GeneralLatest NewsNEWS

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ : പുതിയ ചിത്രത്തിന് പേരിട്ട് ബിജിത്ത് ബാല

ഈ വാക്കുകൾ ഒരു ശരാശരി മലയാളിയുടെ നാവിൽ വളരെ കൗതുകത്തോടെ വർഷങ്ങളായി നിലനിന്നു പോരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടൻ കുതിരവട്ടം പപ്പു, വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ പറയുന്നതാണ് പടച്ചോനേ.. ഇങ്ങള് കാത്തോളി’ന്ന്.

ഈ വാക്കുകളാണ് പ്രശസ്ത ചിത്രസംയോജകനായ ബിജിത്ത് ബാല സംവിധാനം ചെയ്യന്ന പുതിയ ചിത്രത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ദൈനി ഹാൻ്റ്സിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പതിനൊന്ന് വെള്ളിയാഴ്ച്ച കോഴിക്കോട് ജില്ലയിലെ അത്തോളിക്കടുത്തുള്ള കൊളത്തൂർ, കൂമുള്ളി കൃഷ്ണവിലാസം എൽ പി സ്ക്കൂളിൽ ആരംഭിച്ചു.

ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, നാട്ടുകാർ തുടങ്ങി നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാക്കളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജോസുകുട്ടി മഠത്തിൽ എന്നിവർ ആദ്യ ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. തുടർന്ന് ഫറൂഖ് അസി കമ്മീഷണർ ഏ എൻ സിദ്ദിഖ്, സംവിധായകൻ ബിജിത്ത് ബാല പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ്, ഗ്രേസ് ആൻ്റണി, ശ്രുതി ലഷ്മി, ആൻ ശീതൾ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ, പ്രദീപ് കമാർ കാവുന്തറ, വിജിലേഷ് എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

തുടർന്ന് ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് നിർമ്മാതാക്കളായ ജോസുകുട്ടിയും രഞ്ജിത്തും, സംവിധായകൻ ബിജിത്ത് ബാലയും ചേർന്നാണ്. ഛായാഗ്രാഹകൻ വിഷ്ണു, പ്രസാദിൻ്റെ അച്ഛൻ പ്രസാദ് എം എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ പ്രജേഷ് സെൻഫസ്റ്റ് ക്ലാപ്പും നൽകി.

ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡിനർഹമായ വെള്ളം, സണ്ണി വെയ്ൻ നായകനായി അഭിനയിക്കുന്ന അപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്തും ജോസുകുട്ടിയും ചേർന്നു നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന മലബാറിലെ ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ആക്ഷേപഹാസ്യ സിനിമയാണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്.

ദിനേശൻ മാസ്റ്റർ എന്ന സ്കൂൾ അദ്ധ്യാപകനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ദിനേശൻ മാസ്റ്റർ എന്ന അദ്ധ്യാപകൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് രസകരമായി അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ദിനേശൻ മാസ്റ്ററെ അവതരിപ്പിക്കുന്നത്. ആൻ ശീതളാണ് നായിക. ഹരീഷ് കണാരൻ, ബേസിൽ ജോസഫ്, അലൻസിയർ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ, വിജിലേഷ്, ഗ്രേസ് ആൻ്റണി, പാഷാണം ഷാജി, രസ്ന പവിത്രൻ, സോഹൻ സീനുലാൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, സരസ ബാലുശ്ശേരി, ശ്രുതി ലഷ്മി, നിഷാ മാത്യു, എന്നിവരും പ്രധാന താരങ്ങളാണ്.

മികച്ച നാടകകൃത്തിനുള്ള, സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നിരവധി തവണ നേടിയ പ്രദീപ് കുമാർ കാവുന്തറയാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്‌. വിഷ്ണുപ്രസാദ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – സുഭാഷ് കരുൺ, മേക്കപ്പ് – രഞ്ജിത്ത് മണലിപ്പറമ്പിൽ, കോസ്റ്റ്യൂം, ഡിസൈൻ – സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിജു സുലൈഖാ ബഷീർ, അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് – കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻജോയ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ആൻ്റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജയിംസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പിയൻ കാവ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. കോഴിക്കോട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

വാഴൂർ ജോസ്
ഫോട്ടോ – ലിബിസൺ ഗോപി.

shortlink

Related Articles

Post Your Comments


Back to top button