GeneralLatest NewsNEWS

പ്രേക്ഷകരുടെ മികച്ച റേറ്റിംഗ് നേടിയ ചിത്രങ്ങളിൽ ഒന്നാമത് ‘ദൃശ്യം 2’ : 2021 ഐ എം ഡി ബി ലിസ്റ്റ് പുറത്ത്

2021 ല്‍ കൂടുതല്‍ പ്രേക്ഷകരുടെ മികച്ച റേറ്റിംഗ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസ് പുറത്തു വിട്ടപ്പോൾ ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടി ഈ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആണ്. 8.6 ആണ് ഈ ചിത്രത്തിന് ലഭിച്ച റേറ്റിംഗ് പോയിന്റ്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ഈ ജീത്തു ജോസഫ് ചിത്രം ആഗോള തലത്തില്‍ വരെ വമ്പന്‍ തരംഗമായി മാറിയിരുന്നു. ദൃശ്യം 2 ആമസോണ്‍ പ്രൈം റിലീസ് ആയിരുന്നു .

ഇതേ റേറ്റിംഗ് പോയിന്റ് ലഭിച്ച ടോവിനോ തോമസ് – ബേസില്‍ ജോസഫ് ചിത്രമായ ‘മിന്നല്‍ മുരളി’ ആണ് ഈ ലിസ്റ്റിലെ രണ്ടാം സ്ഥാനത്തുള്ളത്. ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ ആണ് എത്തിയത്.

നവാഗതനായ ചിദംബരം ഒരുക്കിയ ബേസില്‍ ജോസെഫ് ചിത്രം ‘ജാനേമന്‍’ 8.5 റേറ്റിങ് നേടി മൂന്നാം സ്ഥാനത്തും ജിയോ ബേബി ഒരുക്കിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ 8.3 റേറ്റിങ് നേടി നാലാം സ്ഥാനത്തുമാണ് എത്തിയത്. ജാനേമന്‍ തീയേറ്ററിലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒടിടിയിലുമാണ് റിലീസ് ചെയ്തത്.

8.2 റേറ്റിംഗ് പോയിന്റുകള്‍ നേടി നവാഗതനായ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ‘ഓപ്പറേഷന്‍ ജാവ’, മഹേഷ് നാരായണന്‍ ഒരുക്കിയ ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്’ എന്നിവ അഞ്ചും ആറും സ്ഥാനം നേടിയെടുത്തു. ‘ഓപ്പറേഷന്‍ ജാവ’ തീയേറ്ററിലും ‘മാലിക്’ ആമസോണ്‍ പ്രൈം റിലീസ് ആയുമാണ് വന്നത്.

നായാട്ട്, ജോജി, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ഏഴും എട്ടും ഒന്‍പതും സ്ഥാനം നേടിയ ചിത്രങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ തീയേറ്റര്‍ റിലീസ് ആയിരുന്നു. ഫഹദ്- ദിലീഷ് പോത്തന്‍ ടീമിന്റെ ‘ജോജി’ ആമസോണ്‍ പ്രൈം റിലീസ് ആയും സെന്ന ഹെഗ്ഡെ എന്ന നവാഗതന്‍ ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ സോണി ലൈവിലും ആണ് വന്നത്. സജിന്‍ ബാബു ഒരുക്കിയ ‘ബിരിയാണി’ ആണ് ഈ ലിസ്റ്റില്‍ പത്താം സ്ഥാനത്ത്.

 

shortlink

Related Articles

Post Your Comments


Back to top button