GeneralLatest NewsMollywoodNEWS

ഞാന്‍ ഖദര്‍ തന്നെയാണ് ഇട്ടിരിക്കുന്നത്, ‘നാണമില്ലേയെന്ന് ചോദിക്കാന്‍ പോലും നാണം’: വിമർശനവുമായി നിര്‍മാതാവ് ആന്റോ ജോസഫ്

ദേശീയതലത്തില്‍ ഒരുപാട് സമുന്നത നേതാക്കളെ സംഭാവനചെയ്ത കേരളത്തിന് ഈ പാര്‍ട്ടിയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായകപങ്കുണ്ട്.

കോട്ടയം : രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരിൽ കോണ്‍ഗ്രസിൽ തമ്മിലടി തുടങ്ങിയെന്നും എല്ലാം കാണുമ്പോൾ നാണമില്ലേ എന്നു ചോദിക്കാന്‍ പോലും നാണമാകുന്നുണ്ടെന്നും നിര്‍മാതാവ് ആന്റോ ജോസഫ്. നേതാക്കള്‍ നടത്തിയ കുതികാല്‍വെട്ടിന്റെയും കുതന്ത്രസര്‍ക്കസിന്റെയും കുതിരക്കച്ചവടത്തിന്റെയും ഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്നും നേതാക്കന്മാര്‍ക്കുവേണ്ടി നേതാക്കന്മാര്‍ നടത്തുന്ന നേതാക്കന്മാരുടെ സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസെന്നും പാർട്ടി അനുഭാവികൂടിയായ ആന്റോ ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ അതിവേഗം പ്രഖ്യാപിച്ച സിപിഐഎമ്മിനോടും സിപിഐയോടും അസൂയ തോന്നുന്നുണ്ടെന്നും ആന്റോ ജോസഫ് കൂട്ടിച്ചേർത്തു

read also: ഇതുവരെ ഇത് ഒരു സിനിമ മാത്രമാണ്, ഇപ്പോഴും ഞങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല: ‘ദി കശ്മീർ ഫയൽസി’നെക്കുറിച്ച് സന്ദീപ ധർ

ആന്റോ ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ:

സി.പി.എമ്മിനോടും സി.പി.ഐയോടും അസൂയ തോന്നുന്നു. അവര്‍ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എ.എ റഹിമിനും പി.സന്തോഷ് കുമാറിനും അവസരം കൊടുക്കുമ്ബോള്‍ ഇടതുപക്ഷം അഭിസംബോധന ചെയ്യുന്നത് പുതിയകാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയേയുമാണ്. അതിവേഗം തീരുമാനങ്ങളെടുക്കുമ്ബോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പും ജാഗ്രതയും അണികള്‍ക്ക് ബോധ്യമാകുന്നത്. സീറ്റിനെച്ചൊല്ലി മുന്നണിയില്‍ കലാപമുണ്ടാകാനുള്ള സാധ്യതകള്‍ നിലവിലിരിക്കെയായിരുന്നു അതിനൊന്നും ഇടകൊടുക്കാതെ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ഇത്രയും വായിച്ചുകഴിയുമ്ബോള്‍ എന്റെ പക്ഷം ഏതെന്ന് സംശയിക്കുന്നവരോട്: ഇതെഴുതുമ്ബോഴും ഞാന്‍ ഖദര്‍ തന്നെയാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വല്ലാതെ വേദന തോന്നുന്നുമുണ്ട്. ഒറ്റ സീറ്റിനുവേണ്ടി കോണ്‍ഗ്രസില്‍ പതിവു തമ്മിലടി തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുവരുമ്ബോള്‍ കൊച്ചിക്കായലിലെ ഒരു മീന്‍ വീണ്ടുംവീണ്ടും ചര്‍ച്ചാ വിഷയമാകുന്നു എന്നതിലുണ്ട് കോണ്‍ഗ്രസിന്റെ ദുര്‍ഗതി. അതിനൊപ്പം വലയിലാകാനുള്ള അത്രയും ചെറുമീനാണോ പാര്‍ട്ടിനേതൃത്വം എന്നാലോചിക്കുമ്ബോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ലജ്ഞ തോന്നും. ഹൈക്കമാന്‍ഡിനുള്ള കത്തയയ്ക്കലും ഡല്‍ഹിയിലേക്കുള്ള വിമാനം പിടിക്കലും മുകളില്‍ നിന്നാരോ നൂലില്‍കെട്ടിയിറങ്ങാന്‍ പോകുന്നുവെന്ന അടക്കംപറച്ചിലും പോലെയുള്ള സ്ഥിരം കലാപരിപാടികള്‍ക്ക് കര്‍ട്ടനുയര്‍ന്നു കഴിഞ്ഞു.

