GeneralLatest NewsMollywoodNEWS

അദ്ദേഹം ചീത്ത പറഞ്ഞ് ഇല്ലാതാക്കി, ഞാൻ സെറ്റിൽനിന്നു വരെ ഇറങ്ങി ഓടിയിട്ടുണ്ട്: സുരേഷ് ഗോപി

ജോഷിയേട്ടൻ എന്റെ മകനോട് സെറ്റിൽ പെരുമാറുന്നതു കണ്ടിട്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയ നടനാണ് സുരേഷ് ഗോപി. ഹിറ്റ് മേക്കർ ജോഷിയ്ക്ക് ഒപ്പം ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. തന്റെ വളർച്ചാ വഴികളിൽ ഗുരു തുല്യനായി നിന്ന ജോഷിയെക്കുറിച്ച് താരം പങ്കുവച്ച വാക്കുകൾ വൈറൽ.  മകൻ ഗോകുലിനോട് അദ്ദേഹം സെറ്റിൽ കൂടുതൽ കരുണ കാട്ടിയിട്ടുണ്ടെന്നും സിനിമയിൽ എത്തിയപ്പോൾ, എന്റെ ഗാർഡിയൻ എന്നു പറയുന്ന സ്ഥാനം അലങ്കരിക്കാൻ സർവഥാ യോഗ്യൻ ജോഷിയേട്ടനാണെന്നും സുരേഷ് ഗോപി പറയുന്നു.

READ ALSO:കഠിനമായ ഒരു വര്‍ഷമാണ് എന്നെ സംബന്ധിച്ച് കഴിഞ്ഞുപോയത്: പ്രതികരണവുമായി നിത്യ മേനോന്‍

സുരേഷ് ഗോപിയുടെ വാക്കുകൾ:

സിനിമയിലെയും ജീവിതത്തിലെയും വളർച്ചയെക്കുറിച്ചു പറയുമ്പോൾ പ്രഥമസ്ഥാനത്ത് പ്രതിപാദിക്കപ്പെടേണ്ട നാമമാണ് ജോഷി. ജോഷിയേട്ടൻ കൊല്ലത്ത് എസ്എൻ കോളജിൽ പഠിക്കുന്ന സമയത്ത്, ജോഷിയേട്ടന്റെ ചേട്ടന്റെ സുഹൃത്താണ് എന്റെ അച്ഛൻ. ജോഷിയേട്ടന്റെ ലോക്കൽ ഗാർഡിയൻ എന്റെ അച്ഛനായിരുന്നു. ജോഷിയേട്ടന്റെ ചേട്ടൻ പല കാര്യങ്ങളും വിളിച്ചു ചോദിക്കുമ്പോൾ ഒരു ചാരനെ പോലെ പിന്നാെല നടന്നിരുന്ന ആളായിരുന്നു എന്റെ അച്ഛൻ. അന്നു തുടങ്ങിയ ബന്ധമാണ്. സിനിമയിൽ എത്തിയപ്പോൾ, എന്റെ ഗാർഡിയൻ എന്നു പറയുന്ന സ്ഥാനം അലങ്കരിക്കാൻ സർവഥാ യോഗ്യൻ ജോഷിയേട്ടനാണ്. രാജാവിന്റെ മകനിൽ ക്ലൈമാക്സിനു തൊട്ടു മുമ്പുള്ള എന്റെ സീൻസ് എല്ലാം ഷൂട്ട് ചെയ്ത് ജോഷിയേട്ടനാണ്. അന്ന് ജയനൻ വിൻസന്റും ഒപ്പമുണ്ടായിരുന്നു.

1992ൽ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ധ്രുവം എന്ന ചിത്രത്തിൽ ജോസ് നരിമാൻ എന്ന കഥാപാത്രത്തെ എന്നെക്കൊണ്ട് അവതരിപ്പിച്ചത് ജോഷിയാണ്. ആ അവതരണം കണ്ടിട്ടാണ് ഏകലവ്യൻ എന്ന സിനിമ ഷാജി കൈലാസും രൺജി പണിക്കരും എന്നെ വച്ചു ചെയ്യാൻ തീരുമാനിക്കുന്നത്. എന്റെ കരിയറിലെ പല ഘട്ടങ്ങളിലും ശക്തമായി നിലയുറപ്പിക്കാൻ ഒരു തലതൊട്ടപ്പനായി എന്റെ തൊട്ടു മുകളിൽ അനുഗ്രഹം ഓതിക്കൊണ്ട് അദ്ദേഹം നിന്നിട്ടുണ്ട്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം റിലീസ് ആയ ‘വരനെ ആവശ്യമുണ്ട്’, ‘കാവൽ’, അതിനു ശേഷം വരുന്ന ‘പാപ്പൻ’… ഒരു പുതിയ നടനെ അവതരിപ്പിക്കുന്ന അത്രയും ഉത്തരവാദിത്തത്തോടെ ജോഷിയേട്ടൻ എന്നെ അവതരിപ്പിക്കുകയാണ് എന്നാണ് ഞാനീ വേദിയിൽനിന്ന് അവകാശപ്പെടുന്നത്. ഈ സിനിമയുടെ കഥ കേൾക്കുമ്പോൾ എന്റെ കാതിലേക്ക് മുഴങ്ങിയ ഒരുപാട് ഉപദേശങ്ങളുണ്ടായിരുന്നു. ആ ഉപദേശങ്ങൾ മുഴുവൻ അന്ന് ഹൃദയത്തിൽ പതിപ്പിച്ചതിന്റെ ഒരു പ്രതിഫലനം പാപ്പൻ എന്ന സിനിമയിൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഈ സിനിമയുടെ വിജയത്തിനു ശേഷം നിങ്ങൾക്കു മുമ്പിൽ വീണ്ടും ഞാൻ വരും. അന്ന് അദ്ദേഹം എന്നോട് എന്താണ് പറഞ്ഞത്, അത് ഏതു തരത്തിലാണ് ഒരു നടനെന്ന നിലയിൽ എന്നെ സ്വാധീനിച്ചത്, ഞാനീ സമർപ്പണം ആർക്കാണ് നടത്തുന്നത് എന്നതൊക്കെ ആ നിമിഷത്തിൽ പറയാം. അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. അങ്ങനെയൊരു അനുഗൃഹീത മുഹൂർത്തമുണ്ടാകട്ടെ!

ജോഷിയേട്ടൻ എന്റെ മകനോട് സെറ്റിൽ പെരുമാറുന്നതു കണ്ടിട്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്. ഞാനൊക്കെ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ ചീത്ത പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽനിന്നു വരെ ഇറങ്ങി ഓടിയിട്ടുണ്ട്. ഡൽഹിയിൽ വച്ചായിരുന്നു അത്. ഡയലോഗ് മുറിഞ്ഞു പോകുന്നതിനും കൂടുതൽ ടേക്ക് ആകുന്നതിനുമൊക്കെയായിരുന്നു ചീത്ത കേട്ടിരുന്നത്. പക്ഷേ, ആ ശാഠ്യക്കാരനെ ഞാൻ ഗോകുലിന് മുമ്പിൽ കണ്ടില്ല. ഈ സിനിമയിൽ പലരുടെയും മുമ്പിൽ കണ്ടില്ല.

shortlink

Related Articles

Post Your Comments


Back to top button