CinemaGeneralLatest NewsMollywoodNEWS

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്

പ്രശസ്ത സിനിമ താരം ശശി കലിംഗ അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വി ചന്ദ്രകുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥത്തിലുള്ള പേര്.

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിൽ അഭിനയിച്ചു. 1998–ല്‍ ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരൻ പളനിച്ചാമിയായിട്ടായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന്, സിനിമയിൽ അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തന്നെ അദ്ദേഹം തിരിച്ചുപോയി. പിന്നീട് രഞ്ജിത്ത് ചിത്രം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. നാടകവും സിനിമയും കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചിരുന്നു.

സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്. കസബ,ഇന്ത്യൻ റുപ്പി, ആമേൻ, അമർ അക്ബർ അന്തോണി, കേരള കഫേ, വെള്ളിമൂങ്ങ എന്നിങ്ങനെ ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button