Latest NewsMollywoodOscar

ഓസ്‌കര്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചില കൗതുകകരമായ വസ്തുതകള്‍ അറിയാം

വിദേശ ഭാഷയിലെ മികച്ച ചിത്രത്തിന് അക്കാദമി അവാര്‍ഡ് നല്‍കി തുടങ്ങുന്നത് 1956-ലാണ്. 1957 മുതല്‍ മത്സരത്തിനായി ഇന്ത്യയും എത്തുന്നുണ്ട്.

ഹോളിവുഡ് സിനിമകളുടെ പരമോന്നത ബഹുമതിയായ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ജനപ്രിയമായ ഒന്‍പത് സിനിമകളാണ് ഓസ്‌കര് നാമിര്‍ദേശപ്പട്ടികയില്‍ ഇത്തവണ നിറഞ്ഞുനില്‍ക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിന് പുറമെ മികച്ച ചിത്രത്തിനുള്ള മത്സരത്തിലും കൊറിയന്‍ ചിത്രം പാരസൈറ്റ് ഇടം നേടിയതോടെ ആകാംഷയിലാണ് ആരാധകര്‍. ഇത്തവണ സോയ അക്തര്‍ സംവിധാനംചെയ്ത ഗള്ളി ബോയാണ് ഇന്ത്യന്‍ എന്‍ട്രി.

വിദേശ ഭാഷയിലെ മികച്ച ചിത്രത്തിന് അക്കാദമി അവാര്‍ഡ് നല്‍കി തുടങ്ങുന്നത് 1956-ലാണ്. 1957 മുതല്‍ മത്സരത്തിനായി ഇന്ത്യയും എത്തുന്നുണ്ട്. ഓസ്കാറുമായി ബന്ധപ്പെടുത്തി ഇന്ത്യയുടെ സിനിമാ ചരിത്രം നോക്കുകയാണെങ്കില്‍ ചില കൗതുകകരമായ വസ്തുതകള്‍ കാണാം.

അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ ഓസ്‌കര്‍ ലഭിച്ചിട്ടുള്ളത്. ഗാന്ധി ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ച ഭാനു അതയ്യയാണ് ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യക്കാരി. 1992-ല്‍ സത്യജിത് റായ്ക്ക് ഓസ്‌കര്‍ ബഹുമാന പുരസ്‌കാരം (ഓണററി ഓസ്‌കര്‍) സമ്മാനിച്ചു. 2009-ല്‍ സ്ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ റസൂല്‍ പൂക്കുട്ടി (ശബ്ദലേഖനം), എ.ആര്‍. റഹ്മാന്‍ (സംഗീതം, ഗാനം), ഗുല്‍സാര്‍ (ഗാനം) മൂന്ന് ഓസ്‌കറുകള്‍ ഇന്ത്യയിലെത്തി. രണ്ട് ഓസ്‌കര്‍ നേടിയ ഏക ഇന്ത്യക്കാരനാണ് എ.ആര്‍. റഹ്മാന്‍.

1957 -2020 വരെയുള്ള ചരിത്രം നോക്കുമ്പോള്‍ ആകെ രണ്ടു മലയാളം ചിത്രങ്ങള്‍ക്കാണ് ഇത് വരെ മികച്ച വിദേശഭാഷാ വിഭാഗത്തില്‍ എന്‍ട്രി ലഭിച്ചിട്ടുള്ളത്. രാജീവ് അഞ്ചലിന്റെ ‘ഗുരു’വും സലീം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’വും. 2014-ല്‍ ഗീതു മോഹന്‍ദാസിന്റെ ‘ലയേഴ്‌സ് ഡയസ്’ എന്ന ഹിന്ദി ചിത്രത്തിനും എന്‍ട്രി ലഭിച്ചിരുന്നു.

മെഹബൂബ് ഖാന്റെ മദര്‍ ഇന്ത്യ (1958) യാണ് ഓസ്‌കറിലെ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക എന്‍ട്രി. ഈ ചിത്രം 1958-ല്‍ ഓസ്‌കറിലെ വിദേശഭാഷാ വിഭാഗത്തില്‍ അവസാന വട്ടത്തിലെത്തി. ഫെല്ലിനിയുടെ നൈറ്റ്‌സ് ഓഫ് കാബിരിയയോട് ഒരൊറ്റ വോട്ടിനാണ് ചിത്രം പിന്തള്ളപ്പെട്ടുപോയത്. മദര്‍ ഇന്ത്യയ്ക്കുശേഷം മൂന്ന് ചിത്രങ്ങള്‍ മാത്രമേ അവസാനവട്ടത്തില്‍ എത്തിയിട്ടുള്ളൂ.

1988-ല്‍ പുറത്തിറങ്ങിയ സലാം ബോംബെ (സംവിധാനം മിരാ നായര്‍) യാണ് മികച്ച വിദേശഭാഷകളുടെ അവസാന റൗണ്ടിലെത്തിയ മറ്റൊരു ഇന്ത്യന്‍ ചിത്രം. ആമിര്‍ ഖാന്റെ ബോളിവുഡ് ഹിറ്റായ ലഗാനാണ് (2002) അന്തിമപട്ടികയില്‍ ഇടംനേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം.

2007-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷന്‍ ദീപാമേത്തയുടെ വാട്ടറിന് ലഭിച്ചു.

1983ല്‍ ഗാന്ധിയിലെ സംഗീതത്തിന് രവിശങ്കറിനും 2011-ല്‍ 127 അവേഴ്‌സിലെ സംഗീതം, ഗാനം എന്നിവയ്ക്ക് എ.ആര്‍. റഹ്മാനും 2013-ല്‍ ലൈഫ് ഓഫ് പൈയിലെ ഗാനത്തിന് ബോംബെ ജയശ്രീക്കും നോമിനേഷന്‍ ലഭിച്ചിരുന്നു.

ഏറ്റവുംകൂടുതല്‍ തവണ ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ഇന്ത്യന്‍ നടന്‍ കമല്‍ഹാസനാണ്. ഏഴ് കമല്‍ചിത്രങ്ങള്‍ ഓസ്‌കറിനായി മത്സരിച്ചു. സാഗര്‍ (1985), സ്വാതി മുത്യം (1986), നായകന്‍ (1987), തേവര്‍ മകന്‍ (1992), കുരുതിപ്പുനല്‍ (1995), ഇന്ത്യന്‍ (1996) ഹേ റാം (2000) എന്നിവയാണ് ഈ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button