CinemaGeneralIndian CinemaLatest NewsMollywood

സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല: വൈറലായി നിർമ്മാതാവിന്റെ കുറിപ്പ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് സുരേഷ് ​ഗോപി. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയ സുരേഷ് ​ഗോപി, വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോളിതാ, സുരേഷ് ഗോപിയെ കുറിച്ച് നിർമ്മാതാവ് ജോളി ജോസഫ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അടുത്തിടെ സുരേഷ് ഗോപിയെ നേരിട്ട് കാണാനും കുറച്ച് സമയം ഒപ്പം ചിലവഴിക്കാനും കഴിഞ്ഞതിന്റെ അനുഭവമാണ് ജോളി പങ്കുവെയ്ക്കുന്നത്.

സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നാണ് ജോളി ജോസഫ് പറയുന്നത്. യാതൊരു ഭയമില്ലാതെ ആരെയും കൂസാതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോളി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സുരേഷ് ഗോപി എന്ന അഭിനേതാവിനെ പല വേദികളിലും വെച്ച് നേരിൽ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും അടുത്തിടപഴകാനുള്ള അവസരം കിട്ടിയിട്ടില്ല, ഞാൻ ശ്രമിച്ചിട്ടുമില്ല എന്നതാണ് വാസ്തവം ! സൂപ്പർ സ്റ്റാർഡത്തിന്റെ കാര്യത്തിൽ മമ്മുക്കയുടെയും ലാലേട്ടന്റെയും, അവർക്ക് ഒപ്പം നിൽക്കുന്ന ഒരു നടനെന്ന രീതിയിൽ പോലും എന്തുകൊണ്ടോ ഞാൻ അദ്ദേഹത്തിന്റെ ആരാധകനുമല്ലായിരുന്നു …! ആനക്കാട്ടിൽ ചാക്കോച്ചി, ബെത്‌ലഹേം ഡെന്നിസ്, ഭരത് ചന്ദ്രൻ IPS, മിന്നൽ പ്രതാപൻ, മികച്ച നടനുള്ള നാഷണൽ അവാർഡ്‌ നേടിയ കളിയാട്ടത്തിലെ കണ്ണൻ പെരുമലയാൻ, ഗുരുവിലെ ക്രൂരനായ രാജാവ്, അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാർ , വടക്കൻ പാട്ട് കഥയിലെ വീര നായകൻ ആരോമൽ ചേകവർ അങ്ങിനെയങ്ങിനെ 250 ഓളം സിനിമകളിലെ വ്യത്യസ്തയുള്ള വേഷങ്ങൾ വിസ്‌മരിക്കുന്നുമില്ല !

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേക്കിറങ്ങുമ്പോൾ കൈലാഷിന്റെ വിളിവന്നു, സ്റ്റീഫൻ ദേവസ്സിയുമായി മാരിയറ്റ് ഹോട്ടലിലുണ്ട് ഉടനെ എത്തണം. ലുലുവിന്റെ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ വന്ന അവരുടെ കൂടെ ലുലുവിന്റെ എല്ലാമായ സ്വരാജിനെയും നടന്മാരായ നരേൻ, അർജുൻ അശോകൻ, ഷൈൻ നിഗം, പിഷാരടി, ടിനി ടോം , ഉണ്ണി മുകുന്ദൻ എന്നിവരെയും കണ്ടു വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ സാക്ഷാൽ സുരേഷ് ഗോപി അവിടെത്തി. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പുമായി വന്ന അദ്ദേഹം ഒരൽപം ക്ഷീണിതനായി കണ്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ഞങ്ങളെല്ലാവരും വൈകുന്നേരം ഗംഭീരമാക്കി, പൊക്കമുള്ളവരുടെ കൂടെ പൊക്കമില്ലാത്തെന്റെ പടവും പിടിച്ചു.

അതിനിടയിൽ അദ്ദേഹം എന്നെ ഞായറാഴ്ച ഉച്ചക്ക് ഊണിനു ക്ഷണിച്ചു…കുത്തരിചോറും പുളിശ്ശേരിയും ചമ്മന്തിയും അച്ചാറും തൈരും ആസ്വദിച്ച് കഴിച്ചിരുന്ന അദ്ദേഹത്തിനെ കാണാൻ എന്തൊരു ചേലായിരുന്നെന്നോ !ഞാറാഴ്ച്ച ഊണ് സമയം മുതൽ രാത്രി വരെ ഞാനും കൈലാഷും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഗുരുവായും അച്ഛനായും അമ്മാവനായും ചേട്ടനായും സഹോദരനായും സ്നേഹിതനായും രാഷ്ട്രീയക്കാരനായും സഹപ്രവർത്തകനായും നടനായും അതിലുപരി പച്ച മനുഷ്യനായും നേരിലും ഫോണിൽ കൂടിയും അദ്ദേഹം നടത്തിയ വേഷപ്പകർച്ചകൾ നേരിട്ട് കണ്ടനുഭവിച്ചു ! സ്വന്തം രാഷ്ട്രീയത്തിലുള്ളവരെ പോലും ‘പച്ചക്ക് പറഞ്ഞും ‘ സിനിമകളിലുള്ളവരുടെ പുറംപൂച്ചും പകയും പരിഭവങ്ങളും ‘പറയാതെ പറഞ്ഞും ‘ അദ്ദേഹമെന്നെ ആശ്ചര്യപ്പെടുത്തി .. യാതൊരു ഭയമില്ലാതെ ആരെയും കൂസാതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന എന്തൊരു മനുഷ്യനാണ് ഇദ്ദേഹം.. ?

കാപട്യം നിറഞ്ഞ ഈ ലോകത്തിൽ, വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു . ! ഞാനിറങ്ങുമ്പോൾ എന്റെ കയ്യിൽ ഒരു രൂപ ‘ കൈനീട്ടം ‘ തന്നിട്ടനുഗ്രഹിച്ചപ്പോൾ ചെറുപ്പത്തിൽ റേഷനരി വാങ്ങിക്കാൻ ഒരു രൂപ തേടി ഞാൻ അലഞ്ഞതും അതിനുവേണ്ടി കഷ്ടപെട്ടതും ഓർമവന്നു കണ്ണുനിറഞ്ഞു …! സുരേഷേട്ടാ , സത്യമായും നിങ്ങളിലെ പച്ച മനുഷ്യനെ ഞാൻ ആരാധിക്കാൻ തുടങ്ങിയെന്ന് പറയാൻ പെരുത്തഭിമാനം ..!

 

shortlink

Related Articles

Post Your Comments


Back to top button