GeneralLatest NewsTV Shows

ഒരു കത്തെഴുതി വച്ച്‌ മരിക്കാന്‍ തീരുമാനിച്ചു, റെയില്‍വെ ട്രാക്കില്‍ കിടന്നു; തുറന്നു പറഞ്ഞ് നടന്‍ വിനോദ് കോവൂര്‍

എന്നെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കി. ഞാനാകെ തകര്‍ന്നു പോയി. ഇന്നത്തെപ്പോലെ മനക്കരുത്ത് ഒന്നുമില്ല. വെറും ഇരുപതു വയസിന്റെ ഹൃദയമല്ലേ!

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് വിനോദ് കോവൂര്‍. പ്രാദേശിക ഭാഷാ ശൈലിയിലൂടെ, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനോദ് മറിമായം എം80 മൂസ എന്നിവയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ്. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവവും ആത്മഹത്യക്ക് ശ്രമിച്ചതും മനോരമയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ വിനോദ് കോവൂര്‍ തുറന്നു പറഞ്ഞു.

‘ കലാകാരനായി ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും അതു അത്ര എളുപ്പമായിരുന്നില്ല. സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞു വരുന്ന എല്ലാ പരസ്യങ്ങളിലേക്കും ഫോട്ടോ അയയ്ക്കലായിരുന്നു അന്നത്തെ പ്രധാന പരിപാടി. കുറെ പറ്റിക്കപ്പെട്ടു എന്നല്ലാതെ മറ്റൊന്നും നടന്നില്ല. അങ്ങനെ ഇരിക്കുമ്ബോള്‍ എനിക്ക് എം.ടി സാറിന്റെ ഒരു സിനിമയിലേക്ക് വിളി വന്നു. ഞാന്‍ ഇന്റര്‍വ്യൂന് പോയി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുത്തു എന്നു കാണിച്ച്‌ ഒരു കത്ത് വീട്ടിലേക്ക് വന്നു. ഞാന്‍ വലിയ സന്തോഷത്തിലായി. നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. എല്ലാവര്‍ക്കും സന്തോഷം. ഒരു മാസത്തെ ഷൂട്ടിങ്. എന്നോടു ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്താന്‍ പറഞ്ഞിട്ടാണ് കത്ത്. പക്ഷെ, ഈ അവസരം എനിക്ക് നഷ്ടമായി.

ഞാന്‍ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്, എന്നെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന്. ഞാനാകെ തകര്‍ന്നു പോയി. ഇന്നത്തെപ്പോലെ മനക്കരുത്ത് ഒന്നുമില്ല. വെറും ഇരുപതു വയസിന്റെ ഹൃദയമല്ലേ! ഞാന്‍ ആകെ വല്ലാതെയായി. ഒരു കത്തെഴുതി വച്ച്‌ മരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കത്തെഴുതി വച്ച്‌ റെയില്‍വെ ട്രാക്കിലേക്ക് പോയി കിടന്നു. പക്ഷെ, ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുന്‍പ് ഏതോ ഒരു ശക്തി എന്നെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ആദ്യത്തെ അനുഭവമല്ലേ, ഇനിയും എത്രയോ ജീവിതം മുന്നില്‍ കിടക്കുന്നു, എന്നൊക്കെ ആലോചിച്ചു. അച്ഛന്റെയും അമ്മയുടെയും മുഖം മനസില്‍ തെളിഞ്ഞു. അങ്ങനെ ഞാന്‍ ആ കത്ത് കീറിക്കളഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു നടന്നു. പിന്നീടൊരിക്കലും ജീവിതം അവസാനിപ്പിക്കണമെന്നു തോന്നിയിട്ടില്ല.’ വിനോദ് കോവൂര്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button