പ്രിയ നേതാക്കന്മാരെ…ഇതെല്ലാം കാണുമ്ബോള്‍, ‘നാണമില്ലേ’ എന്നു ചോദിക്കാന്‍പോലും നാണമാകുന്നുണ്ട്….ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ എത്രകാലമായി ഇതു കാണുന്നു. ഇനിയെങ്കിലും അവസാനിപ്പിക്കണം ഈ അസംബന്ധനാടകങ്ങള്‍. ഇല്ലെങ്കില്‍ ഈ പാര്‍ട്ടിയെ കടലെടുക്കും. ഇത്രയും കാലം നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നടത്തിയ കുതികാല്‍വെട്ടിന്റെയും കുതന്ത്രസര്‍ക്കസിന്റെയും കുതിരക്കച്ചവടത്തിന്റെയും ഫലമാണ് ഇപ്പോള്‍ ദേശീയലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി അനുഭവിക്കുന്നത്. നേതാക്കന്മാര്‍ക്കുവേണ്ടി നേതാക്കന്മാര്‍ നടത്തുന്ന നേതാക്കന്മാരുടെ സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് ഇപ്പോഴത്.

ജനത്തിന് അഥവാ അണികള്‍ക്ക് അവിടെ ഒരു സ്ഥാനവുമില്ല. പക്ഷേ നിങ്ങള്‍ ഒന്നോര്‍ക്കണം. കൈപ്പത്തിയെന്നത് വോട്ടുകുത്താനുള്ള വെറുമൊരു ചിഹ്നം മാത്രമല്ല എന്ന് വിശ്വസിക്കുന്ന അനേകകോടികള്‍ ഇന്നും ഈ രാജ്യത്തുണ്ട്. അവര്‍ക്ക് അത് നെഞ്ചില്‍തൊടാനുള്ള ഒരു അവയവം തന്നെയാണ്. മൂവര്‍ണ്ണക്കൊടിയില്‍ നിറയുന്നത് അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്. ഈ പാര്‍ട്ടിയെച്ചൊല്ലി എല്ലാക്കാലവും അവര്‍ക്ക് ഒരുപാട് ഓര്‍മിക്കാനും പറയാനും അഭിമാനിക്കാനുമുണ്ട്. രണ്‍ജിപണിക്കരുടെ ഒരു കഥാപാത്രം പറയുന്നതുപോലെ ‘ഖദറിന് കഞ്ഞിപിഴിയാന്‍ പാങ്ങില്ലാത്ത’ഒരുപാട് പാവങ്ങളുടേതുമാണ് ഈ പാര്‍ട്ടി. അവരുടെ മുഖത്തേക്കുള്ള കാറിത്തുപ്പല്‍ നിങ്ങള്‍ അവസാനിപ്പിക്കണം. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയണം.

കോണ്‍ഗ്രസ് എന്നും ഇങ്ങനെയൊക്ക തന്നെയായിരുന്നു എന്നുളള പതിവ് ന്യായം വേണ്ട. ഇങ്ങനെയായതിന്റെ ഭവിഷ്യത്താണ് ഏറ്റവുമൊടുവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കണ്ടത്. ശവപ്പെട്ടിയിലേക്കുള്ള അഞ്ച് ആണികള്‍ ആണ് അവിടെ തറയ്ക്കപ്പെട്ടത്. അത് മറക്കരുത്. മതനിരപേക്ഷതയുടെ മറുപേരാണ് എന്നും കോണ്‍ഗ്രസ്. അതിന് മാത്രമേ ഇന്ത്യയുടെ വൈവിധ്യം കാത്തുസൂക്ഷിക്കാനാകൂ. കോണ്‍ഗ്രസ് ഇല്ലാതാകുമ്ബോള്‍ ഇന്ത്യയുടെ മതേതരസ്വഭാവം കൂടിയാണ് ഇല്ലാതാകുന്നത്.

ദേശീയതലത്തില്‍ ഒരുപാട് സമുന്നത നേതാക്കളെ സംഭാവനചെയ്ത കേരളത്തിന് ഈ പാര്‍ട്ടിയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായകപങ്കുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ നേതൃനിരയിലുള്ളവരെല്ലാം സ്വന്തം പക്ഷം സൃഷ്ടിക്കാനും വലുതാക്കാനും അതില്‍നിന്ന് ലാഭം കൊയ്യാനുമുള്ള ചേരിപ്പോരില്‍ നിന്ന് ദയവുചെയ്ത് പിന്മാറണം. കോണ്‍ഗ്രസ് ഇനിയും ജീവിക്കട്ടെ. കാരണം അത് അനേകരുടെ അവസാന പ്രതീക്ഷയാണ്.

shortlink

Related Articles

Post Your Comments


Back to top button