CinemaGeneralLatest NewsMollywoodNEWS

‘ആ അമ്മയെ കണ്ടപ്പോൾ വല്ലാത്ത കുറ്റബോധംമനസ്സിനെ വേട്ടയാടി, കാരണം ചെയ്യാത്ത തെറ്റിനല്ലേ അവർ   തെറികൾ കേൾക്കേണ്ടി വന്നത്’ ; വൈറലായി കുറിപ്പ്

നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതാണ് സോഷ്യൽ മീഡിയ വിവാദത്തിന് തിരികൊളുത്തിയത്.

സോഷ്യൽ മീഡിയയിലൂടെ ക്രൂരമായ വിമർശനങ്ങൾ നേരിടേണ്ടി വന്ന സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന്
പറഞ്ഞതാണ് സോഷ്യൽ മീഡിയ വിവാദത്തിന് തിരികൊളുത്തിയത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞത്.

ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് ലുക്കുമാനുൽ ഹക്കീം എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സംവിധായകൻ എന്നതിലുമപ്പുറം അനിൽ രാധകൃഷണ മേനോൻ എന്ന വ്യക്തിയെ തിരിച്ചറിയാത്തവർക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പെന്നും ലുക്കുമാനുൽ പറയുന്നു.

കുറിപ്പിന്റയെ പൂർണരൂപം……………………………

ആ … തണലിൽ ഇത്തിരി നേരം..!

ഞങ്ങളുടെ ഷോർട്ഫിലിം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് അനുമതിക്കായി എന്റെ സുഹൃത്ത് വിഷ്ണു രാജും (ആൾക്കൂട്ടത്തിൽ ഒരുവൻ അസോസ്സിയേറ്റ് ഡയറക്ടർ ) അനിൽ രാധാകൃഷ്ണ മേനോൻ സാറിനെ വിളിച്ചു, ഞങ്ങളോടു വിട്ടീലേക്ക് വരൂ സ്ഥലവും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഒരു സംവിധായകനിൽ നിന്നു വീട്ടിലേയ്ക്കു വരൂ എന്ന ഡയലോഗ് പ്രതീക്ഷിച്ചിരുന്നില്ല.

മനസ്സിൽ ഞങ്ങളുടെ മതവും, ജാതിയും, രാഷ്ട്രീയവും കൂട്ടി കുഴച്ച തെല്ല് ആശങ്കയിൽ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ മുൻവശത്തെ കോളിങ് ബെല്ല് അമർത്തുന്നതിനു മുമ്പ് തന്നെ ഒരു പുഞ്ചിരിയോടെ ഡ്രൈവർ വീടിന്റെ വാതിൽ തുറന്നു. വന്ന വിവരങ്ങൾ സന്തോഷപൂർവം തിരക്കി, ഞങ്ങളോടു ഇരിക്കാൻ പറഞ്ഞു. (സാധരണ സംവിധായകരെ കാണാൻ പോയാൽ ഡ്രൈവറും അസിസ്റ്റന്റും പൊലീസ് സ്റ്റേഷനിൽ എത്തിയ സാധരണക്കാരോട് കോൺസ്റ്റബിൾസ് സംസാരിക്കുന്ന രീതി ഞങ്ങൾ ഓർത്തു ) ഭാഗ്യം അതുണ്ടായില്ല എന്നു മാത്രമല്ല ഞങ്ങൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.

വലിയ ഒരു പോസിറ്റീവ് എനർജി ഞങ്ങൾക്കു കിട്ടി, ഞങ്ങൾ കസേരയിൽ ഇച്ചിരി വിറയലോടു കൂടി പരസ്പരം സംസാരിക്കാതെ ഇരിക്കുമ്പോൾ പൊടുന്നനെ ഡോർ തുറന്നു പേരുവിളിച്ചു കൊണ്ടു സുമുഖനായ ആ മനുഷ്യൻ കൈ തന്നു ഞങ്ങളെ കോലായിൽ പിടിച്ചു ഇരുത്തി, വളരെ കാലം പരിചയമുള്ള വ്യക്തിയെപോലെ സാർ, സംസാരിച്ചു തുടങ്ങി.

സാറിന്റെ അമ്മയെ വിളിച്ചു ഞങ്ങളെ പരിചയപ്പെടുത്തി, ജ്യൂസും ആ അമ്മയുടെ കൈ കൊണ്ടു തന്നു. ഞങ്ങൾ അതു കുടിക്കുമ്പോഴും ഒരു മലയാളി എന്നുള്ള രീതിയിൽ വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടി.

കാരണം ആ അമ്മ ആണല്ലൊ ചെയ്യാത്ത തെറ്റിനു തെറികൾ കേൾക്കേണ്ടി വന്നത്, പിന്നീട് ഞങ്ങൾ ഫ്രീസായ അവസ്ഥ. സാർ സംസാരം ആരംഭിച്ചു, രാഷ്ട്രീയം, സാമൂഹികം, രാജ്യാന്തര സിനിമകൾ, വിവാദ സഹചര്യം, മലയാള സിനിമ ലോകം മാറ്റങ്ങൾ, ചെയ്യേണ്ടത്, സഖാവ് ഇഎംഎസ് ഉള്ള സദസ്സിൽ പരിപാടി അവതരിപ്പിച്ചത്,അങ്ങനെ ഒരിപിടി കാര്യങ്ങൾ.

