InterviewsLatest NewsNEWS

‘തിരുത്താന്‍ പറ്റാത്ത ആ പത്രത്തില്‍ മാത്രം’പ്രേംനസീര്‍ അന്തരിച്ചു’ എന്ന വാർത്ത ശരിയായി വന്നു’: സംവിധായകൻ ലാൽ

1989 ജനുവരി 16ന് ആണ് മലയാളികളുടെ നിത്യഹരിത നായകനായ പ്രേം നസീറിന്റെ വിയോഗ വാര്‍ത്ത ലോകം അറിഞ്ഞത്. നസീര്‍ മരിക്കുന്നതിന് മുമ്പ് തന്നെ താരം മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.ഇപ്പോൾ അങ്ങിനെ ഒരു വാർത്ത പ്രചരിക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് സംവിധായകനും നടനുമായ ലാല്‍ മനോരമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്.

ലാലിന്റെ വാക്കുകള്‍:

‘ഫാസില്‍ സാറിന്റെ ജോലികള്‍ക്കായി ഞങ്ങള്‍ മദ്രാസിലുള്ള സമയത്താണ് പ്രേംനസീര്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത കേട്ടത്. അദ്ദേഹത്തെ കാണാനായി വിജയ ഹോസ്പിറ്റലില്‍ പോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം വെന്റിലേറ്ററില്‍ ആണ്. സംവിധായകന്‍ ശശികുമാര്‍ ഒഴികെ മറ്റ് സിനിമക്കാര്‍ ആരും അവിടെയില്ല. മകന്‍ ഷാനവാസും അനിയന്‍ പ്രേംനവാസുമുണ്ട്. ഒപ്പം മാധ്യമ പ്രവര്‍ത്തകനായ കാനായ പി കെ ശ്രീനിവാസനുമുണ്ട്.

കുറച്ച് കഴിഞ്ഞപ്പോള്‍ പ്രേംനവാസ് വന്നു പറഞ്ഞു ‘പോയി കഴിഞ്ഞു’ എന്ന്. ഷാനവാസിനെ എല്ലാവരും നിര്‍ബന്ധിച്ച് വീട്ടിലേയ്ക്ക് വിട്ടു. എന്നിട്ട് വീട്ടിലെ കാര്യങ്ങളൊക്കെ ഒരുക്കാന്‍ പറഞ്ഞു. ശ്രീനിവാസന്‍ എല്ലാ പത്രങ്ങളിലും മരണ വാര്‍ത്ത വിളിച്ച് പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ ആയപ്പോള്‍ പാച്ചിക്ക കൊച്ചിന്‍ ഫനീഫയോട് ബോഡി പെട്ടന്ന് വിട്ടു തരാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാന്‍ പറഞ്ഞു. ഈ സമയത്ത് ഒരു ഡോക്ടര്‍ ഇറങ്ങി വന്നു.

അപ്പോള്‍ കൊച്ചിന്‍ ഹനീഫ ഡോക്ടറോട് ഇക്കാര്യം പറഞ്ഞു. ‘ഞങ്ങളുടെ വിശ്വാസം അനുസരിച്ച് മരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കുളിപ്പിച്ച് കിടത്തണം. ഒന്ന് കിട്ടിയാല്‍ ഉപകാരമായിരുന്നു’. അപ്പോള്‍ ഡോക്ടര്‍ ‘എന്ത് എന്ന്’ ചോദിച്ചു. ‘അല്ല ബോഡിയൊന്ന് വിട്ടു കിട്ടിയിരുന്നെങ്കില്‍’ എന്ന് ഫനീഫ പറഞ്ഞു. ‘ബോഡിയോ? അതിന് മരിച്ചുവെന്ന് ആരു പറഞ്ഞു’ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ആകെ പതറി പോയി. എന്നിട്ട് എന്നേയും ചൂണ്ടിക്കാണിച്ചിട്ട് ഇവനും ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ആ സമയം ഞങ്ങള്‍ അവിടെ നിന്ന് മുങ്ങി.

എന്നാല്‍ ആ സമയം അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു. പക്ഷെ ഏത് നിമിഷവും അത് സംഭവിക്കാം എന്ന നിലയില്‍ ആയിരുന്നു. ഡോക്ടര്‍ പ്രേംനവാസിനോട് ‘എങ്ങനെയാണ് നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നത്? ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഉണ്ടോ’ എന്ന് ചോദിച്ചിരുന്നു. അത് കേട്ട അദ്ദേഹത്തിന് മനസ്സിലായത് മരിച്ചു എന്നാണ്. ഷാനവാസ് അപ്പോള്‍ തന്നെ വീട്ടിലെ കാര്യങ്ങള്‍ ഒരുക്കാനായി പോയിരുന്നല്ലോ.

പിന്നീട് ഷാനവാസിനെ എങ്ങനെ തടയും എന്നായി. പെട്ടെന്ന് തന്നെ വീട്ടിലേയ്ക്ക് അറിയിക്കാന്‍ പറഞ്ഞപ്പോള്‍ പ്രേംനവാസ് പറഞ്ഞു അല്‍പം കൂടി നോക്കാമെന്ന്. ആ സമയം തന്നെ ഞങ്ങള്‍ ഐസിയുവില്‍ കയറി സുന്ദരനും സൗമ്യനുമായ മലയാളത്തിലെ നിത്യഹരിത നായകന്‍ കിടക്കുന്നത് കണ്ടു. ഞങ്ങള്‍ അന്ന് അവിടെ കണ്ടത് തടിച്ച് വയറൊക്കെ വീര്‍ത്ത നസീര്‍ സാറിനെ ആയിരുന്നു. കുറച്ച് നേരം അവിടെ നിന്നതിന് ശേഷം ഞങ്ങള്‍ പുറത്ത് ഇറങ്ങി.

ഈ സമയം ശ്രീനിവാസന്‍ വിളിച്ച് പറഞ്ഞ സ്ഥലത്തൊക്കെ വീണ്ടും തിരിച്ചു വിളിക്കുകയാണ്. മരണവാര്‍ത്ത തിരുത്തണമെന്ന് പറഞ്ഞു. എന്നാല്‍ ഒരു പത്രത്തില്‍ മാത്രം വിളിച്ചിട്ട് കിട്ടിയില്ല. എന്നാല്‍ ശ്രീനിവാസന്‍ വിളിച്ചിട്ട് തിരുത്താന്‍ പറ്റാത്ത ആ പത്രത്തില്‍ മാത്രം ശരിയായി വന്നു. ‘പ്രേംനസീര്‍ അന്തരിച്ചു’ എന്ന വാര്‍ത്ത മറ്റുള്ളതിലൊക്കെ ‘ഗുരുതരാവസ്ഥയില്‍’ എന്ന് മാത്രമായിരുന്നു കൊടുത്തിരുന്നത്.’

shortlink

Related Articles

Post Your Comments


Back to top button