ ഇതിന്റെ നൂറിരട്ടി മൂര്‍ച്ചയുള്ള കുത്തുവാക്കുകളേയും കാണുന്നു (ഇപ്പോള്‍ത്തന്നെ അതു തുടങ്ങിക്കഴിഞ്ഞു എന്നാണറിഞ്ഞത്)

ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയട്ടെ, സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് നമ്മുടെ നന്മയും തിന്മയുമൊക്കെ ഇത്രയേറെ ആഘോഷിക്കപ്പെടാനുള്ളതാണെന്ന് മനസ്സിലാകുന്നത്. അടിസ്ഥാനപരമായി ഞാനൊരു നാടക പ്രവര്‍ത്തകനാണ്. പ്രകാശ് കലാകേന്ദ്രവുമായി ബന്ധപ്പെട്ടും അല്ലാതെയും ഒട്ടനവധി സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളില്‍ മുന്‍പും സജീവമായി ഇടപെട്ടിട്ടുണ്ട്, ചുറ്റുമുള്ള മനുഷ്യരുടെ ദു:ഖങ്ങളില്‍ കൂടെ നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാടകം തന്ന ഉള്‍ക്കരുത്ത് മാത്രമാണ് അന്നുമിന്നും പിന്‍ബലം. അതെന്നെ “കുറച്ചു കൂടി മെച്ചപ്പെട്ട ഒരു മനുഷ്യനായിരിക്കൂ” എന്ന് സദാസമയവും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നതുകൊണ്ടു മാത്രം ഞാനതെന്റെ കടമയായിക്കണ്ട് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നൗഷാദ് എന്ന വ്യക്തിയുടെ പ്രവൃത്തി ഒരു ബിംബമായി മാറിയിട്ടുണ്ടെങ്കിലും നൗഷാദിനെപ്പോലെ, ഒരു പക്ഷേ അദ്ദേഹത്തെക്കാളുപരിയായി അത്തരം കാര്യങ്ങള്‍ ചെയ്യുന്ന ഒട്ടനവധിപ്പേര്‍ ആരാലുമറിയപ്പെടാതെ നമുക്കു ചുറ്റുമുണ്ടാകും. വളരെക്കാലമായി നൗഷാദിനെ പരിചയമുള്ളവര്‍ക്കറിയാം, അയാളെന്നും ഇങ്ങനെ തന്നെയാണെന്ന്. അത് ലോകമറിയണമെന്ന് അയാള്‍ അല്ലെങ്കില്‍ അയാളെപ്പോലുള്ളവര്‍ ഒരിക്കലും ആഗ്രഹിക്കുന്നേയില്ല. പക്ഷേ ഒട്ടനവധിപ്പേര്‍ക്കു മുന്നില്‍ സഹായത്തിനായി കൈ നീട്ടി നിരാശരായിരുന്ന നേരത്ത് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട അത്ഭുതം തന്നെയായിരുന്നു നൗഷാദ്. ആ വീഡിയോയിലൂടെ അദ്ദേഹത്തെ പുറം ലോകമറിഞ്ഞപ്പോള്‍ പല തരം തെറ്റിദ്ധാരണകളാലും ദുഷ്പ്രചരണങ്ങളാലും മടിച്ചു നിന്ന പലരും സഹായഹസ്തവുമായി മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ട്. അതിനൊരു കാരണമാകാന്‍ കഴിഞ്ഞതിലും. നൗഷാദിനെ “ഞാന്‍” കണ്ടെത്തിയതല്ല. അദ്ദേഹത്തെപ്പോലെ നിരവധി മനുഷ്യര്‍ നമുക്കു ചുറ്റിലുമുണ്ട്. അവര്‍ക്ക് ജാതിയോ മതമോ കൊടിയുടെ നിറമോ പ്രത്യയശാസ്ത്രങ്ങളോ വിഷയമല്ല. ആവശ്യമുള്ള സമയത്ത് ആരും പറയാതെ തന്നെ സഹായഹസ്തവുമായി അവര്‍ മുന്നിലെത്തും. ഒരേ സമയം അവരെയോര്‍ത്ത് നമ്മള്‍ അത്ഭുതം കൂറുകയും അസൂയപ്പെടുകയും നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കി സ്വയം ലജ്ജിക്കുകയും ചെയ്യും. ഇത്തരമവസരങ്ങളില്‍ ഇടപെടുന്ന നമ്മുടെ ജനപ്രതിനിധികളുടെയും കലക്ടര്‍മാരെപ്പോലെ “ഗ്ലാമറുള്ള” പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയുമൊക്കെ കാര്യവും ഇതുപോലെ തന്നെ. ദുരന്തനിവാരണത്തില്‍ അവരുടെ ശ്ലാഘനീയമായ പ്രവൃത്തികള്‍ ഒരു പരിധി വരെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനുതകുമെങ്കിലും തങ്ങളുടെ ഉത്തരവാദിത്തമാണ് അവര്‍ നിര്‍വ്വഹിക്കുന്നതെന്ന് മറന്നു പോകുന്നതു കൊണ്ടാണ് നമുക്കത് ആഘോഷമായി മാറുന്നത്. ഒരേ സമയം മനുഷ്യരെ ഉയര്‍ത്താനും തളര്‍ത്താനുമാകും വിധം സകലതും മാധ്യമീകരിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് പ്രളയവും മറ്റു ദുരന്തങ്ങളുമെല്ലാം ആഘോഷിക്കപ്പെടുന്നു എന്നതാണ് മറ്റൊരു സങ്കടകരമായ വസ്തുത.

ഒരിക്കല്‍ക്കൂടി ഇത്രയും പറഞ്ഞു നിര്‍ത്തട്ടെ,
ദയവായി എന്നെ നന്മയുടെ ആള്‍രൂപമാക്കരുത്.
ഒന്നിച്ച്‌ മുന്നോട്ട് നീങ്ങാം
നമ്മുടെ ആവശ്യം ആഘോഷങ്ങള്‍ക്കിടയിലല്ലല്ലൊ

shortlink

Related Articles

Post Your Comments


Back to top button