Latest News

‘അതിക്രമം അപലപനീയം, ജോജുവിനോട് ക്ഷമാപണം നടത്താൻ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം’- മന്ത്രി സജി ചെറിയാന്‍

കൊച്ചി :കോൺഗ്രസ് റോഡ് ഉപരോധ സമരത്തില്‍ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകർക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവൃത്തികള്‍ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അതിനാൽ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്ഷമാപണം നടത്താൻ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മന്ത്രി സജി ചെറിയാന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:-

‘എറണാകുളത്ത് കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോര്‍ജിനെതിരെ ഉണ്ടായ അതിക്രമം അപലപനീയമാണ്. സമര സംവാദങ്ങളിലൂടെ തന്നെയാണ് കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളത്. സമരങ്ങളെ പൂര്‍ണമായും നിരാകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യവുമല്ല. എങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങള്‍ ഉയര്‍ന്നു വരികയാണെങ്കില്‍ പ്രതിഷേധം ഉയര്‍ത്തുവാന്‍ അവര്‍ക്കും അവകാശം ഉണ്ടെന്ന് രാഷ്ട്രീയ കക്ഷികള്‍ മറന്നു കൂടാ.

അത്തരം സാഹചര്യങ്ങളില്‍ ക്ഷമയോടെയും വിവേകപൂര്‍ണവുമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം വെല്ലുവിളിയുടെ സ്വഭാവത്തിലുള്ള പ്രതികരണമല്ല ഉത്തരവാദിത്വപ്പെട്ട നേതാക്കളില്‍ നിന്നും ഉണ്ടാകേണ്ടത്.

വഴിതടഞ്ഞു കൊണ്ടുള്ള സമരത്തില്‍ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകര്‍ക്കുകയുമാണ് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ക്ഷമാപണം നടത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം’.

shortlink

Related Articles

Post Your Comments


Back to top button