ഫര്‍ഹാന്‍ ചെയ്തിരുന്ന റോളിന് അവനെ തന്നെയാണ് വേണ്ടിയിരുന്നതെന്ന് സിനിമ കണ്ടാല്‍ നമുക്ക് തോന്നും: മമ്മൂട്ടി

കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസിന്‍റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയ ചിത്രത്തിന്‍റെ പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയ ഗ്രോസ് 40 കോടി ആണെന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടി, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലെന, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍ തുടങ്ങി വിവിധ തലമുറയിലുള്ള ആളുകള്‍ അണിനിരന്ന ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രധാന്യവുമുണ്ട്. ചിത്രത്തില്‍ പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ ഫാസിലിന്റെ മകനും ഫഹദിന്റെ സഹോദരനുമായ ഫര്‍ഹാന്‍ ആയിരുന്നു. ഫാസിലും ഫഹദും തന്റെ അനുജത്തിയും ഉള്‍പ്പെടെ എല്ലാവരും മമ്മൂട്ടിക്കൊപ്പം നേരത്തെ അഭിനയിച്ചവരാണെന്നും തനിക്ക് ഇപ്പോള്‍ മാത്രമാണ് അതിന് അവസരം ലഭിച്ചതെന്നും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഒരു അഭിമുഖത്തിനിടെ ഫര്‍ഹാന്‍ പറഞ്ഞിരുന്നു. അതിനു മറുപടിയായി മമ്മൂട്ടി പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായത്.

മമ്മൂട്ടിയുടെ വാക്കുകൾ :

ഫര്‍ഹാന്‍ ഒരു കാഴ്ചബംഗ്ലാവില്‍ വന്ന അവസ്ഥയിലായിരുന്നു. കുറേപ്പേരെ ഇങ്ങനെ കാണുകയാണല്ലോ. ഹി ഈസ് സോ എക്‌സൈറ്റഡ്. ഹി ഈസ് എ സ്വീറ്റ് ബോയ്. അവനെക്കാണ്ട് അങ്ങനത്തെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഹി ജസ്റ്റ് ലേണിങ്. അങ്ങനെ ആണല്ലോ ആളുകള്‍ വരുന്നത്. ഫര്‍ഹാന്‍ ചെയ്തിരുന്ന റോളിന് അവന്‍ തന്നെയാണ് കറക്ട് എന്നും അവനെ തന്നെയാണ് വേണ്ടിയിരുന്നതെന്നും സിനിമ കണ്ടാല്‍ നമുക്ക് തോന്നും. അത്തരത്തിലുള്ള കാസ്റ്റിങ്ങാണ്.

Share
Leave a Comment