InterviewsLatest NewsNEWS

വീഡിയോ പങ്കു വച്ച് അപമാനിക്കുന്നുവെന്ന് ബേസിൽ ജോസഫ്, പിആർ വർക്ക് ചെയ്യുന്നതിന് ഇങ്ങോട്ട് കാശ് തരണമെന്ന് ടോവിനോ

വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ഒരു സംവിധായകൻ എന്ന നിലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രതിഭയാണ് ബേസിൽ ജോസഫ്. ഇന്ന് വളരെ അധികം ആരാധകരുള്ള സംവിധായകരിൽ ഒരാൾ കൂടിയാണ് ബേസിൽ. ഗോദയിലൂടെ തന്റെ ഉറ്റ സുഹൃത്തായ ടൊവിനോയാണ് ബേസിലിന്റെ രണ്ട് സിനിമകളിൽ നായകനായത്.

ഇടയ്ക്കിടെ ലൊക്കേഷനിൽ നിന്നും പകർത്തിയ രസകരമായ വീഡിയോകൾ ടൊവിനോ സോഷ്യൽമീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ മിന്നൽ മുരളിയുടെ സെറ്റിൽ വെച്ച് ആം​ഗ്യപ്പാട്ട് പാടുന്ന ബേസിലിന്റെ വീഡിയോ ടൊവിനോ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. അതിന് പുറമെ മുമ്പും മിന്നൽ മുരളിയുടെ സെറ്റിൽ നിന്നുമുള്ള ബേസിലിന്റെ രസകരമായ വീഡിയോകൾ ടൊവിനോ പങ്കുവെച്ചിരുന്നു.

ബേസിലിനെ അടുത്തറിയാൻ സിനിമാ പ്രേമികൾക്ക് കഴിഞ്ഞത് ടൊവിനോ പങ്കുവെച്ച ഇത്തരം വീഡിയോകളിലൂടെയാണ്. ഇത്തരം ലൊക്കേഷൻ വ‍ീഡിയോകൾ താൻ അറിയാതെ പകർത്തി പങ്കുവെച്ച് ടൊവിനോ തന്നെ അപമാനിക്കുകയാണ് എന്ന ബേസിലിന്റെ പരാതിക്ക് ടൊവിനോ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ രസകരമായ മറുപടി.

‘അവനെ അപമാനിക്കാനായി ഞാൻ ഒരു വീഡിയോ പോലും ഇട്ടിട്ടില്ല. അവൻ ചെയ്യുന്ന ചില പ്രവൃത്തികൾ കണ്ടിരിക്കാൻ വളരെ രസകരമായി തോന്നി. അവന്റെ നിഷ്കളങ്കത ആ വീഡിയോകളിൽ വ്യക്തമാണ്. അത് ആളുകളെ കാണിക്കാൻ വേണ്ടിയാണ് ഞാൻ ആ വീഡിയോകൾ പകർത്തിയതും പങ്കുവെച്ചതും. അവൻ സംവിധാനം വളരെ അധികം ആസ്വദിച്ചാണ് ചെയ്യുന്നത്. ഞാൻ ഇടുന്ന വീഡിയോസിലൂടെയാണ് ബേസിൽ ഇത്രയും ജനപ്രിയനായത്. അത് മറക്കണ്ട… ബേസിൽ നന്നായി പാട്ട് പാടുന്ന ആളാണ് അതുകൊണ്ടാണ് അവൻ നന്നായി പാടുമെന്ന് ആളുകളെ അറിയിക്കാൻ ഞാൻ അവന്റെ പാട്ടിന്റെ വീഡിയോകളും പങ്കുവെച്ചത്. അവനാണ് കോമഡിയായി പാട്ട് പാടുന്ന വീഡിയോ എനിക്ക് തന്നത്. അത് കൂടി കണ്ടപ്പോൾ ബേസിലിന്റെ സ്റ്റാർഡം പിന്നെയും ഉയർന്നു. അവന്റെ പിആർ വർക്ക് ചെയ്യുന്നതിന് അവൻ എനിക്ക് ഇങ്ങോട്ട് കാശ് തരണം’- ടൊവിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button