GeneralIndian CinemaLatest NewsNEWS

‘അസംഘടിതർ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ ഫെമിനിസ്റ്റ് സിനിമ’: കുഞ്ഞിലയ്‌ക്കൊപ്പമെന്ന് ലീന മണിമേഖല

കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞില മാസിലാമണിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിക്കെതിരെ കാളി പോസ്റ്റർ വിവാദത്തിലെ സംവിധായിക ലീന മണിമേഖല. കുഞ്ഞിലയ്‌ക്കൊപ്പമാണ് താനെന്ന് ലീന ഫേസ്‌ബുക്കിൽ കുറിച്ചു. കുഞ്ഞിലയുടെ അസംഘടിതർ എന്ന സിനിമ മലയാളത്തിൽ നിർമ്മിച്ച ആദ്യത്തെ യഥാർത്ഥ ഫെമിനിസ്റ്റ് സിനിമയാണെന്നും ലീന പറയുന്നു.

‘കുഞ്ഞിലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ അസംഘടിതർ കാണിക്കുന്നില്ലെങ്കിൽ അവർക്ക് അത് അടച്ചുപൂട്ടാം. അതേ ഫെസ്റ്റിവലിൽ നിന്നുള്ള മാടത്തി – ആൻ ഫെയറി ടെയിൽ എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗ് ക്ഷണം സ്വീകരിക്കാത്തതിൽ എനിക്ക് സന്തോഷമുണ്ട്. കേരള ചലച്ചിത്ര അക്കാദമി (IFFK, IDSFFK, IWFK) സംഘടിപ്പിക്കുന്ന ഫെസ്റ്റിവലുകളിൽ എന്റെ സിനിമകൾ കാണിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചത് അതിന്റെ വ്യവസ്ഥാപരമായ സ്വജനപക്ഷപാതവും പ്രാദേശിക ചലച്ചിത്ര പ്രവർത്തകരോടുള്ള അവഗണനയുമാണ്’, ലീന ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിനാണ് കുഞ്ഞിലയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അസംഘടിതര്‍ എന്ന തൻ്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ചും കെ.കെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഒടുവിൽ നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയിൽ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button