പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. റിലീസിന് പിന്നാലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചുമുള്ള സംഭാഷണവുമായി ബന്ധപ്പെട്ട് ചിത്രം വിവാദങ്ങളിൽ നിറഞ്ഞിരുന്നു. അതിന് പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും അടക്കമുള്ളവർ സംഭവത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിവാദമായ സംഭാഷണം ചിത്രത്തിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
അടുത്തിടെയാണ് ചിത്രം ഒടിടിയിൽ റിലീസായത്. ഇതിന് പിന്നാലെയും ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോളിതാ, സിനിമയിലെ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. സി ജെ ജോൺ. സിനിമയിൽ നായകനെ കൊല്ലാനായി മാനസിക വെല്ലുവിളിയുള്ള ആളെയാണ് വില്ലൻ തെരഞ്ഞെടുക്കുന്നത്. വില്ലൻ ആവശ്യപ്പെടുമ്പോൾ മാനസിക വെല്ലുവിളി നേരിടുന്ന ആളെ ഡോക്ടർ വില്ലനൊപ്പം അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവം എവിടെയാണ് നടക്കുക എന്നാണ് ഡോ. സി ജെ ജോൺ ചോദിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി വിജയ് സേതുപതി
ഡോ. സി ജെ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കടുവയെന്ന സിനിമയിൽ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വേറെയും പരാമർശമുണ്ട്. ഇതിലെ വില്ലൻ പോലീസ് മേധാവി, നായകനെ കൊല്ലാൻ വേണ്ടി കൊട്ടേഷനായി സമീപിക്കുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയിൽ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നു. ബൈപോളാർ രോഗവും ക്രിമിനൽ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടർ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ് വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികൾ ഉള്ളവരെ ഇങ്ങനെ മോശം രീതിയിൽ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാൻ? പ്രത്യേകിച്ചു ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേർക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന് ഇങ്ങനെ ഒരു കടുവ? ഒരു കഷ്ണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യുട്ട് ചെയ്തു.
Post Your Comments