Latest NewsNEWSSocial Media

ലൈംഗിക പീഡന കേസ്: സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ ഡബ്ല്യുസിസി രംഗത്ത്

പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ ഡബ്ല്യുസിസി രംഗത്ത്. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന്‍ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും മലയാള ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സംവിധായകനെ വിലക്കണമെന്നും ഡബ്ല്യുസിസി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ലിജു കൃഷ്ണ തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ സെറ്റില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് പടവെട്ട് . സണ്ണി വെയ്‌നാണ് നിര്‍മാതാവ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരള സര്‍ക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ ഇന്നലെ അറസ്റ്റു ചെയ്തു. WCC അതിജീവിച്ചവളുടെ കൂടെ നില്‍ക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തില്‍ സിനിമാ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

1) കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന്‍ ലിജു കൃഷ്ണയുടെ
എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.

2) കേസ് തീര്‍പ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സംവിധായകന്‍ ലിജു കൃഷ്ണയെ വിലക്കണം.

മലയാളം സിനിമാ നിര്‍മ്മാണങ്ങളില്‍ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇന്‍ഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറന്‍സ് നയവും ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button