InterviewsLatest NewsNEWS

കോവിഡ് കാരണം വീടുവിട്ട് പുറത്തിറങ്ങാൻ പറ്റുന്നില്ല, പരിഹാരമായി ഇന്‍സ്റ്റാ അക്കൗണ്ട് തുടങ്ങി നടി ഷീല

1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന താരമായിരുന്നു ഷീല. 1980 -ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തു നിന്ന്‌ വിടവാങ്ങിയ ഷീല 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ്‌ നടത്തി. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോൾ കോവിഡ് മഹാമാരി കാരണം രണ്ടര വര്‍ഷമായി കേരളത്തില്‍ നിന്നും അകന്ന് ചെന്നൈയില്‍ കഴിയുന്ന ഷീല തന്റെ ജന്മനാടുമായി ബന്ധം ഏറ്റു പോകാതിരിക്കാൻ ഇൻസ്റ്റാ അക്കൗണ്ട് തുടങ്ങിയ കാര്യവും ബ്രോ ഡാഡിയിൽ അഭിനയിക്കാനാകാത്തതിന്റെ വിഷമവും പങ്കുവയ്ക്കുകയാണ് വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിൽ.

ഷീലയുടെ വാക്കുകൾ :

‘കോവിഡ് കാരണം വീടുവിട്ട് ഒരിടത്തും പോകാറില്ല. ഇതോടെ നാടുമായുള്ള ബന്ധം മുറിഞ്ഞുപോയി. ഇതിനു പുറമെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയില്‍ അഭിനയിക്കാനുള്ള അവസരവും നഷ്ടമായി. ഇതിന്റെ ഷൂട്ടിംഗ് സമയത്ത് കോവിഡ് വ്യപനം രൂക്ഷമായിരുന്നതിനാല്‍ ഭയം കാരണം ആ ക്ഷണം നിരസിച്ചു. ഇപ്പോള്‍ അത് വലിയൊരു വിഷമമായി. നല്ലൊരു അവസരമായിരുന്നു അത്. പൃഥ്വിരാജിനെ പോലെ മിടുക്കനായ ഒരു സംവിധായകന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് നഷ്ടമായത്. സത്യത്തില്‍ കോവിഡ് വലിയൊരു നഷ്ടമാണ് എനിക്കു വരുത്തിയത്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരുമായുള്ള ബന്ധം മുറിഞ്ഞു പോയി. ശരീരം വേറെ, തല വേറെ എന്നു പറയുന്നതുപോല ആയി. അത് പരിഹരിക്കാന്‍ ഒരു മാധ്യമം എന്ന നിലയിലാണ് ഇന്‍സ്റ്റാ അക്കൗണ്ട് തുടങ്ങിയത്. കേരളത്തില്‍ എനിക്ക് വീടൊന്നുമില്ല. ചെന്നൈയിലാണ് താമസം. പണ്ടൊക്കെ ഷൂട്ടിംഗിനു വേണ്ടി കേരളത്തിലേക്ക് വരുമായിരുന്നു. അപ്പോഴൊക്കെ എന്നെ അറിയാവുന്നവരും എനിക്ക് അറിയാവുന്നവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. അവരില്‍ പലരും ഇപ്പോഴും ഫോണില്‍ ബന്ധപ്പെടാറുമുണ്ട്. അവരുടെ ആഗ്രഹം കൂടി മാനിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ തീരുമാനിച്ചത്. യു ട്യൂബില്‍ സജീവമാകാനായിരുന്നു കൂടുതല്‍ പേരും ആവശ്യപ്പെട്ടത്.

ഇക്കാര്യം മകന്‍ വിഷ്ണുവിനോട് പറഞ്ഞു. മകന്‍ സംവിധായകനും പേരക്കുട്ടികള്‍ ക്യാമറയും കൈകാര്യം ചെയ്യാമെന്ന് ഉറപ്പുനല്‍കി. അഭിനേതാവ് കൂടിയായ വിഷ്ണു നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മകന്റെയും പേരക്കുട്ടികളുടെയും പിന്തുണ കൂടി കിട്ടിയപ്പോള്‍ ധൈര്യമായി. നേരത്തെ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അതില്‍ സജീവമല്ല. ഇനി തന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയാനാകും. മാത്രമല്ല തന്നെ സ്‌നേഹിക്കുന്നവര്‍ എത്ര പേരുണ്ടെന്ന ഇതിലൂടെ അറിഞ്ഞിട്ടു വേണം യു ട്യൂബ് ഉള്‍പ്പെടെയുള്ള മറ്റു സോഷ്യല്‍ മീഡിയയില്‍ ചുവടുവയ്ക്കാൻ’- ഷീല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button