GeneralLatest NewsMollywoodNEWSSocial Media

സിനിമാ സംഘടനകൾ ചലച്ചിത്ര പ്രവർത്തകർക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കണം : ബാദുഷ

വാക്സിനേഷൻ എല്ലാവരും എടുത്താൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന നൽകാനാകുമെന്നും ബാദുഷ

കൊച്ചി : സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷനെടുത്താൽ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും എന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. വാക്സിനേഷൻ എല്ലാവരും എടുത്താൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന നൽകാനാകുമെന്നും ബാദുഷ പറയുന്നു.

ഇതിനായി സിനിമാ സംഘടനകൾ തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ബാദുഷ ഇക്കാര്യം പറഞ്ഞത്.

ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ് :

ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എൻ്റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതിൽ ഞാൻ ബദ്ധശ്രദ്ധനാണ്.

എല്ലാവരും വാക്സിനേഷനെടുത്താൽ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തിയാൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന നൽകാനുമാകും. ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവിൽ പാതി വഴിയിൽ നിലച്ചത്.

ഞാൻ കൂടി നിർമാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിൻ്റെ ബാനറിൽ നിർമിച്ച് ശ്രീ ടി.കെ. രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ബർമുഡയും E4 എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിച്ച് കമൽ സംവിധാനം നിർവഹിക്കുന്ന, ഞാൻ പ്രൊഡക്ഷൻ കൺട്രോളറാകുന്ന പട എന്ന സിനിമയും. ഈ രണ്ടു ചിത്രങ്ങളുടെയും തുടർ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഞാനും നിർമാതാക്കളും ചേർന്ന് സൗജന്യമായി വാക്സിനേഷൻ നൽകും.

ഇനിയങ്ങോട്ട് ഞാൻ പ്രവർത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും.
സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments


Back to top button