പതിയെ ഒരു ബ്രദറിനെ പോലെ കുടുംബ കാര്യങ്ങൾ അന്വേഷിച്ചു, മകളുടെ ഫോട്ടോ കാണിച്ചു തരാൻ ആവശ്യപ്പെട്ടു, നാം ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ ഉപദേശങ്ങൾ …അങ്ങിനെ ഒരിക്കലും അവിടെ നിന്നു എണീറ്റു പോകാൻ തോന്നാത്ത വിധം അദ്ദേഹം സംസാരിച്ചു. സാമൂതിരി രാജകുടുംബത്തിന്റെ സ്നേഹവും പരിളാലനവും ഞങ്ങൾ അനുഭവിച്ചു. ഞങ്ങളോടു അദ്ദേഹം ഓർമിപ്പിച്ചു നിങ്ങൾ ഇരുന്ന കസേരയിൽ ഫഹദും, ആസിഫും , പൃഥ്വിരാജും ,അങ്ങിനെ പല പ്രമുഖരും ഇരുന്ന സീറ്റാണ്, അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ടിന്റെ കഥ പറഞ്ഞു തന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണിച്ചു. അഭിപ്രായം ആരാഞ്ഞു, ഓരോ നിമിഷവും ഞങ്ങൾവേറെ ഏതോലോകത്തേക്ക് പോയി കൊണ്ടിരുന്നു, വന്ന കാര്യം മറന്നു ഒടുവിൽ അദ്ദേഹം തന്നെ അത് ഓർമിപ്പിച്ചു.

എന്റെ മനസ്സു ആവർത്തിച്ചു എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, നമ്മുടെ സമൂഹം , എന്റെ യുവജന സംഘടന എറണാംകുളം ജില്ലാ കമ്മിറ്റി ഉൾപ്പെടെ എത്രമാത്രം അനീതി ഈ മനുഷ്യ സ്നേഹിയോടും കുടുംബത്തിനോടും ചെയ്തു….? തെറി വിളിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും ഇദ്ദേഹത്തെ പോയി കാണണം.. അനുഭവിച്ചറിയണം… മനുഷ്യത്വം എന്താണന്നും, അനുഭവിച്ചറിയണം, ഒടുവിൽ ഫോട്ടോ എടുത്തു കെട്ടിപ്പിടിച്ചു ഞങ്ങൾക്കു മുത്തം നൽകി പിരിയുമ്പോൾ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു….

മനസ്സില്ലാതെ ആ തണലിൽ നിന്നു ഞങ്ങൾപുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ, തെറി വിളിച്ചതിനു പ്രായശ്ചിത്തമായ ഒരാൾ സാറിനു നൽകിയ ഒരു മനോഹരമായ പട്ടി കുട്ടി നന്ദിയോടെ ഞങ്ങളെയും സാറിനെയും നോക്കുന്നുണ്ടായിരുന്നു…. ഞാൻ അപ്പോൾ ആലോചിച്ചത് നാൽപ്പത് ദിവസം അനിൽ സാറുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു, ഉണ്ടുറങ്ങി നന്ദികേടു കാട്ടിയ മനുഷ്യനെ കുറിച്ചായിരുന്നു….. പ്രബുദ്ധർ എന്നു അവകാശപ്പെടുന്ന മലയാളികളെ തെറ്റിദ്ധരിപ്പിച്ച വരെ കുറിച്ച്.. പട്ടി ഈസ് ദ് ബെസ്റ്റ്..!

സ്നേഹപൂർവ്വം -ലുക്കുമാനുൽ ഹക്കീം.

NB : പലരും ചോദിച്ചു നിങ്ങൾ ചാൻസ് ചോദിച്ചില്ലെ.. എന്ന് ,മനുഷ്യത്വവും ജീവിതവും തിരിച്ചറിയുന്ന സ്ഥലത്ത് എന്ത് ചാൻസ്… ഇത് എഴുതിയത് അദ്ദേഹത്തിന്റെ സിനിമയിൽ കയറിപ്പറ്റാനുള്ള സൈക്കളോജിക്കൽ മൂവ് അല്ല, ഒരു അഭിനേതാവിനു ഒരാളുടെ സിനിമയിൽ മാത്രം ഇടംകിട്ടിയാൽ മികച്ച നടനാകും എന്നു വിശ്വസിക്കുന്ന ആളഅല്ല ഞാൻ എന്ന വ്യക്തി, ഇത് സംവിധായകൻ എന്നതിലുമപ്പുറം അനിൽ രാധകൃഷണ മേനോൻ എന്ന വ്യക്തിയെ തിരിച്ചറിയാത്തവർക്കുള്ള എഴുത്താണ്… അത്രമാത്രം നന്ദി..!

shortlink

Post Your Comments


Back to top button