GeneralLatest NewsNEWS

‘ആകസ്മികതകള്‍ അതിന്റെ എല്ലാ പരിധിയും വിട്ട് എന്നെ അത്ഭുതപെടുത്തുകയാണ്’: ഗായത്രി അരുണ്‍

പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ഗായത്രി പ്രേക്ഷക പ്രശംസയോടെ മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു. മമ്മൂട്ടിയുടെ ‘വണ്‍’ എന്ന സിനിമയിലൂടെ ഗായത്രി സിനിമാരംഗത്തേക്ക് എത്തിയതും ഇരുകയ്യും നീട്ടിയാണ് ആളുകള്‍ സ്വീകരിച്ചത്. അടുത്തിടെയായിരുന്നു ഗായത്രിയുടെ പുസ്തകമായ ‘അച്ഛപ്പം കഥകള്‍’ പ്രസിദ്ധീകരിച്ചത്. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വലായിട്ടായിരുന്നു പുസ്തക പ്രകാശനം നടത്തിയത്. ശേഷം മഞ്ജു വാര്യർക്ക് മോഹൻലാൽ നേരിട്ട് പുസ്തകം നൽകി.

അച്ഛന്റെ കഥകളും അച്ഛനോടൊപ്പമുള്ള കഥകളുമാണെന്ന് പറഞ്ഞായിരുന്നു ഗായത്രി ആദ്യമെല്ലാം ചെറിയ കഥകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നത്. അച്ഛനും അമ്മയും കഥാപാത്രങ്ങളായി വരുന്ന കഥകളും, തമാശയും ചിന്തിപ്പിക്കുന്നതുമായ കഥകളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. അങ്ങനെയാണ് പുസ്തകം എന്ന ചിന്തയിലേക്ക് ഗായത്രി എത്തുന്നത്. എന്നാല്‍ അച്ഛന്റെ പെട്ടന്നുണ്ടായ വിയോഗത്തോടെ ഗായത്രി എഴുത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കുകയും, പിന്നീട് കഥകളെല്ലാം സ്വരുക്കൂട്ടി പുസ്തകരൂപത്തിലാക്കി പുറത്തിറക്കുകയുമായിരുന്നു. ഉള്ളടക്കം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ‘അച്ഛപ്പം കഥകള്‍’ നിരവധി ആരാധകരെ നേടിയിരുന്നു. ഇപ്പോൾ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത സന്തോഷമാണ് ഗായത്രി കഴിഞ്ഞ ദിവസം പങ്കുവച്ചത്.

ഗായത്രിയുടെ കുറിപ്പ് :

‘ജീവിതം ആകസ്മികതകള്‍ നിറഞ്ഞതാണ് എന്നറിയാം പക്ഷെ ആകസ്മികതകള്‍ അതിന്റെ എല്ലാ പരിധിയും വിട്ട് എന്നെ അത്ഭുതപെടുത്തുകയാണ്. ഈ മാസം ആദ്യം ദുബൈയില്‍ ഷൂട്ടിന് വരുമ്പോള്‍ വിദൂര ചിന്തകളില്‍ പോലും ‘ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവം’ ഉണ്ടായിരുന്നില്ല. പുസ്തകോത്സവ വാര്‍ത്തകള്‍ കാണുമ്പോള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും ആ വിസ്മയമൊന്നു പോയി നേരില്‍ കാണണമെന്ന്. എന്നാല്‍ ആഗ്രഹം ഫലിച്ചത് നേരത്തെ സൂചിപ്പിച്ച വിസ്മയകരമായ ആകസ്മികത നല്‍കി കൊണ്ടാണ്.

ആ മഹനീയമായ പുസ്തകോത്സവ വേദിയില്‍ തിരഞ്ഞെടുത്ത പുസ്തകങ്ങളില്‍ ‘അച്ഛപ്പം കഥകളുടെ’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. അങ്ങനെ സഹൃദയരായ വായനക്കാര്‍ എന്നിലെ പറക്കമുറ്റാത്ത എഴുത്തുകാരിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച ഒന്നാം പതിപ്പിന് ശേഷം, അച്ഛനോര്‍മ്മകളുടെ മാധുര്യം കടല്‍ കടന്നു ഷാര്‍ജയിലെ പുസ്തകോത്സവ വേദിയില്‍ പ്രകാശിതമായി. ആരോടൊക്കെ നന്ദി പറഞ്ഞാലാണ് എന്റെ ഹൃദയം കൃതജ്ഞതയുടെ സുഖകരമായ ഭാരത്തില്‍ നിന്ന് മുക്തമാവുക എന്നെനിക്കറിഞ്ഞു കൂടാ.

പ്രസാധകനായ ജീജോ, പുസ്തകം ഇവിടെ എത്തിക്കാന്‍ വേണ്ട ശ്രമമെടുത്ത ഗ്രീന്‍ ബുക്ക്‌സ് ശ്രീനിയേട്ടന്‍, മനോഹരമായ അവതരണത്തിലൂടെ അച്ഛപ്പം കഥകളെയും ചടങ്ങിനെയും ഭംഗിയാക്കിയ ശ്രീ രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, വായിക്കാന്‍ ആഗ്രഹമുണര്‍ത്തും വിധം പുസ്തക പരിചയം നടത്തിയ വനിത, കേവലമൊരു പ്രകാശകന്റെ ഉത്തരവാദിത്വത്തില്‍ നിന്നുമുപരിയായി പുസ്തകത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു പ്രകാശിപ്പിച്ച ശ്രീ ഷാബു കിളിത്തട്ടില്‍, അതേറ്റു വാങ്ങിയ പ്രിയ സ്‌നേഹിത മീരാ നന്ദന്‍, ആശംസ നേര്‍ന്ന ഗ്രീന്‍ ബുക്ക്‌സ് ശ്രീ സുഭാഷ് , ഞാനിവിടെ വരാന്‍ കാരണമായ ഡയറക്ടര്‍ ശ്രീ. ബാഷ് മുഹമ്മദ്, ചടങ്ങു ലൈവ് വീഡിയോ എടുത്ത എന്റെ അനിയന്‍ അച്ചു, കൊച്ചച്ഛനും കുടുംബവും, ദുബൈയില്‍ കാലുകുത്തിയ അന്ന് തന്നെ ഓടി വന്ന എന്റെ എല്‍സ. ഇനി ആരോടൊക്കെ നന്ദി പറയണം. ആരോടുമുള്ള നന്ദി പ്രകടിപ്പിക്കാനുള്ള ശക്തി എന്റെ വാക്കുകള്‍ക്ക് ഇല്ല എന്നു മാത്രം അറിയാം. അച്ഛപ്പം കഥകള്‍ പോലെ, അതിന്റെ ഒന്നാം പതിപ്പില്‍ സംഭവിച്ച ആകസ്മികതകള്‍ പോലെ രണ്ടാം പതിപ്പിലും. അതിന്റെ വിസ്മയം എന്നെ വിട്ടു മാറുന്നില്ല, അല്ല മാറണം എന്നെനിക്കില്ല അതാണ് സത്യം. സ്‌നേഹം, ഹൃദയം കൊണ്ട് എല്ലാവര്‍ക്കും നന്ദി’.

shortlink

Related Articles

Post Your Comments


Back to top button