Latest NewsNEWS

സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്ത് തുടങ്ങിയാല്‍ ഈ തീയേറ്ററുകാര്‍ പിന്നെ എന്തുചെയ്യും? ; വിധു വിന്‍സെന്റിനുമുണ്ട് ചിലത് പറയാന്‍

ലോക്ക്ഡൗണ്‍ മൂലം തിയേറ്റകള്‍ എല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിനായി ഒരുങ്ങുകയാണ്. ജ്യോതികയുടെയും അമിതാഭ് ബച്ചന്റെയും കീര്‍ത്തി സുരേഷിന്റെയും അടക്കം നിരവധി സിനിമകള്‍ ഇതിനോടകം തന്നെ സിനിമകള്‍ ഒടിടി റിലീസ് ചെയ്യുന്നകായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയസൂര്യ നായകനായി എത്തുന്ന സൂഫിയും സുജാതയും ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതായി വ്യക്തമാക്കിയത്. തുടര്‍ന്ന് വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും സിനിമകള്‍ക്ക് തിയേറ്റര്‍ നല്‍കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ ഇപ്പോള്‍ ഇതാ സംവിധായികയായ വിധു വിന്‍സെന്റും രംഗത്തെത്തിയിരിക്കുകയാണ്. സിനിമകള്‍ ഇങ്ങനെ ഒടിടി റിലീസിനൊരുങ്ങിയാല്‍ ഈ തീയേറ്ററുകാര്‍ പിന്നെ എന്തുചെയ്യുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. കേരളത്തില്‍ ചെറുതും വലുതുമായ അഞ്ഞൂറോളം തീയേറ്ററുകളുണ്ട്. മള്‍ട്ടിപ്ലക്‌സുകള്‍ വേറെയും. ഒരു സ്‌ക്രീന്‍ മാത്രമുള്ള തീയേറ്ററില്‍ മിനിമം 7 – 10 ജീവനക്കാര്‍ ഉണ്ടാവും. സ്‌ക്രീനിന്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും.പലിശക്ക് കടമെടുത്തും ലോണ്‍ സംഘടിപ്പിച്ചുമൊക്കെ തീയേറ്റര്‍ നടത്തുന്ന ഇടത്തരം തീയേറ്റര്‍ ഉടമകള്‍, ഈ തീയേറ്ററുകളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തില്‍പരം ജീവനക്കാര്‍, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍, ഇവരുടെയൊക്കെ ജീവിതം കൂടി ചേര്‍ത്തുവച്ച് വേണം ഈ വിഷയത്തെ കാണാനെന്നും ഇപ്പോള്‍ അടച്ചിട്ടിരിക്കയാണെങ്കിലും നാലോ അഞ്ചോ പേര്‍ ഓരോ തീയേറ്ററിലും ഇപ്പോഴും ജോലിക്കെത്തുന്നുണ്ടെന്നും പ്രൊജക്ടറും മറ്റ് സംവിധാനങ്ങളും കേടാകാതെ നിര്‍ത്താന്‍ ഇടക്കിടെ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്നും വിധു വിന്‍സെന്റ് പറയുന്നു.

വിധു വിന്‍സെന്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ജയസൂര്യയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. വിജയ് ബാബു, ജയസൂര്യ, മറ്റെല്ലാ ടീമംഗങ്ങള്‍ക്കും ആശംസകള്‍ .
തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന ഈ കാലത്ത് സിനിമക്ക് വേണ്ടി പണം മുടക്കിയവര്‍ക്കും പ്രതിഫലം കാത്തിരിക്കുന്നവര്‍ക്കുമൊക്കെ വലിയ ആശ്വാസമാണ് OTT പ്ലാറ്റ്‌ഫോമുകള്‍.
പക്ഷേ ഒപ്പം ഓര്‍ക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.
കേരളത്തില്‍ ചെറുതും വലുതുമായ അഞ്ഞൂറോളം തീയേറ്ററുകളുണ്ട്. മള്‍ട്ടിപ്ലക്‌സുകള്‍ വേറെയും. ഒരു സ്‌ക്രീന്‍ മാത്രമുള്ള തീയേറ്ററില്‍ മിനിമം 7 – 10 ജീവനക്കാര്‍ ഉണ്ടാവും. സ്‌ക്രീനിന്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും.പലിശക്ക് കടമെടുത്തും ലോണ്‍ സംഘടിപ്പിച്ചുമൊക്കെ തീയേറ്റര്‍ നടത്തുന്ന ഇടത്തരം തീയേറ്റര്‍ ഉടമകള്‍, (ഇങ്ങനെ തീയേറ്റര്‍ നടത്തിയിരുന്ന വകയിലൊരു ബന്ധു കൊട്ടക പൂട്ടി കല്യാണമണ്ഡപമാക്കിയിരുന്നു) ഈ തീയേറ്ററുകളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തില്‍പരം ജീവനക്കാര്‍, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍.. ഇവരുടെയൊക്കെ ജീവിതം കൂടി ചേര്‍ത്തുവച്ച് വേണം ഈ വിഷയത്തെ കാണാന്‍. ഇപ്പോള്‍ അടച്ചിട്ടിരിക്കയാണെങ്കിലും നാലോ അഞ്ചോ പേര്‍ ഓരോ തീയേറ്ററിലും ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. പ്രൊജക്ടറും മറ്റ് സംവിധാനങ്ങളും കേടാകാതെ നിര്‍ത്താന്‍ ഇടക്കിടെ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്.OTT ഫ്‌ലാറ്റ്‌ഫോമില്‍ സിനിമകള്‍ റിലീസായി തുടങ്ങിയാല്‍ ഈ തീയേറ്ററുകാര്‍ പിന്നെ എന്തുചെയ്യും?അവരുടെ ജോലി, ശമ്പളം, ജീവിതം? ഇക്കാര്യത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച ആവശ്യമാണ്.
ബോളിവുഡിലും അടുത്തിടെ തമിഴ് നാട്ടിലും സിനിമകള്‍ ഡിജിറ്റല്‍ റിലീസിംഗ് നടത്തിയിരുന്നു. ഒരു പക്ഷേ അനിവാര്യമായ ഒരു ‘പരിഹാര ‘മായി മലയാള സിനിമകള്‍ക്കും ആ വഴി പോവേണ്ടി വരുമോ? കോവിഡ് ഉടനെങ്ങും പോവില്ല എന്നാണെങ്കില്‍ പ്രസ്തുത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം OTT പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണോ? മറ്റെന്തൊക്കെ സാധ്യതകള്‍ ഉണ്ട്? സിനിമാ നിര്‍മ്മാണത്തിലും വിതരണത്തിലും ഒക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകള്‍ വേണ്ടി വരില്ലേ? കാര്യമായ ആലോചനയും വിശദമായ ചര്‍ച്ചയും ബുദ്ധിപൂര്‍വ്വമായ ഇടപെടലും വേണം.

shortlink

Related Articles

Post Your Comments


Back to top button